
വാഷിംഗ്ടൺ: ഇമിഗ്രന്റ് വിസാ അഭിമുഖങ്ങൾ താത്കാലികമായി നിറുത്തിവച്ച് യു.എസ്. ലോകമെമ്പാടുമുള്ള എല്ലാ അമേരിക്കൻ എംബസികളിലും കോൺസുലേറ്റുകളിലും ബാധകമാണ്. വിദേശ നയതന്ത്ര ഉദ്യോഗസ്ഥർക്കായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായിട്ടാണ് അഭിമുഖങ്ങൾ നിറുത്തിവച്ചതെന്നാണ് വിശദീകരണം.
രാജ്യത്തെ പൊതു ആനുകൂല്യങ്ങളെ ആശ്രയിക്കാൻ സാദ്ധ്യതയുള്ള അപേക്ഷകരെ ഒഴിവാക്കാനും വിസാ അപേക്ഷകരെപ്പറ്റിയുള്ള പരിശോധന സമഗ്രമാക്കാനും ലക്ഷ്യമിട്ടാണ് പരിശീലനമെന്നാണ് റിപ്പോർട്ട്.
എന്നാൽ, പരിശീലനത്തെക്കുറിച്ചോ അതിന്റെ സമയക്രമത്തെക്കുറിച്ചോ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. മാറ്റങ്ങൾ എത്രകാലം നീണ്ടുനിൽക്കുമെന്നും അറിയിച്ചിട്ടില്ല. യു.എസ് കുടിയേറ്റ നിയന്ത്രണം കർശനമാക്കുന്നതിനിടെയാണിത്. അതേസമയം, അപ്പോയിന്റ്മെന്റുകൾ ലഭിച്ചവർക്ക് പുനഃക്രമീകരിച്ച തീയതിയിൽ അഭിമുഖം നടത്തും.
നോൺ ഇമിഗ്രന്റ് വിസകളുടെ നടപടിക്രമങ്ങളെ (ടൂറിസ്റ്റ്, ബിസിനസ്, സ്റ്റുഡന്റ്, എച്ച് - 1 ബി) നിലവിലെ നിയന്ത്രണം ബാധിക്കില്ല. എച്ച്- 1 ബി വിസാ അപേക്ഷകൾക്ക് 1,03,265 ഡോളർ ഫീസ് ഏർപ്പെടുത്തുന്നത് യു.എസ് പരിഗണിക്കുന്നതിനിടെയാണിത്. യു.എസ് കമ്പനികൾക്ക് വിദഗ്ദ്ധ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാൻ അനുവാദം നൽകുന്നതാണ് എച്ച്- 1 ബി വിസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകളാണ് വിസയെ കൂടുതൽ ആശ്രയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |