
തൃശൂർ: മാനസിക പരിവർത്തനം സംഭവിക്കുന്ന തടവുകാരനെ ജയിൽമോചിതനായ ശേഷം പുനരധിവസിപ്പിക്കുന്നതിന് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഒരിക്കൽ കള്ളനായി മാറേണ്ടിവന്ന വ്യക്തിയെ ജീവിതകാലം മുഴുവൻ കള്ളനെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തുന്ന സമൂഹത്തിൽ അയാൾക്ക് ഒരു നല്ല മനുഷ്യനായി ജീവിക്കാൻ ഉതകുന്ന സഹായങ്ങൾ ചെയ്തുകൊടുക്കാൻ സർക്കാരിന് കഴിയണമെന്നും കമ്മിഷൻ അംഗം വി.ഗീത ഉത്തരവിൽ പറഞ്ഞു. ഇത്തരം ആളുകൾക്ക് വേണ്ടിയുള്ള ഒരു പുനരധിവാസ പദ്ധതിക്ക് കാലതാമസം കൂടാതെ രൂപം നൽകണമെന്നും ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജയിൽ ഡി.ജി.പി എന്നിവർക്കാണ് കമ്മിഷൻ നിർദ്ദേശം നൽകിയത്.
തടവുകാർ സർക്കാരിലേക്ക് അയക്കുന്ന കത്തുകൾക്ക് കൃത്യമായ മറുപടി നൽകണമെന്നും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. 36 വർഷമായി വിവിധ ജയിലുകളിൽ കഴിയുന്ന വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനായ സി.സജീവൻ സമർപ്പിച്ച പരാതിയിലാണ് നടപടി. തന്റെ ജയിൽ ജീവിതം അവസാനിക്കാറായെന്നും 67 വയസായ തനിക്ക് സ്വസ്ഥതയോടെ ജീവിക്കാനുള്ള അവസരം നൽകണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |