ബംഗളൂരു: ഓൺലൈനിലൂടെ വിഷാംശമുള്ള ഉമ്മത്തിൻ കായ് വില്പന നടത്തിയെന്ന കണ്ടെത്തലിനെത്തുടർന്ന് ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ്‌ബാസ്‌കറ്റ് എന്നിവയുടെ ഭക്ഷ്യ ലൈസൻസുകൾ കർണാടക സർക്കാർ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. കർണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ വകുപ്പാണ് ഓൺലൈൻ പ്ളാറ്റ്ഫോമുകൾക്കെതിരെ നടപടി സ്വീകരിച്ചത്.
ഉമ്മത്തിൻ കായ്, അവയുടെ വിത്തുകൾ (ഡാറ്റുറ/ധത്തൂര) എന്നിവ ഓൺലൈനിലൂടെ വിൽക്കുന്നുവെന്ന പരാതി ലഭിച്ചതിനെത്തുടർന്ന് അധികൃതർ അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിൽ വിഷാംശമുള്ള പഴങ്ങളും വിത്തുകളും വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഭക്ഷ്യവസ്തുക്കളെന്ന നിലയിൽ വില്പനയ്ക്ക് പ്രദർശിപ്പിച്ചിരുന്നതായി കണ്ടെത്തി. ചില പായ്ക്കറ്റുകളിൽ ഭക്ഷ്യ ലൈസൻസ് അല്ലെങ്കിൽ രജിസ്‌ട്രേഷൻ നമ്പറുകളും രേഖപ്പെടുത്തിയിരുന്നു. മനുഷ്യർ കഴിച്ചാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും ജീവഹാനി ഉൾപ്പെടെ സംഭവിക്കാനും ഇടയാക്കാവുന്ന ഉൽപ്പന്നമാണ് ഉമ്മത്തിൻ കായ് എന്ന് അധികൃതർ വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി കമ്പനിയുടെ പ്രതിനിധികളെ ഭക്ഷ്യസുരക്ഷാ വിഭാഗം വിളിച്ചുവരുത്തിയെങ്കിലും ആമസോൺ അധികൃതർ മറുപടി സമർപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് മറുപടി നൽകുന്നതിനായി കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷാംശമുള്ള പഴങ്ങളുടെ ഓൺലൈൻ വില്പന നിർത്തിയതായി ബിഗ്‌ബാസ്‌കറ്റ് സ്ഥിരീകരിച്ചു. ഭാവിയിൽ ഇത്തരം ഉൽപ്പന്നങ്ങളുടെ ലേബലിൽ 'മനുഷ്യ ഉപഭോഗത്തിനല്ല' എന്ന് വ്യക്തമായി രേഖപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.
ഓൺലൈൻ പ്ളാറ്റ്ഫോമുകൾ നൽകിയ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വിലയിരുത്തൽ. വിഷമുള്ള പഴങ്ങളും വിത്തുകളും ഭക്ഷ്യവസ്തുവായി സംഭരിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യാൻ അനുമതിയില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇതിനെത്തുടർന്നാണ് ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ്‌ബാസ്‌കറ്റ് എന്നിവയുടെ ഭക്ഷ്യ ലൈസൻസുകൾ തുടർ ഉത്തരവുണ്ടാകുന്നതുവരെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയത്.
Bengaluru: Karnataka has temporarily suspended the food licences of Amazon, Swiggy Instamart and BigBasket after toxic datura fruits and seeds were allegedly sold online. An investigation found the poisonous products listed as food items. Authorities said the companies' explanations were unsatisfactory and suspended their licences pending further orders.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |