ഇസ്ലാമാബാദ്: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്ഷേത്രം പൊളിച്ചുനീക്കിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ന്യൂനപക്ഷ സംഘടനകളും രാഷ്ട്രീയ നേതാക്കളും രംഗത്ത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള നരോവാളിലെ സിറാജ് ഗ്രാമത്തിൽ സ്ഥിതി ചെയ്തിരുന്ന ക്ഷേത്രമാണ് പൊളിച്ചുമാറ്റിയത്. ലാഹോറിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മത തീവ്രവാദികളാണ് ക്ഷേത്രം പൊളിച്ചതെന്നാണ് ആരോപണം.
ക്ഷേത്രം പൊളിച്ചവർക്കെതിരെയും സംരക്ഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ന്യൂനപക്ഷ രാഷ്ട്രീയ സംഘടനയായ പാക് മസീഹ മില്ലത് പാർട്ടി ചെയർമാൻ അസ്ലം പർവേസ് സഹോത്ര ആവശ്യപ്പെട്ടു. ഓഗസ്റ്റ് 28ന് പഞ്ചാബ് അഡീഷണൽ ഹോം സെക്രട്ടറിയെ സന്ദർശിച്ച് ഇതുസംബന്ധിച്ച പരാതി നൽകിയതായും സഹോത്ര പറഞ്ഞു. എന്നാൽ ക്ഷേത്രം കനത്ത മഴയെ തുടർന്ന് തകർന്നു വീണതെന്നാണ് പാകിസ്ഥാൻ സർക്കാരിന്റെ വിശദീകരണം.
നിരോധിത തീവ്രവലതുപക്ഷ ഇസ്ലാമിക സംഘടനയായ തെഹ്രീക്-ഇ- ലബ്ബായിക് പാകിസ്ഥാൻ (ടി.എൽ.പി) അംഗങ്ങളായ മതതീവ്രവാദികൾ ഓഗസ്റ്റ് 21ന് ക്ഷേത്രം പൊളിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ക്ഷേത്രത്തോട് ചേർന്നുള്ള മദ്രസയുടെ വികസനത്തിനായി ക്ഷേത്രഭൂമി കൂടി ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പൊളിച്ചുനീക്കലെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.
ക്ഷേത്രത്തോട് ചേർന്നുള്ള ഭൂമി മദ്രസ സ്ഥാപിക്കുന്നതിനായി ഇവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ് (ഇ.ടി.പി.ബി) പാട്ടത്തിന് നൽകിയിരുന്നതായി സഹോത്ര പറഞ്ഞു. വർഷങ്ങളായി വാടക അടച്ചില്ലെന്നും അനുവദിച്ച ആവശ്യത്തിനായി സ്ഥലം ഉപയോഗിച്ചില്ലെന്നും ആരോപിച്ച് പിന്നീട് പാട്ടക്കരാർ റദ്ദാക്കിയിരുന്നു.
റവന്യൂ വകുപ്പിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി കെട്ടിടത്തിലെ താമസസ്ഥലങ്ങളും വസ്തുവിന്റെ മറ്റ് ഭാഗങ്ങളും ചിലർ അനധികൃതമായി കൈവശപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ജനുവരി 29ന് സിയാൽകോട്ടിലെ ഇ.ടി.പി.ബി ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ മദ്രസയുടെ പാട്ടാവകാശം റദ്ദാക്കുകയും അനധികൃത താമസക്കാരെ ഒഴിപ്പിച്ച് വസ്തു സീൽ ചെയ്യാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
എന്നാൽ ഉത്തരവ് നടപ്പാക്കിയില്ലെന്നും സഹോത്ര ആരോപിച്ചു. ക്ഷേത്രം പഴയ രൂപത്തിൽ തന്നെ പുനർനിർമിക്കണമെന്നും പഞ്ചാബിലെ ഹിന്ദു ക്ഷേത്രങ്ങൾ, സിഖ് ഗുരുദ്വാരകൾ, ക്രിസ്ത്യൻ പള്ളികൾ എന്നിവയ്ക്കും അവയോട് ചേർന്നുള്ള ഭൂമിക്കും സർക്കാർ മതിയായ സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Minority organizations and political leaders in Pakistan have demanded an investigation into the alleged demolition of a 100–125-year-old Hindu temple in Siraj village, Narowal, Punjab.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |