SignIn
Kerala Kaumudi Online
Sunday, 28 June 2026 3.00 AM IST

സംഭാവനക്കൊള്ള: ആരും രക്ഷപ്പെടരുത്

READ ENGLISH VERSION

a

ശ്രീരാമനെ ‌ഈശ്വരാവതാരമായും ഇതിഹാസ നായകനായും വാഴ‌്‌ത്തപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു. ഇന്ത്യയ്ക്കു പുറത്തും നിരവധി രാജ്യങ്ങളിൽ ശ്രീരാമകഥകളും വിശ്വാസങ്ങളും പ്രചരിച്ചിട്ടുണ്ട്. അവിടങ്ങളിലെ സാഹിത്യത്തിലും കലകളിലും ഗാനങ്ങളിലും രാമായണസ്വാധീനമുണ്ട്.അയോദ്ധ്യയിൽ രാമക്ഷേത്രം പൂർത്തിയായശേഷം ലക്ഷക്കണക്കിനാളുകളാണ് ക്ഷേത്രദർശനത്തിനെത്തുന്നത്. ഇതിൽ നല്ലൊരു പങ്ക് വിദേശികളാണ്.പുരാണ പ്രസിദ്ധമായ സരയൂനദിക്കരയിൽ നിർമ്മിച്ചിട്ടുള്ള രാമക്ഷേത്രം വിശ്വാസികൾക്കും ടൂറിസ്റ്റുകൾക്കും ഒരുപോലെ വിസ്മയം പകരുന്നതാണ്.

അയോദ്ധ്യാ ക്ഷേത്രത്തിന്റെ കീർത്തി ലോകമെങ്ങും പരക്കുന്നതിനിടയിൽ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള സംഭവവികാസങ്ങൾ തികച്ചും നിർഭാഗ്യകരമാണ്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇടപെടുകയും കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.അന്വേഷണത്തിനായി എസ്.ഐ.ടിയെ നിയോഗിക്കുകയും ചെയ്തു.

സംഭാവനക്കൊള്ളയിൽ എട്ടു ജീവനക്കാർ അറസ്റ്റിലായതിന് പിന്നാലെ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റി അനിൽ മിശ്രയും രാജിവച്ചു.വിശ്വഹിന്ദു പരിഷത്തിന്റെ രാജ്യാന്തര ഉപാദ്ധ്യക്ഷനാണ് ചമ്പത് റായ്. അറസ്റ്റിലായവരിൽ റായിയുടെ വിശ്വസ്തനും മുൻ ഡ്രൈവറുമായ രാംശങ്കർ യാദവും ഉൾപ്പെട്ടിട്ടുണ്ട്. ഇയാളുടെ കൈയിൽ നിന്നു ക്ഷേത്രഭണ്ഡാരങ്ങളുടെ താക്കോലുകൾ എസ്.ഐ.ടി പിടിച്ചെടുത്തിരുന്നു.രാംശങ്കർ യാദവിന്റെ അനന്തരവൻ മനീഷ്‌കുമാർ യാദവ്,അവിനാശ് ശുക്ള,കരുണേഷ് പാണ്ഡെ,സുഭാഷ് ശ്രീവാസ്തവ,രാംശങ്കർ മിശ്ര,മകൻ അനുകൽപ് മിശ്ര,മരുമകൻ ലവ്‌കുശ് മിശ്ര എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

ക്ഷേത്രഭണ്ഡാരങ്ങളിലെ പണവും വിലപിടിപ്പുള്ള വസ്തുക്കളും എണ്ണിത്തിട്ടപ്പെടുത്താൻ ചുമതലയുണ്ടായിരുന്നവരാണ് ഇവരെല്ലാം. 80 ലക്ഷത്തോളം രൂപയും കണ്ടെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.ചമ്പത് റായ്‌ക്കെതിരെ ഉൾപ്പെടെ അന്വേഷണം വേണമെന്ന് വിശ്വഹിന്ദു പരിഷത്ത് രാജ്യാന്തര അദ്ധ്യക്ഷൻ അലോക്‌കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

അയോദ്ധ്യ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ മുതൽ പ്രാണപ്രതിഷ്ഠയിലും ധ്വജാരോഹണത്തിലും വരെ കാർമ്മികനായെത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു.അതുകൊണ്ടുതന്നെ സംഭാവനക്കൊള്ള വിവാദങ്ങളും പ്രശ്നങ്ങളും എത്രയും വേഗം തീർക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ഇതുമായി ബന്ധപ്പെട്ടവർ എത്ര ഉന്നതരായാലും അവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന് ശിവസേന ഉദ്ധവ് വിഭാഗം നൽകിയ ഒരു കോടി രൂപയുടെ സംഭാവനാ രസീത് ലഭിച്ചിട്ടില്ലെന്ന് നേതാവ് സഞ്ജയ് റാവുത്ത് ആരോപിച്ചു.

25 കിലോഗ്രാമുള്ള വെള്ളിക്കട്ടകളും ഇവർ സംഭാവന ചെയ്തിരുന്നു.ഇത്തരത്തിൽ സംഭാവനകൾ നൽകിയ പലരും പരാതിയുമായി മുന്നോട്ടുവന്നിട്ടുണ്ട്.മൊത്തം 1400 കോടിയോളം രൂപയുടെ ക്രമക്കേടുകൾ നടന്നതായാണ് ആരോപണം. സംഭാവനക്കൊള്ള അന്വേഷിക്കാൻ പ്രത്യേക സംഘത്തെ യു.പി സർക്കാർ നിയോഗിച്ചിട്ടുണ്ട്.

കാണിക്കയായി ലഭിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് മാത്രമല്ല, ക്ഷേത്രനിർമ്മാണഘട്ടത്തിൽ ലഭിച്ച കോടിക്കണക്കിന് രൂപയ്ക്കും വിലപിടിപ്പുള്ള വസ്തുക്കൾക്കും രസീതു നൽകിയില്ലെന്നും പരാതിയുണ്ട്. ചമ്പത് റായ്‌ക്കാണ് ഇവ കൈമാറിയതെന്ന് പലരും വെളിപ്പെടുത്തി. ട്രസ്റ്റുമായി ബന്ധപ്പെട്ടു നടത്തിയ ഭൂമി ഇടപാടുകളിൽ ക്രമക്കേടുണ്ടെന്ന പരാതിയും എസ്.ഐ.ടിക്ക് മുന്നിലുണ്ട്. അയോദ്ധ്യ സംഭവത്തിൽ, ഒരു കുറ്റവാളിയെയും വെറുതേവിടില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കർശന നിലപാട് എടുത്തിട്ടുണ്ട്.

ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ സഹിഷ്ണുതയില്ലാത്ത നയമാണ് സ്വീകരിക്കുന്നത്. ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ അവ എസ്.ഐ.ടിക്കു കൈമാറണം.അന്വേഷണം സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അനീതിക്കും അധർമ്മത്തിനുമെതിരെ അടിപതറാതെ പോരാടിയ ധർമ്മത്തിന്റെ പ്രതീകവും മൂർത്തിയുമായി വിശ്വാസികൾ ശ്രീരാമനെ കാണുന്നു. ക്ഷേത്രങ്ങൾ ഭരിക്കാൻ കച്ചകെട്ടി ഇറങ്ങുന്ന പലരും വിശ്വാസികളും സത്യസന്ധരുമാകണമെന്നില്ല. ഈശ്വര സങ്കേതങ്ങളിൽ നിൽക്കുമ്പോഴും അവരുടെ കണ്ണ് സംഭാവനക്കൂമ്പാരങ്ങളിലും വിലപിടിപ്പുള്ള നേർച്ചവസ്തുക്കളിലുമായിരിക്കും. അങ്ങനെയുള്ളവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം. ഭഗവാന്റെ പണം അപഹരിക്കുന്നവർ ഒരു രീതിയിലും രക്ഷപ്പെടരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY