SignIn
Kerala Kaumudi Online
Tuesday, 25 August 2026 11.55 PM IST

'മമിത സൗന്ദര്യത്തിന്റെ അവസാന വാക്കല്ല, ആരംഭത്തിൽ  തന്നെ  അങ്ങനെ  ഒരു  മഹാഭാഗ്യം  ലഭിച്ച  നടിയാണ്'

READ ENGLISH VERSION

mamitha-baiju
മമിത ബൈജു

പ്രേമലു എന്ന ഒരൊറ്റ സിനിമ കൊണ്ട് തലവര മാറിയ നടിയാണ് മമിത ബൈജുവെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. തമിഴ് സിനിമയിൽ മലയാളത്തിലെ യുവനടിമാരിൽ ആർക്കും കിട്ടാത്ത സ്വീകാര്യതയാണ് മമിത ബൈജുവിന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൂപ്പ‌ർതാരങ്ങളായ വിജയ്, സൂര്യ, ധനുഷ് എന്നിവരോടൊപ്പം അഭിനയിക്കുക എന്നത് ഒരു നടിയെ സംബന്ധിച്ചിടത്തോളം വലിയൊരു ഭാഗ്യമാണെന്നും അത് മമിതയ്ക്ക് സാധിച്ചുവെന്നത് വലിയ നേട്ടമാണെന്നും അയാളുടെ യൂട്യൂബ് ചാനലിൽ ആലപ്പി അഷ്റഫ് പറഞ്ഞു.

ആലപ്പി ആഷ്റഫ് പറ‌‌ഞ്ഞത്:

'മലയാളത്തിലെ പല നടിമാരെയും തമിഴ് സിനിമ രണ്ടുകൈയും നീട്ടി സ്വീകരിച്ച് നായികമാരാക്കാറുണ്ട്. അത് ലളിത പത്മിനി രാഗിണിമാരുടെ കാലം മുതൽ തുടങ്ങിയതാണ്. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ തമിഴ് സിനിമകളിൽ തിളങ്ങി നിന്നിട്ടുള്ളത് അംബികയും രാധയും ഉർവശിയും ആയിരുന്നു. അതിനുശേഷം കടന്നുവന്ന രേവതിയും ശോഭനയുമൊക്കെ തമിഴ് സിനിമകളിൽ അവരുടേതായ ഒരിടമുറപ്പിച്ചിരുന്നു. മലയാളത്തിൽ അത്ര വലിയ സൂപ്പർ താരമാെന്നുമായിരുന്നില്ല നയൻതാര. എന്നാൽ തമിഴ് സിനിമാലോകം ഏറ്റെടുത്തതോടുകൂടി തമിഴിലെ സൂപ്പർസ്റ്റാറായി അവരങ്ങ് മാറി. സിനിമയിൽ ആദ്യമായി ലേഡിസൂപ്പർസ്റ്റാർ എന്ന ടാഗ് ലൈൻ സ്വന്തമാക്കിയ നടിയാണ് നയൻതാര.

മലയാളത്തിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നവ‌ർ പോലും തമിഴിൽ നായികമാരായി അഭിനയിച്ച് വലിയ പേരും പ്രശസ്തിയുമൊക്കെ നേടിയിട്ടുണ്ട്. ഇനി പുതുതലമുറയിലെ കാര്യമെടുത്താൽ ഐശ്വര്യ ലക്ഷ്മി, അനുപമ പരമേശ്വരൻ ,ലിജോ മോൾ, രജീഷ വിജയൻ, നസ്രിയ, നിത്യ മേനോൻ ,പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ തുടങ്ങിയവരൊക്കെ തമിഴ് ഫീൽഡിലേക്ക് കടന്നുവന്ന് പേരും പ്രശസ്തിയും ഒക്കെ നേടിയെങ്കിലും അവർക്കൊന്നും ലഭിക്കാത്തത്ര ജനപ്രീതിയും സ്വീകാര്യതയുമാണ് ഇന്ന് മമിത ബൈജുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴിലെ സൂപ്പ‌ർതാരങ്ങളായ വിജയ്, സൂര്യ, ധനുഷ് എന്നിവർക്കൊപ്പം അഭിനയിക്കുക എന്നത് ഒരു നടിയെ സംബന്ധിച്ചിടത്തോളം വലിയൊരു ഭാഗ്യമാണ്. അത് പല നടിമാരുടെയും സ്വപ്നമാണ്. ആരംഭത്തിൽ തന്നെ അങ്ങനെ ഒരു മഹാഭാഗ്യം ലഭിച്ച നടിയാണ് മലയാളിയായ മമിത.

ഇങ്ങനെ ഒരു മഹാഭാഗ്യം ആരംഭകാലത്തിൽ ലഭിച്ച മറ്റൊരു നടിയാണ് നമ്മുടെ കീർത്തി സുരേഷ്. തമിഴിലെയും തെലുങ്കിലെയും സൂപ്പർ നായകന്മാരോട് അഭിനയിച്ച് ചെറിയ പ്രായത്തിൽ തന്നെ നാഷണൽ അവാർഡും കരസ്ഥമാക്കിയ നടിയാണ് കീർത്തി സുരേഷ്. കീർത്തിയുടെ തമിഴ് സിനിമയിലേക്കുള്ള കടന്നുവരവ് ഒരു ഒന്നൊന്നര വരവായിരുന്നു. എന്നാൽ വിവാഹത്തിനു ശേഷം കീർത്തിയുടെ കീർത്തിക്ക് അല്പം ഇടിവ് സംഭവിച്ചു. കീർത്തിക്ക് ശേഷം ഇപ്പോൾ എങ്ങും മുഴങ്ങി കേൾക്കുന്ന പേരാണ് മമിത ബൈജുവിന്റേത്. സോഷ്യൽ മീഡിയയിലും ചാനലുകളിലും എല്ലാം മമിത ബൈജു നിറഞ്ഞുനിൽക്കുകയാണ്.

ചില സിനിമാക്കാർ തമാശ രൂപേണ പറയാറുണ്ട് തമിഴ്നാട്ടിൽ നിന്നും പച്ചക്കറിയും പൂവും ഒക്കെ അവർ നമുക്ക് സുലഭമായി തരുന്നതിനു പകരമാണ് നമ്മൾ നല്ല നടിമാരെ അവരുടെ സിനിമകളിലേക്ക് സംഭാവന ചെയ്യുന്നതെന്ന്. നടിമാരെ സംബന്ധിച്ച് സിനിമയിൽ ഉയരങ്ങൾ കീഴടക്കണമെങ്കിൽ കഴിവും സൗന്ദര്യവും മാത്രം പോരാ തലവരയും നന്നായിരിക്കണം. മമിതയെ സംബന്ധിച്ച് സൗന്ദര്യത്തിന്റെ അവസാന വാക്ക് എന്നൊന്നും പറയാവുന്ന ആളല്ല. കാണാൻ മോശമല്ല എന്ന് മാത്രം. മമിതയുടെ തമിഴ് അഭിമുഖങ്ങളുടെ അടിയിൽ വരുന്ന കമന്റുകളിൽ പലരും പറയാറുണ്ട് നിങ്ങളുടെ ഈ രൂപം ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ് വെറുതെ അതിനെ പ്ലാസ്റ്റിക് സർജറി നടത്തി നശിപ്പിക്കല്ലേ എന്നൊരു അഭ്യർത്ഥന ഉണ്ടെന്ന്.

തമിഴ് സിനിമയിലെ നായികമാരിൽ പലരും സിനിമയിൽ അഭിനയിച്ച് ക്ലച്ച് പിടിച്ചുവരുമ്പോൾ പ്ലാസ്റ്റിക് സർജറി നടത്തി സൗന്ദര്യം വർദ്ധിപ്പിക്കാൻ ശ്രമിക്കാറുണ്ട്. നടി ശ്രീദേവി ഉൾപ്പെടെ പലരും അത് ചെയ്തിട്ടുമുണ്ട്. മലയാളത്തിലും ചില പ്രമുഖ നടിമാർ ഇത്തരം സാഹസത്തിലൂടെ രൂപമാറ്റം വരുത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഇവിടെ മമിതയെ സംബന്ധിച്ച് അവരുടെ ഇപ്പോഴുള്ള സൗന്ദര്യം കണ്ടുതന്നെയാണ് അവരെ സൂപ്പർ നായകന്മാരോടൊപ്പം അഭിനയിക്കാൻ അവസരമൊരുക്കി കൊടുത്തത്. യാദൃശ്ചികവും ആകസ്മികവും ആത്ഭുതവും സന്തോഷവും നിറഞ്ഞ അനുഭവങ്ങൾ ഇനിയും ജീവിതത്തിലുടനീളം ഉണ്ടാകട്ടെയെന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു'.

English Summary

Director Alappy Ashraf said that Mamitha Baiju’s career changed with the success of Premalu. He noted that she has gained exceptional acceptance in Tamil cinema and called it a major achievement that she has acted alongside stars like Vijay, Suriya, and Dhanush.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALLEPPEY ASHRAF, ALLEPPEY ASHRAF NEW VIDEO, MAMITHA BAIJU, TAMIL CINEMA, MALAYALAM ACTRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY