SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.50 AM IST

രാമന്റെ നീതി

1

ശ്രീരാമചന്ദ്രന്റെ ഭരണകാലത്ത് പക്ഷിമൃഗാദികൾക്കു പോലും നീതിലഭിച്ചിരുന്നു. തുല്യനീതി എന്ന ദാർശനികമായ ബോധത്തിലൂന്നിയുള്ള കാഴ്ചപ്പാടായിരുന്നു അന്ന്. ഒരിക്കൽ പക്ഷിരാജനായ കഴുകനും ഒരു വൃദ്ധനായ മൂങ്ങയും തമ്മിൽ കലശലായ തർക്കമുണ്ടായി. അവർ താമസിച്ചിരുന്ന വടവൃക്ഷം, തനിക്ക് അവകാശപ്പെട്ടതാണെന്ന് ഇരുവരും വാദിച്ചു. തർക്കം ആക്രമണത്തിലേക്കുമാറി. ഒടുവിൽ ശ്രീരാമൻ ഇരുവരുടെയും വാദംകേട്ടു. അദ്ദേഹം മൂങ്ങയോടു ചോദിച്ചു: എത്രകാലമായി താങ്കൾ ഈ വൃക്ഷത്തിൽ താമസമുറപ്പിച്ചിട്ട് ?. മൂങ്ങ പറഞ്ഞു: ''പ്രഭോ , ഭൂമിയിൽ വൃക്ഷം ഉണ്ടായകാലംമുതൽ ഞാനീ വൃക്ഷത്തിലാണ് പാർത്തിരുന്നത്''. കഴുകനോടായിരുന്നു അടുത്ത ചോദ്യം: പക്ഷിരാജനായ താങ്കൾ എത്രകാലമായി ഈ മരത്തിൽ കഴിയുന്നു ?. ''ഭഗവൻ, ഈ ഭൂമിയിൽ മനുഷ്യവാസം ഉണ്ടായ കാലം മുതൽ ഞാൻ ഇവിടെക്കഴിയുന്നു''. രണ്ടഭിപ്രായങ്ങളും കേട്ടശേഷം ശ്രീരാമൻ സുമന്ത്രരോടായിപ്പറഞ്ഞു: ''അല്ലയോ മന്ത്രി ശ്രേഷ്ഠനായ സുമന്ത്രരെ, ഇവർ പറഞ്ഞത് കേട്ടല്ലോ. ഇവരിൽ ആരാണ് ഈ വൃക്ഷത്തിന്റെ അവകാശി ? ''. ''ഭഗവൻ, കാലപ്പഴക്കം വച്ചുനോക്കിയാൽ മൂങ്ങയാണ് അധികാരി. കാരണം, വൃക്ഷമുണ്ടായ കാലംമുതൽ മൂങ്ങ ഇതിൽ താമസിക്കുന്നു. അന്തിമ വിധി അങ്ങ് കല്പിച്ചാലും ''. ശ്രീരാമചന്ദ്രൻ ഉടൻതന്നെ ശാസ്ത്ര പൗരാണിക വിധിപ്രകാരമുള്ള ബ്രഹ്മസൃഷ്ടിയുടെ അടിസ്ഥാനം ചിന്തിച്ചു. ''ബ്രഹ്മദേവൻ ആദ്യം ഭൂമി, വായു, പർവതം, വൃക്ഷം ഇവയെ സൃഷ്ടിച്ചശേഷമാണ് ജീവികളെ സൃഷ്ടിച്ചത്. അതിനാൽ ജീവികളേക്കാൾ കാലപ്പഴക്കം വൃക്ഷത്തിനാണ്. അങ്ങനെനോക്കുമ്പോൾ മൂങ്ങയാണ് വൃക്ഷത്തിനുടമ ''. ശ്രീരാമന്റെ നീതിബോധം സദസിലെ ന്യായവാദം കേട്ടുകൊണ്ടിരുന്നവരെ അത്ഭുതപ്പെടുത്തി .മുനിമാരും സഭാവാസികളും അതുകണ്ടു തൊഴുതുനിന്നു. മൂങ്ങയുടെയും കഴുകന്റേയും കലഹം അതോടെ തീരുകയും ചെയ്തു. രാജ്യത്ത് പക്ഷപാതിത്വമില്ലാത്ത നീതി നടപ്പിലാകുമ്പോഴാണ് രാഷ്ട്രം ക്ഷേമ സമ്പൂർണമാകുന്നത് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMAYANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL