SignIn
Kerala Kaumudi Online
Monday, 25 May 2026 8.18 AM IST

ഒപെക്കിൽ നിന്നുള്ള യു.എ.ഇ പിന്മാറ്റം

a

രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര രാജ്യാന്തര സംഘടനകൾ ഏറ്റവും കൂടുതൽ രൂപം കൊണ്ടതും ശക്തമായതും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ്. ഐക്യരാഷ്ട്രസഭയ്ക്ക് ദശാബ്ദങ്ങളോളം ഉണ്ടായിരുന്ന പ്രസക്തി ഇന്നില്ല എന്നത് ഒരു വസ്തുതയാണ്. ഐക്യരാഷ്ട്രസഭ വിലക്കിയാലും അതിൽ അംഗമായിരിക്കുന്ന പ്രമുഖ രാജ്യം തന്നെ അതിനെതിരെ നിലകൊള്ളുകയും തന്നിഷ്ടപ്രകാരമുള്ള തീരുമാനങ്ങളെടുക്കുകയും ചെയ്യും എന്ന നില വന്നതോടെയാണ് യു.എന്നിന്റെ പ്രസക്തി കുറഞ്ഞുതുടങ്ങിയത്. ആഗോളവത്‌കരണത്തിന് ശേഷം പുതിയ സാമ്പത്തിക സമവാക്യങ്ങൾ ലോകത്ത് രൂപപ്പെട്ടതും സംഘടനകളുടെ പ്രസക്തി കുറയാനിടയാക്കി. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ നിലപാടുകളാണ് പൊതുവായ രാജ്യാന്തര സംഘടനകളുടെ ബലം ചോർത്തിയത്.

സംഘടനകളുടെ ബലം ചോരൽ ഒരു പകർച്ചവ്യാധിയായി മാറുന്നു എന്ന തോന്നൽ സൃഷ്ടിക്കുന്നതാണ് എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ നിന്നുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്ന യു.എ.ഇയുടെ പിന്മാറ്റം. പശ്ചിമേഷ്യയിലെ സംഘർഷവും യുദ്ധവുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് യു.എ.ഇയെ എത്തിച്ചതെന്നതിൽ സംശയമില്ല. സംഘടനയിൽ അംഗമായിരിക്കുന്നത് തങ്ങളുടെ രാജ്യത്തിന്റെ താത്‌പര്യത്തിനും വികസനത്തിനും പുരോഗതിക്കും വിഘാതം സൃഷ്ടിച്ചേക്കും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് മേയ് ഒന്നു മുതൽ ഒപെക്കിൽ നിന്ന് പിന്മാറുമെന്ന് യു.എ.ഇ പ്രഖ്യാപിച്ചിരിക്കുന്നത്. ഒപെക്കിൽ നിന്ന് പുറത്തുകടക്കുന്നതോടെ വിപണിയിലെ ആവശ്യകതയനുസരിച്ച് എണ്ണ ഉത്‌പാദനം ഉയർത്താനും സ്വതന്ത്രമായ ഉൗർജ്ജ നയം പിന്തുടരാനും യു.എ.ഇയ്ക്ക് കഴിയും.

ഇപ്പോൾ എണ്ണ ഉത്‌പാദനം കൂട്ടണമെന്ന് യു.എ.ഇയ്ക്ക് ആഗ്രഹമുണ്ടെങ്കിലും ഒപെക്കിൽ അംഗമായതിനാൽ അതിന് കഴിയാത്ത സ്ഥിതിയാണ്. ഒപെക്കാണ് അതിലെ അംഗങ്ങൾ എത്ര ദശലക്ഷം ബാരൽ എണ്ണ ഉത്പാദിപ്പിക്കണമെന്ന് തീരുമാനിക്കുന്നത്. ഒപെക്കിലെ ഏറ്റവും വലിയ എണ്ണ ഉത്‌പാദക രാജ്യങ്ങൾ സൗദിയും ഇറാനും മറ്റുമാണ്. യുദ്ധം തുടങ്ങിയതിനുശേഷം സൗദി എണ്ണ ഉത്‌പാദനം പകുതിയായി വെട്ടിക്കുറച്ചു. ക്രൂഡോയിലിന്റെ വില രാജ്യാന്തര വിപണിയിൽ കുതിച്ചുയരുന്നതിന് ഈ തീരുമാനം ഇടയാക്കുകയും ചെയ്തു. എന്നാൽ, എണ്ണ ഉത്‌പാദനം കൂട്ടണമെന്ന തങ്ങളുടെ തീരുമാനം ഒപെക്കിന്റെ കർശനമായ ക്വാട്ട സമ്പ്രദായം കാരണം നടപ്പാക്കാനാവുന്നില്ലെന്നും ഇത് തങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് തടസമാണെന്നും വിലയിരുത്തിയാണ് യു.എ.ഇ പിന്മാറുന്നത്.

പ്രതിദിനം 4.8 ദശലക്ഷം ബാരൽ എണ്ണ ഉത്‌പാദിപ്പിക്കാൻ യു.എ.ഇയ്ക്ക് ഇപ്പോൾത്തന്നെ ശേഷിയുണ്ട്. ഇത് വർദ്ധിപ്പിക്കാനും അധികം സമയമെടുക്കാതെ നടപ്പാക്കാനും യു.എ.ഇയ്ക്ക് പ്രാപ്തിയുണ്ട്. ലോകം അതിവേഗം മറ്റ് ഉൗർജ്ജസ്രോതസുകൾ തേടിക്കൊണ്ടിരിക്കുകയാണ്. എണ്ണയ്ക്ക് എത്രകാലം ഇതേ ഡിമാന്റ് ഉണ്ടാകും എന്ന് പറയാനാകില്ല. അതിനാൽ കൂടുതൽ ഉത്‌പാദനം നടത്തേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന് യു.എ.ഇ കരുതുന്നത് തെറ്റാണെന്ന് പറയാനാകില്ല. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് യു.എ.ഇയുടെ തീരുമാനം ഗുണകരമാവുമെന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. കൂടുതൽ ഇന്ധനം യു.എ.ഇ ദിർഹം നൽകി വാങ്ങാം. എണ്ണ പൈപ്പ്‌ലൈൻ പദ്ധതി പോലും നടപ്പാക്കാം. പക്ഷേ, ഇതെല്ലാം പശ്ചിമേഷ്യൻ സംഘർഷം ഒത്തുതീർപ്പാകുന്നതിനെ ആശ്രയിച്ചിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY