SignIn
Kerala Kaumudi Online
Sunday, 28 June 2026 3.00 AM IST

'തകരാറിലാകുന്ന സിസ്റ്റം ശരിയാക്കാനാണ് മന്ത്രി'

a

കെ. മുരളീധരൻ,​

ആരോഗ്യ,​ ദേവസ്വം വകുപ്പ് മന്ത്രി

.......................................................

അഭിമുഖം തയ്യാറാക്കിയത്

എസ്. ഷാജിലാൽ

'സിസ്റ്റം' തകരാറിലാണെന്ന് പഴികേട്ട ആരോഗ്യ വകുപ്പിനേയും ശബരിമല സ്വർണക്കൊള്ളയിലടക്കം തിളക്കം നഷ്ടപ്പെട്ട ദേവസ്വം വകുപ്പിനേയും ശരിയായ പാതയിൽ നയിക്കാനുള്ള നിയോഗം യു.ഡി.എഫ് മന്ത്രിസഭയിൽ വന്നുചേർന്നത് കെ.മുരളീധരനാണ്. 'സെൻസിറ്റീവ്' ആയ രണ്ടു വകുപ്പുകളേയും മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനുള്ള നടപടികൾക്ക് അദ്ദേഹം തുടക്കമിട്ടു കഴിഞ്ഞു. മന്ത്രി കെ.മുരളീധരൻ 'കേരളകൗമുദി'യോട് സംസാരിക്കുന്നു.

?നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികൾ
ആരോഗ്യവും ദേവസ്വവും പ്രധാനപ്പെട്ട വകുപ്പുകളാണ്. അതനുസരിച്ചുള്ള ഇടപെടൽ ഉണ്ടാകും. സർക്കാർ ആശുപത്രികൾ മികച്ച നിലവാരത്തിലേക്ക് മാറ്റേണ്ടതുണ്ട്. സർക്കാർകാര്യം മുറപോലെ എന്ന ചൊല്ലുണ്ട്. ആശുപത്രികളിൽ ആദ്യം വേണ്ടത് വൃത്തിയാണ്. സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് വരുന്നവർക്ക് ന്യുമോണിയയടക്കം ബാധിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. അതൊക്കെ മാറ്റിയെടുക്കുകയാണ്. രോഗികൾ നിലത്ത് കിടക്കേണ്ടിവരുന്നത് ഒഴിവാക്കൽ പ്രധാനമാണ്. മെഡിക്കൽ കോളേജുകളിൽ ഒഴിഞ്ഞ സ്ഥലങ്ങളുണ്ട്. അവിടെ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കണം.അതിന് സർക്കാരിന്റെ സാമ്പത്തിക പരിമിതി പ്രശ്നമാണ്. കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഉൾപ്പെടെ അതിനായി വിനിയോഗിക്കാനാവും. ഇതിനുപുറമേ വ്യക്തികൾ നൽകുന്ന സഹായങ്ങളടക്കം പ്രയോജനപ്പെടുത്തി മാറ്റങ്ങൾ സൃഷ്ടിക്കാനാകും.


?വലിയ മുതൽമുടക്ക് വേണ്ടതാണ് ആരോഗ്യമേഖലയുടെ

നവീകരണം, അതെങ്ങനെ സാദ്ധ്യമാക്കും
സർക്കാർ ആശുപത്രികളിൽ സൗകര്യങ്ങൾ കൂടുതലായി ഏർപ്പെടുത്തിയാൽ പാവപ്പെട്ടവർക്ക് സഹായകമാകും. അവിടെ നല്ല അന്തരീക്ഷമൊരുക്കാനാണ് ശ്രമം. അതിനുള്ള ചർച്ചകൾക്ക് നല്ല റിസൾട്ടും ഉണ്ടാകുന്നു. പണം ചെലവഴിക്കാൻ ഒരുപാടുപേർ മുന്നോട്ടവരുന്നു. അതിന് പ്രത്യേക ഫണ്ട് ശേഖരിക്കാനായാൽ ഗുണകരമാവും. സർക്കാർ ആശുപത്രികളുടെ കാര്യങ്ങൾക്ക് മാത്രമായി വിനിയോഗിക്കുന്ന ഫണ്ടാണ് വേണ്ടത്. ഇക്കാര്യം മന്ത്രിസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോൾ കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കേ സ്വീകരിക്കാനാവൂ. രോഗികളെ നിലത്തുകിടത്തുന്നത് ഒഴിവാക്കണമെന്ന സന്ദേശം വന്നപ്പോൾതന്നെ മാറ്റങ്ങളുണ്ടായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ലയൺസ് ക്ലബ് സ്പോൺസർ ചെയ്ത ബെഡ് കിട്ടിയത് അവർ ഉപയോഗിച്ചു.


?സി.എസ്.ആർ ഫണ്ട് ഉപയോഗിക്കുന്നതുമായി

ബന്ധപ്പെട്ട വിമർശനങ്ങളെക്കുറിച്ച്
ആശുപത്രി കെട്ടിടനിർമ്മാണത്തിനും അനുബന്ധ സൗകര്യങ്ങൾക്കുമൊക്കെ വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട് വിനിയോഗിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചപ്പോൾ ചിലർ അതിനെതിരെ പ്രചാരണം നടത്തി. വകുപ്പിൽ പരിഷ്‌കാരങ്ങൾ ഇഷ്ടപ്പെടാത്ത ചിലരുണ്ട്. അത് വിനിയോഗിക്കുന്നത് സ്വകാര്യവത്കരണമാണെന്ന് ചിലർ പറഞ്ഞു. അങ്ങനെ പറഞ്ഞ സംഘടനക്കാരെ ചർച്ചയ്ക്ക് വിളിച്ചെങ്കിലും വന്നില്ല. ബഡ്ജറ്റിലെ പണം കൊണ്ടുമാത്രം എല്ലാം നടത്താനാകില്ല.


?ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷ്വറൻസ്

പദ്ധതി എന്നാണ് നടപ്പാക്കുക
സർക്കാർ വിശദമായി പഠിക്കുകയാണ്. കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകളുടെ യാത്രയ്ക്ക് കൂടുതൽ പഠനം ആവശ്യമില്ല. എന്നാൽ ഇൻഷ്വറൻസ് പദ്ധതിയാകുമ്പോൾ എല്ലാവശവും പരിശോധിക്കണം. ബഡ്ജറ്റിൽ ഒരു പൈസയും നീക്കിവയ്ക്കാതിരിക്കാനാവില്ലല്ലോ. അതുകൊണ്ടാണ് തുടക്കമെന്ന നിലയിൽ 10 കോടി വകയിരുത്തിയത്. രോഗികൾക്ക് പരമാവധി പ്രയോജനം കിട്ടുന്ന രീതിയിലായിരിക്കും നടപ്പാക്കുക. കാരണം പാവപ്പെട്ടവരെ ഏറെ സഹായിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി. അദ്ദേഹത്തിന്റെ പേരിൽ ഇൻഷ്വറൻസ് ഏർപ്പെടുത്തുമ്പോൾ അത് സൂക്ഷ്മതയോടെ വേണമെന്ന് നിർബന്ധമുണ്ട്. ഇൻഷ്വറൻസ് കമ്പനികൾ മുടന്തൻകാരണങ്ങൾ പറഞ്ഞ് ഉപഭോക്താക്കളുടെ അവകാശം നിഷേധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളിൽ കാര്യക്ഷമമായി ഇടപെടാണ് ഉദ്ദേശിക്കുന്നത്.

?സ്വകാര്യമേഖലയോടുള്ള സമീപനം
സ്വകാര്യ മേഖലയെക്കൂടി പരിഗണിച്ച് വേണം മുന്നോട്ടുപോകാൻ. സ്വകാര്യ മേഖലയിൽ വൻകിട ആശുപത്രികൾ വർദ്ധിക്കുമ്പോൾ ചെറിയ ക്ലിനിക്കുകൾ പൂട്ടിപ്പോകുന്നുവെന്നത് യാഥാർത്ഥ്യമാണ്. ഇക്കാര്യങ്ങളടക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സർക്കാർ നിയോഗിച്ച വിദഗ്ദ്ധരുടെ കമ്മിറ്റി ആരോഗ്യരംഗത്തെ എല്ലാ വിഷയങ്ങളും പഠിക്കുന്നു. അവരുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചില ഇടപെടലുകൾ നടത്തിയിട്ടുണ്ട്. സാംക്രമികരോഗങ്ങളുടെ വ്യാപനം കുറയ്ക്കാൻ ഇതിലൂടെ കഴിഞ്ഞുവെന്നാണ് വിലയിരുത്തൽ. രോഗവ്യാപനം സംബന്ധിച്ചടക്കം ഗവേഷണങ്ങൾ നടത്തേണ്ടതുണ്ട്. വവ്വാൽ കേരളത്തിൽ എല്ലായിടത്തും ഉള്ളപ്പോഴും പ്രത്യേക പ്രദേശത്ത് മാത്രം നിപ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതിനൊക്കെ ഉത്തരംകണ്ടെത്താനാണ് ശ്രമം.


?വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനം അനിവാര്യമല്ലേ
ആരോഗ്യമേഖലയിൽ മെച്ചപ്പെട്ട പ്രവർത്തനത്തിന് ഇത് പ്രധാനമാണ്. മാലിന്യനീക്കമാണ് ഇതിൽ മുഖ്യം. ശുചീകരണം കാര്യക്ഷമമായി നടന്നില്ലെങ്കിൽ വിവിധരോഗങ്ങൾ വ്യാപിക്കാനുള്ള സാഹചര്യമൊരുങ്ങും.

?വീര്യംകുറഞ്ഞ മദ്യ വിവാദം സർക്കാരിന് തലവേദനയായോ
ഇത്തരം വിവാദങ്ങളെല്ലാം കെട്ടടങ്ങും. മദ്യത്തെ ഏറ്റവുമധികം എതിർത്തത് കെ.കരുണാകരനായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് അദ്ദേഹം ബിവറേജസ് കോർപ്പറേഷൻ തുടങ്ങിയതെന്ന് ആലോചിക്കണം. മദ്യപിക്കണം എന്ന് നിർബന്ധമുള്ളവരുണ്ട്. അവർക്ക് നല്ല മദ്യം കൊടുക്കണം. വൈപ്പിൻ മദ്യദുരന്തമുണ്ടായപ്പോഴാണ് കരുണാകരൻ ബിവറേജസ് കോർപ്പറേഷൻ ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. ഘട്ടംഘട്ടമായി മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരിക എന്നതാണ് യു.ഡി.എഫ് സർക്കാർ നയം. എൽ.ഡി.എഫ് ഭരണം മദ്യം വ്യാപകമാക്കുകയായിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട എതിർപ്പുകൾ ചർച്ചചെയ്യാം. ഞങ്ങൾക്ക് ഒന്നും മറച്ചുവയ്ക്കാനില്ല. ആരോപണങ്ങൾക്കെല്ലം മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ട്.


?ഡി.എച്ച്.എസ് നിയമനവിവാദത്തെക്കുറിച്ച്
ആരോഗ്യവകുപ്പ് ഡയറക്ടറെ അവരുടെ എക്സ്റ്റൻഷൻ കാലാവധി അവസാനിച്ചതോടെയാണ് മാറ്റിയത്. നിപ പരിശോധനാഫലം മന്ത്രിയെ അറിയിക്കാതെ മറച്ചുവച്ചതും ശബരിമലയുമായി ബന്ധപ്പെട്ട് ഡോക്ടർമാരുടെ സേവനം വിട്ടുതരാനാവില്ലെന്ന് തീരുമാനമെടുത്തതുമൊക്കെയാണ് ചുമതല നീട്ടി നൽകാത്തതിന് കാരണം. മന്ത്രിയും ഉദ്യോഗസ്ഥരും രണ്ടുതട്ടിലാണെന്ന തോന്നൽ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് ഉണ്ടായത്. എൽ.ഡി.എഫ് കാലത്ത് ഡയറക്ടർ പദവി വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥയ്ക്കു തന്നെയാണ് തത്കാലം ചുമതല നൽകിയിട്ടുള്ളത്.


?ആരോഗ്യവകുപ്പിൽ സിസ്റ്റം ശരിയല്ലെന്ന് പറയുന്നതിനെക്കുറിച്ച്
സിസ്റ്റത്തിന് പ്രശ്നമില്ല. സിസ്റ്റം ട്രാക്ക് തെറ്റുമ്പോൾ നേർവഴിക്ക് കൊണ്ടുവരണം.ചിലർ തോന്നിയപോലെ പ്രവർത്തിക്കും. നമ്മൾ അവരെ കറക്ട് ചെയ്ത് തിരിച്ചുകൊണ്ടുവരലാണ് പ്രധാനം. അല്ലെങ്കിൽ മറ്റ് ചുമതലകളിലേക്ക് നിയോഗിക്കണം. തകരാറിലാവുന്ന സിസ്റ്റം പരിഹരിക്കാനാണ് മന്ത്രി. സിസ്റ്റം തകരാറിലാണ് എന്ന് പറഞ്ഞിരിക്കുകയാണെങ്കിൽ എന്തിനാണ് മന്ത്രി. പ്രതിസന്ധികൾ തന്മയത്വത്തോടെ കൈകാര്യം ചെയ്യാനാണ് ശ്രമിക്കേണ്ടത്.

?ശബരിമല സ്വർണക്കൊള്ള കേസിൽ തുടർന്നുള്ള നിലപാട്
ഹൈക്കോടതി നിർദ്ദേശപ്രകരമാണ് അന്വേഷണം നടന്നത്. കുറ്റപത്രം സമർപ്പിച്ചശേഷം അതിൽ പോരായ്മകളുണ്ടെന്ന് തോന്നിയാൽ സർക്കാർ ഇടപെടും. വേണ്ടിവന്നാൽ മറ്റൊരു അന്വേഷണം പ്രഖ്യാപിക്കും. ദേവസ്വം വകുപ്പിനെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമം.

?ഭരണരംഗത്ത് ലീഡറുടെ പ്രവർത്തനങ്ങൾ മാതൃകയാക്കുമോ?
ലീഡർ കെ.കരുണാകരന്റെ ഭരണപരമായ മികവും നിലപാടും ഇന്നും പ്രശംസിക്കപ്പെടുന്നു. അത് മാതൃകയാക്കാവുന്ന പൊതുപ്രവർത്തന ശൈലിയാണ്. ഞാൻ ആദ്യം മന്ത്രിയായപ്പോൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചയാളാണ് അദ്ദേഹം. അന്ന് അദ്ദേഹം പറഞ്ഞത് ക്യാബിനറ്റിൽ അപ്പോൾ ചേരേണ്ട എന്നായിരുന്നു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഇല്ലെങ്കിൽ വേണ്ട, അടുത്തതവണ ലോക്‌സഭയിലേക്ക് മത്സരിച്ചുകൂടേ എന്നുചോദിച്ചു. പാർട്ടി തീരുമാനം ഞാൻ അംഗീകരിക്കുകയായിരുന്നു. മന്ത്രിസ്ഥാനത്തിരുന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടാൽ സംഭവിക്കുന്നതിനെക്കുറിച്ച് ദീർഘവീക്ഷണമുള്ള അദ്ദേഹം മനസിലാക്കിയിട്ടുണ്ടാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY