
പാരീസ്: ഇന്ത്യൻ ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനിയായ ഇൻഫോസിസിന് ഫ്രാൻസിൽ 1,75,000 യൂറോ (1,91,04,925 രൂപ) പിഴ. ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്ന സംവിധാനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി രാജ്യത്തെ തൊഴിൽ അതോറിറ്റിയുടേതാണ് നടപടി.
ജീവനക്കാരുടെ ജോലി സമയം കൃത്യമായി ട്രാക്ക് ചെയ്യുന്നതിൽ ഇൻഫോസിസിന്റെ സംവിധാനം പരാജയപ്പെട്ടെന്ന് അധികൃതർ പറയുന്നു. ഫ്രഞ്ച് തൊഴിൽ നിയമങ്ങൾ പ്രകാരം തൊഴിലുടമകൾ ജോലി സമയം (ആഴ്ചയിൽ സാധാരണ 35 മണിക്കൂർ), ഓവർടൈം, നിർബന്ധിത വിശ്രമ കാലയളവ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി പാലിക്കണം.
നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കൃത്യമായ ട്രാക്കിംഗ് സംവിധാനങ്ങളും കമ്പനികൾ നിലനിറുത്തണം. തുടർനടപടികൾ പരിശോധിച്ചുവരികയാണെന്ന് ഇൻഫോസിസ് പ്രതികരിച്ചു. അതേ സമയം, ജോലി സമയം ആഴ്ചയിൽ 70 മണിക്കൂർ ആക്കണമെന്ന ഇൻഫോസിസ് സഹ സ്ഥാപകൻ നാരായണ മൂർത്തിയുടെ വിവാദമായ മുൻ പ്രസ്താവന ഇതിനിടെ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |