
കഴക്കൂട്ടം: തെറ്റായ ദിശയിലൂടെ ബൈക്ക് എത്തിയത് ചോദ്യം ചെയ്ത കാർ യാത്രികനെ മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു.കണിയാപുരം മലമേൽപറമ്പ് പാർവതി ഭവനിൽ അഖിലിനാണ് (28) മുതുകിലും നടുഭാഗത്തും ആഴത്തിൽ കുത്തേറ്റത്.ഗുരുതരാവസ്ഥയിലായ അഖിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി 11.30ഓടെ മോഹനപുരം ജംഗ്ഷന് സമീപമായിരുന്നു സംഭവം.സുഹൃത്ത് വിഷ്ണുദേവിനൊപ്പം കാറിൽ പോത്തൻകോട്ടേക്ക് പോവുകയായിരുന്നു അഖിൽ.ഈ സമയം തെറ്റായ വശത്തുകൂടി മൂന്നുപേർ ഒരു ബൈക്കിൽ പാഞ്ഞെത്തി.ഇത് ചോദ്യം ചെയ്തതോടെ പ്രകോപിതരായ സംഘം കാർ തടഞ്ഞുനിറുത്തുകയും നടുറോഡിൽ അസഭ്യവർഷം നടത്തുകയും ചെയ്തു.തർക്കം രൂക്ഷമായതോടെ പ്രതികളിലൊരാൾ മൂർച്ചയേറിയ ആയുധമെടുത്ത് അഖിലിനെ കുത്തിവീഴ്ത്തുകയായിരുന്നു.തുടർന്ന് സ്ഥലത്ത് നിന്ന് പ്രതികൾ രക്ഷപ്പെട്ടു.സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി മംഗലപുരം പൊലീസ് കേസെടുത്തു.പ്രതികളെക്കുറിച്ചുള്ള നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |