SignIn
Kerala Kaumudi Online
Monday, 25 May 2026 4.56 AM IST

മുമ്പേ പുറത്താകുമോ മുംബയ് ഇന്ത്യൻസ് ?

ipl

തോൽവി തുടർക്കഥയാക്കി മുംബയ് ഇന്ത്യൻസ്

സാധാരണഗതിയിൽ ഐ.പി.എല്ലിന്റെ തുടക്കത്തിൽ മുംബയ് ഇന്ത്യൻസിന് തോൽവികളായിരിക്കും. എന്നാൽ അവസാന ഘട്ടത്തിൽ സടകുടഞ്ഞെണീറ്റ് പ്ളേ ഓഫിലേക്ക് കടക്കുകയും ചെയ്യും. അഞ്ചു തവണ കിരീടം നേടിയപ്പോഴും ഒരു തവണ റണ്ണേഴ്സ് അപ്പായപ്പോഴുമൊക്കെ ഇതായിരുന്നു സ്ഥിതി. എന്നാൽ ഇക്കുറി ആദ്യ മത്സരത്തിൽ മുംബയ് ഇന്ത്യൻസ് കൊൽക്കത്തയ്ക്ക് എതിരെ 220/4 എന്ന സ്കോർ ചേസ് ചെയ്ത് ജയിച്ചു. പക്ഷേ ഇപ്പോൾ എട്ടുമത്സരങ്ങൾ പിന്നിട്ടപ്പോൾ ജയത്തിന്റെ മൂന്നിരട്ടി തോൽവികൾ ഏറ്റുവാങ്ങിക്കഴിഞ്ഞു. രണ്ട് ജയങ്ങൾ മാത്രമുള്ള ഹാർദിക് പാണ്ഡ്യയുടെ ടീം പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്ത്. ഈ പോക്കുപോയാൽ ആദ്യം പുറത്താകുന്ന ടീമുകളിലൊന്ന് മുംബയ് ആയിരിക്കുമെന്ന് ഉറപ്പ്.

മുംബയ് ഇന്ത്യൻസിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും നാണംകെട്ട തോൽവികളിലൊന്നാണ് കഴിഞ്ഞദിവസം സൺറൈസേഴ്സ് ഹൈദരാബാദിൽ നിന്നേറ്റുവാങ്ങിയത്. ഇതുവരെയുള്ള സീസണുകളിൽ തങ്ങൾ ഉയർത്തിയതിൽ ഏറ്റവും വലിയ സ്കോറായിരുന്നു വാങ്കഡെയിൽ നേടിയ 243/5.എന്നാൽ അതുപോലും പ്രതിരോധിക്കാൻ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള പേരുകേട്ട മുംബയ് ബൗളിംഗ് നിരയ്ക്ക് കഴിഞ്ഞില്ല. 18.4 ഓവറിലാണ് സൺറൈസേഴ്സ് ഈ സ്കോർ മറികടന്നത്. ആദ്യ ആറോവറിൽ അഭിഷേക് ശർമ്മയും (45), ട്രാവിസ് ഹെഡും (76) ചേർന്ന് 92 റൺസടിച്ചപ്പോഴേ മുംബയ്‌ക്ക‌് ഈ സ്കോർ പ്രതിരോധിക്കാൻ കഴിയുമോ എന്ന് സംശയം ഉയർന്നിരുന്നു. ഇടയ്ക്ക് ഹൈദരാബാദിന് വിക്കറ്റുകൾ നഷ്ടപ്പെട്ടപ്പോൾ മുംബയ്ക്ക് പിടിമുറുക്കാൻ അവസരം ലഭിച്ചതുമാണ്. പക്ഷേ വലിയ സ്കോർ ഉണ്ടെന്ന അമിത ആത്മവിശ്വാസമാകാം അവർ കളിയെ ലാഘവത്തോടെ കണ്ടു.

വാങ്കഡെയിൽ ടോസ് നേടിയ ഹാർദിക് ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ തന്നെ കമന്റേറ്റർമാർ അതിശയം പ്രകടിപ്പിച്ചിരുന്നു. ഈ സ്റ്റേഡിയത്തിൽ ഇതിനുമുമ്പ് നടന്ന 21 ഐ.പി.എൽ മത്സരങ്ങളിലും ടോസ് നേടിയവർ ഫീൽഡിംഗാണ് തിരഞ്ഞെടുത്തതിരുന്നത്. ചേസിംഗിനെത്തുമ്പോൾ മഞ്ഞിന്റെ ആനുകൂല്യം പരിഗണിച്ചതായിരുന്നു ഇത്. എന്നാൽ മഞ്ഞിനെക്കുറിച്ച് താൻ ചിന്തിച്ചതേയില്ലെന്ന് ഹാർദിക് മത്സരശേഷം തുറന്നുപറഞ്ഞു.

ഈ സീസണിൽ സ്ക്വാഡിലെ ഏറ്റവും കൂടുതൽ താരങ്ങളെ കളത്തിലിറക്കി പരീക്ഷണം നടത്തിയ ടീമാണ് മുംബയ്. 21 കളിക്കാരാണ് ഈ സീസണിൽ മുംബയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്. പക്ഷേ ഒരു സ്ഥിരം വിന്നിംഗ് കോമ്പിനേഷൻ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ത്യയ്ക്ക് ട്വന്റി-20 ലോകകപ്പ് നേടിത്തന്ന രണ്ട് ക്യാപ്ടൻമാർ മുംബയ് ടീമിലുണ്ട്. രോഹിത് ശർമ്മയും സൂര്യകുമാർ യാദവും. രോഹിത് പരിക്ക്മൂലം മാറിനിൽക്കുകയാണ്. സൂര്യ ഇതുവരെ സ്ഥിരമായ ഫോമിലേക്ക് എത്തിയിട്ടില്ല. തിലക് ഒരു സെഞ്ച്വറിയടിച്ചത് മിച്ചം. ബുംറയെ നാലോവറിൽ 53 റൺസടിച്ചപ്പോൾ മറ്റ് ബൗളർമാരുടെ കാര്യം പറയേണ്ടതില്ലല്ലോ?.

ഇനി ആറ് മത്സരങ്ങൾ മാത്രമാണ് മുംബയ്ക്ക് ശേഷിക്കുന്നത്. ചെന്നൈ, ലക്നൗ,ആർ.സി.ബി,പഞ്ചാബ്,കൊൽക്കത്ത,രാജസ്ഥാൻ എന്നിവരെയാണ് നേരിടേണ്ടത്. ഇതെല്ലാം വിജയിച്ചാലേ പ്ളേഓഫിലേക്ക് എത്താനാകൂ. മുംബയ് ഇന്ത്യൻസിനെ സംബന്ധിച്ചിടത്തോളം ഇക്കാര്യം അസാദ്ധ്യമൊന്നുമല്ല. ആ അത്ഭുതത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360