
ഹിമാലയത്തിലെ കാലാവസ്ഥയും മുംബയിലെ ഫാഷനും പ്രവചനാതീതമാണെന്ന് പറയാറുണ്ട്. നിമിഷങ്ങൾ പോലും വേണ്ട അത് മാറാൻ. ഇതുവരെ മനുഷ്യസ്പർശമേറ്റിട്ടില്ലാത്ത കൈലാസം, ഹിമമുടിയിലെ സാഗര വിശാലതയുള്ള മാനസസരോവരം, ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് എന്നിവയെല്ലാം ഹിമാലയത്തിലാണ്. ഹിന്ദുക്കളുടെ പുണ്യതീർത്ഥാടന കേന്ദ്രങ്ങളായ കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ചതുർധാമങ്ങളും ഇവിടെയാണ്. വർഷംതോറും ആയിരക്കണക്കിന് തീർത്ഥാടകരാണ് ഹിമാലയത്തിലേക്കു സഞ്ചരിക്കുന്നത്.
കൈലാസ- മാനസസരോവര യാത്രക്കാരിൽ നല്ലൊരു വിഭാഗം നേപ്പാൾ ടിബറ്റ് വഴിയാണ് പോകുന്നത്. ആയിരക്കണക്കിന് വിദേശികളും ഈ പാതയാണ് തിരഞ്ഞെടുക്കുന്നത്. ഈയിടെയായി കേരളത്തിൽ നിന്നുള്ള ഹിമാലയ സഞ്ചാരികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ട്രക്കിംഗിനായി പോകുന്നവരുടെ സംഖ്യയും കുറവല്ല. നേപ്പാളിൽ കഴിഞ്ഞ ദിവസമുണ്ടായ മിന്നൽ പ്രളയത്തിലും പാറയിടിച്ചിലിലും നൂറുകണക്കിനാളുകൾ മരണമടയുകയുണ്ടായി.
വ്യാപകമായ നാശനഷ്ടങ്ങളാണ് ദുരന്തം ഈ മേഖലയിൽ വരുത്തിയിരിക്കുന്നത്. ഇരുന്നൂറോളം പേർ മരിച്ചതായാണ് പ്രാഥമിക കണക്ക്. എണ്ണൂറോളം പേരെ കാണാതായിട്ടുണ്ട്. കൈലാസ- മാനസസരോവർ യാത്രയ്ക്കു പോയ 133 തീർത്ഥാടകരും ഇതിലുൾപ്പെടുന്നു. ഇതിൽ എത്ര ഇന്ത്യക്കാരുണ്ട്, ഏതൊക്കെ സംസ്ഥാനക്കാരുണ്ട് എന്നൊക്കെ ഇനിയേ അറിയാൻ സാധിക്കൂ.
മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ആവുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ അപകട സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ടിബറ്റ് - നേപ്പാൾ അതിർത്തിയിലെ പല ഉൾനാടൻ ഗ്രാമങ്ങളും ഒലിച്ചുപോയിട്ടുണ്ട്. ദുരന്തം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും 350 വിദേശികളടക്കമുള്ള നാനൂറിലധികം വിനോദ സഞ്ചാരികളെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് നേപ്പാൾ ടൂറിസം മന്ത്രാലയം തന്നെ പറയുന്നു. ഇന്ത്യക്കാർക്കു പുറമേ ആസ്ട്രേലിയ, ബ്രിട്ടൻ, മലേഷ്യ, ദക്ഷിണാഫ്രിക്ക, അമേരിക്ക, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഇതിലുൾപ്പെടുന്നു.
ദേവഭൂമിയെന്നാണ് നേപ്പാളിനെ വിശേഷിപ്പിക്കുന്നതെങ്കിലും ഭൂചലനം, മിന്നൽ പ്രളയം എന്നിവയാൽ പലപ്പോഴും ദുരന്തഭൂമിയായി മാറാറുണ്ട്. നേപ്പാൾ - ചൈന അതിർത്തിയിലെ റസുഗഡിയിൽ നിന്നു ഏകദേശം 20 കിലോമീറ്റർ വടക്കു കിഴക്കായി ഹിമപാതവും മലവെള്ളപ്പാച്ചിലും ഉണ്ടായി. ഇതേത്തുടർന്ന് ലെൻഡെ നദിയിൽ ചെളിയും അവശിഷ്ടങ്ങളും നിറഞ്ഞ വെള്ളപ്പാച്ചിൽ രൂപപ്പെട്ടു. ഇതു ടിമുറെ വഴി ത്രിശൂൽ നദിയിലേക്ക് ചേർന്നതാകാമെന്ന് കരുതപ്പെടുന്നു. വിവിധ ജലവൈദ്യുത പദ്ധതികളിലും കസ്റ്റംസ് ഓഫീസുകളിലും ജോലി ചെയ്തിരുന്ന നൂറ്റമ്പതിലധികം പേർ, നിരവധി കൈലാസയാത്രികർ, നേപ്പാളിലെ ബാഗ്‌മതി പ്രവിശ്യയിലെ ഗോസെൻകുണ്ടിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്നവർ എന്നിവരിൽ പലരുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി നേപ്പാൾ അധികൃതർ പറയുന്നു. ടിബറ്റിൽ നിന്ന് ഉത്ഭവിച്ചൊഴുകുന്ന ഭോട്ടെകോശി നദിയിൽ മിന്നൽ പ്രളയത്തെത്തുടർന്ന് വൻ ജലപ്രവാഹമുണ്ടായി. രസുവ, ഡാഢിങ്, നുവാക്കോട്ട് എന്നീ ജില്ലകളെ ദുരന്തം സാരമായി ബാധിച്ചു.
ദുരന്തബാധിത പ്രദേശങ്ങളിൽ മുഴുവൻ സർക്കാർ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്ന് നേപ്പാൾ പ്രധാനമന്ത്രി ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ദുരന്തവേളകളിലൊക്കെ കൈത്താങ്ങുമായി എത്താറുണ്ടെന്നും ഇന്ത്യയുടെ ഐക്യദാർഢ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞിട്ടുണ്ട്. നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് അതിർത്തി പങ്കിടുന്ന യു.പി, ബീഹാർ സംസ്ഥാനങ്ങളിൽ ഇന്ത്യ എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ട്. ഹിമാലയത്തിലെ ഏറ്റവും സുന്ദരമായ തീർത്ഥാടന കേന്ദ്രങ്ങളിലുണ്ടായ പ്രകൃതിദുരന്തത്തിൽ അധിക ജീവനാശം ഉണ്ടാകരുതേയെന്നാണ് എല്ലാ മനുഷ്യ സ്‌നേഹികളും പ്രാർത്ഥിക്കുന്നത്. അപകടത്തിൽപെട്ടവരെ യഥാസമയം രക്ഷപ്പെടുത്തുകയും സഹായിക്കുകയും വേണം.
Flash floods and landslides in Nepal in recent days have caused widespread destruction and claimed hundreds of lives. Preliminary estimates suggest that around 200 people have died, while nearly 800 others are reported missing. The disaster has caused extensive damage across the affected region.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |