
ദിലീപ് നായകനായി ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ന് ആലപ്പുഴയിൽ ചിത്രീകരണം ആരംഭിക്കും. ജഗൻ ഷാജി കൈലാസിന്റെ സംവിധാനത്തിൽ റിലീസിന് ഒരുങ്ങുന്ന നീക്കത്തിനുശേഷം ദിലീപ് വീണ്ടും ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുണ്ട്. ജോണി ആന്റണി , സുധി കോപ്പ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ദ ഇൻവെസ്റ്റിഗേഷൻ ബിഗ്ഗിൻസ് എന്നാണ് ടാഗ്‌ലൈൻ. ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. എം- സ്റ്റാർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ആണ് നിർമ്മാണം.
വരനെ ആവശ്യമുണ്ട്, സാജൻ ബേക്കറി സിൻസ് 1962, ലവ് ആക്ഷൻ ഡ്രാമ, തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിയാണ് എം. സ്റ്റാർ എന്റർടെയ്ൻമെന്റ്സ്. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് വേഫെറർ ഫിലിംസിനൊപ്പം എം- സ്റ്റാർ എന്റർടെയ്ൻമെന്റ്സിന്റെനിർമ്മാണ പങ്കാളിത്തത്തിലായിരുന്നു. സിജു വിത്സൺ നായകനായ ടൈം ലൂപ്പ് ചിത്രം പുഷ്പകവിമാനത്തിനുശേഷം ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നായിക പ്രാധാന്യമില്ലാത്ത ചിത്രം എന്നാണ് സൂചന.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് വിതരണം. അതേസമയം നീക്കത്തിന്റെ റീലീസ് ഉടൻ ഉണ്ടാകും എന്നറിയുന്നു. നവാഗതനായ വിബിൻ ബാലചന്ദ്രൻ രചന നിർവഹിക്കുന്നു. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങിയവരാണ് നീക്കത്തിലെ മറ്റ് താരങ്ങൾ. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് സൂരജ് ഇ എസ്, ഉർവ്വശി തിയറ്റേഴ്സ്, ബോളിവുഡിലെ പെൻ സ്റ്റുഡിയോസിന് വേണ്ടി ഡോ.ജയന്തിലാൽ ഗാഡ, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറിൽ സന്ദീപ് സേനൻ, അലക്സ് ഇ. കുര്യൻ, ധവാൽ ഗാഡ എന്നിവർ ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |