
ന്യൂഡൽഹി: സ്‌കൂളുകളിൽ പഠിക്കുന്നതും ദേശീയ പ്രവേശന പരീക്ഷകളിൽ ചോദിക്കുന്നതും രണ്ടുതട്ടിലായതാണ് സ്വകാര്യ കോച്ചിംഗ് സ്ഥാപനങ്ങളിലേക്ക് വിദ്യാർത്ഥികളെ തള്ളിവിടുന്നതെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തൽ. സ്‌കൂൾ വിദ്യാഭ്യാസവും പ്രവേശന പരീക്ഷകളും തമ്മിലുള്ള ഈ വലിയ വിടവ് അടയ്ക്കാതെ കോച്ചിംഗ് ആശ്രിതത്വം കുറയ്ക്കാനാകില്ലെന്നും സമിതി വിദ്യാഭ്യാസ മന്ത്രാലയത്തിനു നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ശരാശരി വിദ്യാർത്ഥിയുടെ തയ്യാറെടുപ്പ് നിലവാരത്തേക്കാൾ ഉയർന്നതാണ് നീറ്റ് യു.ജി, ജെ.ഇ.ഇ പരീക്ഷകളുടെ നിലവാരം. 2023, 2024, 2025 വർഷങ്ങളിലെ നീറ്റ്- യു.ജി ചോദ്യപേപ്പറുകൾ പരിശോധിച്ചതിൽ ഫിസിക്സാണ് ഏറ്റവും കടുപ്പമേറിയ വിഭാഗമായി കണ്ടെത്തിയത്. മൂന്നു വർഷങ്ങളിലും ചോദ്യങ്ങളുടെ നിലവാരം ശരാശരി പരീക്ഷാർത്ഥിയുടെ തയ്യാറെടുപ്പിനെക്കാൾ ഉയർന്നിരുന്നു. ഫിസിക്സിലെ ഏതാനും മാർക്കുകളുടെ വ്യത്യാസം പോലും ആയിരക്കണക്കിനു റാങ്കുകളുടെ മാറ്റത്തിനു കാരണമാകുന്നു.
ജെ.ഇ.ഇയിലും സ്ഥിതി വ്യത്യസ്തമല്ല. 2025ലെ ചോദ്യപേപ്പറുകൾ പരിശോധിച്ച സമിതി ചോദ്യങ്ങളുടെ കാഠിന്യം ചൂണ്ടിക്കാട്ടി. ഉയർന്ന മാർക്ക് നേടിയത് വളരെ കുറച്ചുപേർ മാത്രമാണ്.
പാഠ്യപദ്ധതി ഏകീകരിക്കണം
1.നീറ്റ്, ജെ.ഇ.ഇ ചോദ്യങ്ങളിൽ പരിശോധിക്കുന്നത് വിദ്യാർത്ഥികളുടെ ആശയഗ്രഹണം, പ്രയോഗശേഷി, ഉയർന്നതലത്തിലുള്ള പ്രശ്നപരിഹാരം എന്നിവയാണ്. ഇവ സാധാരണ സ്‌കൂൾ പഠനത്തിൽ വേണ്ടത്ര ലഭിക്കുന്നില്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ.
2.എൻ.സി.ഇ.ആർ.ടി, സംസ്ഥാന ബോർഡ് പാഠ്യപദ്ധതികൾ പ്രവേശന പരീക്ഷകളുടെ നിലവാരവുമായി കൂടുതൽ ഏകോപിപ്പിക്കണം. വിവിധ ബോർഡുകളിലെ പാഠ്യപദ്ധതികൾ തമ്മിലും ഏകീകരണം വേണം.
3.ബോർഡ് പരീക്ഷകൾക്കും പ്രവേശന പരീക്ഷകൾക്കുമിടയിൽ കുറഞ്ഞത് ആറുമാസത്തെ ഇടവേള നൽകണമെന്നും നീറ്റ്, ജെ.ഇ.ഇ പോലുള്ള പരീക്ഷകൾ വർഷത്തിൽ രണ്ടുതവണയെങ്കിലും നടത്തണമെന്നും ശുപാർശയുണ്ട്. പരീക്ഷാ സമ്മർദ്ദം കുറയ്ക്കുന്നതിനൊപ്പം സ്വകാര്യ കോച്ചിംഗിനോടുള്ള ആശ്രിതത്വവും കുറയ്ക്കുകയാണ് ലക്ഷ്യം.
4.എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ഓൺലൈൻ കോച്ചിംഗ് ഒരുക്കാനുള്ള കേന്ദ്രനീക്കം പുരോഗമിക്കുന്നതിനിടെയാണ് റിപ്പോർട്ട്. കോച്ചിംഗിനു പകരം സ്‌കൂൾ തന്നെ പ്രവേശനപരീക്ഷാ തയ്യാറെടുപ്പിന്റെ അടിത്തറയാകണം എന്നതാണ് റിപ്പോർട്ടിന്റെ കാതൽ.
An expert committee appointed by the Central government found a significant mismatch between school curricula and national entrance exams like NEET and JEE, pushing students to private coaching. The committee's report to the Education Ministry emphasizes bridging this gap to reduce coaching dependency, recommending curriculum unification and better alignment of school education with exam standards.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |