SignIn
Kerala Kaumudi Online
Sunday, 26 July 2026 5.25 AM IST

കുതറി വീശിയ കൊടുങ്കാറ്റ്

ss

ഒരുകാലത്ത് കുലപർവതങ്ങളെപ്പോലും കുലുക്കി മറിക്കാൻ കഴിയുന്ന കൊടുങ്കാറ്റ് പോലെ കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ ആഞ്ഞടിച്ചിരുന്ന അതികായനായിരുന്ന സി.കേശവൻ ദിവംഗതനായിട്ട് ജൂലായ് 7 ന് 57 വർഷം. പിന്നാക്ക വിഭാഗത്തിൽ നിന്ന് ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയ നേതാവ് എന്നതിനപ്പുറം നിർണായകമായ ചരിത്ര മുഹൂർത്തങ്ങളിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ അവശ ജനവിഭാഗങ്ങൾക്ക് എന്നും മാതൃകയാണ്. ഈഴവരടക്കമുള്ള പിന്നാക്ക വിഭാഗക്കാർ ഭരണ,ഔദ്യോഗിക തലങ്ങളിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിക്കാതെ പിന്തള്ളപ്പെടുന്ന ഈ കാലഘട്ടത്തിൽ നിവർത്തന പ്രക്ഷോഭത്തിന്റെ അമരക്കാരനുമായിരുന്ന സി. കേശവന്റെ ഓർമ്മകൾ കൂടുതൽ ദീപ്തമാകുന്നു.

നിവർത്തന പ്രക്ഷോഭ പ്രചരണത്തിന്റെ ഭാഗമായി കോഴഞ്ചേരിയിൽ നടത്തിയ പ്രസംഗത്തിലൂടെ സി.കേശവൻ ആവശ്യപ്പെട്ടത് സംഘടിച്ച് സന്ധിയില്ലാ സമരം ചെയ്ത് അവകാശങ്ങൾ പിടിച്ചുവാങ്ങണമെന്നായിരുന്നു. 1935 മേയ് 11ന് കോഴഞ്ചേരിയിൽ സംഘടിപ്പിച്ച യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ടായിരുന്നു സി. കേശവന്റെ പ്രസംഗം. അധികാരികൾക്ക് നിവർത്തന പ്രക്ഷോഭകാരികളോട് അനുനയത്തിന് തയ്യാറാകേണ്ടി വന്നതോടെയാണ് ഈഴവ സമുദായത്തിൽ നിന്ന് കൂടുതൽ പേർ നിയമസഭകളിലേക്കെത്തിയത്.

സി.കേശവൻ എന്ന വിപ്ളവകാരി തുറന്ന പാതയിലൂടെ മുന്നോട്ട് പോകാൻ ശ്രമിക്കുമ്പോൾ ഇക്കാലത്ത് പിന്നാക്കവിഭാഗങ്ങൾക്ക് നേരിടേണ്ടിവരുന്ന വൈതരണികൾ ഏറെയാണ്. സാമൂഹ്യനീതിക്ക് വേണ്ടി എസ്.എൻ.ഡി.പി യോഗം നിരന്തരം ശബ്ദമുയർത്തുന്നത് രാഷ്ട്രീയ പാർട്ടികളെയും ചില സമുദായ സംഘടനകളെയും വല്ലാതെ ചൊടിപ്പിക്കുന്നുണ്ടെന്ന് സമകാലിക സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ആത്മാർത്ഥത,നിർഭയത, സമരാവേശം

മന്ത്രിയായോ മുഖ്യമന്ത്രിയായോ ഭരണാധികാരം നിർവഹിച്ചിരുന്നുവെന്നതല്ല സി. കേശവന്റെ പ്രസിദ്ധിക്കും പ്രതിഷ്ഠയ്ക്കും കാരണം. സാമൂഹികവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യത്തിനുവേണ്ടി കൊടിയ സമരം നടത്തിയ സേനാനിയെന്ന നിലയിലാണ് സി.കേശവൻ വിശ്രുതനായി ഉയർന്നത്. അതിനു മുമ്പും പിമ്പുമുള്ള ഒരു നേതാക്കൾക്കും ലഭിക്കാത്ത ഭാഗ്യമായിരുന്നു അത്. എടുത്തു പറയത്തക്ക മൂന്ന് പ്രത്യേകതകളാണ് സി. കേശവനുണ്ടായിരുന്നത്. തുറന്ന മനസും തുറന്ന വാക്കുകളുമായിരുന്നു ആദ്യത്തെ പ്രധാന ഗുണം. മറ്റുള്ളവരെ ആശ്ചര്യപ്പെടുത്തുന്ന നിർഭയതയായിരുന്നു രണ്ടാമത്തെ ഗുണം. സമരാവേശമായിരുന്നു അദ്ദേഹത്തിന്റെ മൂന്നാമത്തെ പ്രത്യേകത. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ആളായിരുന്നില്ല അദ്ദേഹം. കൊല്ലം ജില്ലയിലെ മയ്യനാട് ഒരു സാധാരണ നെയ്ത്ത് കുടുംബത്തിൽ 1891 മേയ് 23 ന് ജനിച്ച അദ്ദേഹം ദാരിദ്ര്യത്തോട് കഠിനമായി മല്ലിട്ട് ജീവിച്ച അവസരങ്ങളുണ്ട്. ഒരുപക്ഷെ തന്റെ ജീവിതാനുഭവങ്ങളാകാം കഷ്ടപ്പെടുന്നവരെപ്പറ്റിയുള്ള ആത്മാർത്ഥമായ സഹതാപം അദ്ദേഹത്തിൽ വളർത്തിയത്. സമുദായത്തിലെ അസമത്വങ്ങളോട് പോരാടിയതുതന്നെ അവയിലെ യുക്തിരാഹിത്യം മുൻനിർത്തിയാണെന്ന് വേണം കരുതാൻ. മകൾ അയിഷ രാജൻ സി. കേശവനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

'ജയവും തോൽവിയും അച്ഛന് ഒരു പ്രശ്നമേ അല്ലായിരുന്നു. മന്ത്രിപദവും അധികാരവും ഒന്നും ഏറ്റവും അഭികാമ്യമായ കാര്യങ്ങളായി അച്ഛൻ കരുതിയിരുന്നുമില്ല. പക്ഷെ അതിനിടെ തിരഞ്ഞെടുപ്പിൽ തന്റെ ഏറ്റവും അടുത്ത ചില സ്നേഹിതർ ചെയ്ത വഞ്ചനകൾ അച്ഛനെ വല്ലാതെ ഉലച്ചത്. കൂടാതെ സ്വന്തം പാർട്ടിയിൽ തന്നെ പെട്ട ചിലരുടെ ശുപാർശകൾ നടപ്പാക്കാനുള്ള സമ്മർദ്ദവുമാണ് മന്ത്രിപദം വലിച്ച് ദൂരെയെറിയാൻ അച്ഛനെ പ്രേരിപ്പിച്ചത്. അതിനു ശേഷം കഴിയുന്നതും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അച്ഛൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു'.

കോഴഞ്ചേരി പ്രസംഗം

നിവർത്തന പ്രക്ഷോഭ നേതാവായിരുന്ന അദ്ദേഹം 1935 മേയ് 11 ന് കോഴഞ്ചേരിയിൽ ചെയ്ത സുപ്രധാന പ്രസംഗം തിരുവിതാംകൂർ രാഷ്ട്രീയത്തിൽ സുവർണലിപികളാൽ രേഖപ്പെടുത്തപ്പെട്ടതാണ്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭത്തിന്റെ ഉദ്ഘാടനമായിരുന്നു അന്നത്തെ പ്രസംഗം. പ്രതാപശാലിയും ശക്തനുമായിരുന്ന സർ സി.പി. രാമസ്വാമി അയ്യരായിരുന്നു തിരുവിതാംകൂർ മഹാരാജാവിന്റെ ഉപദേഷ്ടാവെന്ന നിലയിൽ ഭരണചക്രം തിരിച്ചിരുന്നത്. 'സർ സി.പി എന്ന ജന്തുവിനെ നമുക്കാവശ്യമില്ല, അദ്ദേഹം ഈഴവനും ക്രിസ്ത്യാനിക്കും മുസ്ലീമിനും ഒരു ഗുണവും ചെയ്യില്ല. ഈ മനുഷ്യൻ പോയെങ്കിലല്ലാതെ രാജ്യം ഗുണം പിടിക്കില്ല'. ഇങ്ങനെ അസാമാന്യ ധൈര്യം കാട്ടിയ പ്രസംഗമാണ് സി. കേശവൻ നടത്തിയത്. കോഴഞ്ചേരി പ്രസംഗം രാജ്യദ്രോഹപരമെന്നാരോപിച്ച് 1935 ജൂൺ 7 ന് ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്ര മൈതാനത്തുവച്ച് അദ്ദേഹം അറസ്റ്റിലായി. ഒരുവർഷത്തെ കഠിനതടവും 500 രൂപ പിഴയും ശിക്ഷയും രണ്ടു മാസത്തേക്ക് പ്രസംഗ വിലക്കും. പിൽക്കാലത്ത് വെട്ടേറ്റ് സർ സി.പി രാജ്യം വിടുകയും നാട് രക്ഷപ്പെടുകയും ചെയ്തപ്പോൾ സി. കേശവന്റെ വാക്കുകളിലെ ദീർഘദർശിത്വമാണ് യാഥാർത്ഥ്യമായത്.

നിവർത്തന പ്രക്ഷോഭ നായകൻ

നിവർത്തന പ്രക്ഷോഭ നായകനെന്ന നിലയിൽ കേരള നവോത്ഥാനത്തിൽ സി.കേശവൻ വഹിച്ച പങ്കിനെക്കുറിച്ച് പിന്നാക്ക വിഭാഗങ്ങൾ പോലും വേണ്ട രീതിയിൽ വിലയിരുത്തപ്പെടാതെ പോകുന്നത് ചരിത്രത്തെ തമസ്ക്കരിക്കുന്നതിന് സമാനമാണ്. നിവർത്തന പ്രക്ഷോഭത്തിൽ അദ്ദേഹം ഉന്നയിച്ച ജനസംഖ്യാനുപാതിക പ്രാതിനിധ്യം എന്ന ആവശ്യത്തിന് പരിഹാരം കണ്ടെത്താൻ കാലമേറെ കഴിഞ്ഞിട്ടും മാറിമാറി വരുന്ന സർക്കാരുകളോ നേതൃത്വങ്ങളോ തയ്യാറായിട്ടില്ലെന്ന യാഥാർത്ഥ്യം ഇന്നും നിലനിൽക്കുന്നു. ഈഴവ, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ ഭൂവുടമകൾ അന്ന് കരം കെട്ടിയിരുന്നെങ്കിലും ഈ ഭൂമികളുടെ മുൻ ഉടമസ്ഥരായ സവർണർക്ക് മാത്രം വോട്ടവകാശം നൽകിയ അനീതിക്കെതിരെയാണ് ഈഴവ, ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങൾ ഒന്നിച്ച് സംയുക്ത രാഷ്ട്രീയ സമിതിക്ക് രൂപം നൽകി നിവർത്തന പ്രക്ഷോഭം ആരംഭിച്ചത്.

ജനസംഖ്യാനുപാതിക നീതി എന്ന് കൈവരും ?

സി.കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ട് ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങൾ പിന്നീട് അവകാശങ്ങൾ ഓരോന്നായി പിടിച്ചുവാങ്ങി. ഇപ്പോഴും അവരത് തുടരുന്നു. എന്നാൽ സംഘടിച്ചു ശക്തരാകാൻ ആഹ്വാനം ചെയ്ത ശ്രീനാരായണ ദർശനത്തിലൂന്നി പ്രവർത്തിക്കുന്ന എസ്.എൻ.ഡി.പി യോഗം പ്രവർത്തകർക്ക് ആ ആവേശം നിലനിറുത്താനാകാതെ പോയതിനാൽ ജനസംഖ്യാനുപാതിക നീതി ഒരു മേഖലയിലും ലഭിക്കുന്നില്ല. ദേവസ്വം ബോർഡുകളിലടക്കം മുന്നാക്കക്കാർ ബഹുഭൂരിപക്ഷം അവസരങ്ങളും സ്വന്തമാക്കിയിട്ടും സർക്കാരിനെ സ്വാധീനിച്ച് 10 ശതമാനം മുന്നാക്ക സംവരണം നേടിയെടുക്കാൻ വരെ അവർക്കായി.

രാഷ്ട്രീയ പാർട്ടികളും പ്രത്യേക താത്പര്യത്തോടെ പ്രവർത്തിക്കുന്ന മാദ്ധ്യമങ്ങളും എത്ര പണിയെടുത്താലും സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള ഞങ്ങളുടെ സമരത്തെ തകർക്കാനാവില്ല. കാരണം നിർഭയതയും സമാരാവേശവും കൈമുതലാക്കിയ സി.കേശവൻ എന്ന വിപ്ളവകാരി തുടങ്ങിവെച്ച പോരാട്ടമാണ് അത്. സി.കേശവൻ കൊളുത്തിയ തീപ്പന്തം ഇന്നും ഞങ്ങളുടെകൈകളിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION