
തൃശൂർ: മഞ്ഞയും കറുപ്പും വരകളണിഞ്ഞ്, കുടവയറുമായി, അസുരവാദ്യത്തിന്റെ താളത്തിൽ നാളെ പുലിക്കൂട്ടങ്ങൾ നഗരത്തിൽ ഇറങ്ങും. പുലിമടകളിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാകുമ്പോൾ തൃശൂരിന്റെ തെരുവുകൾ വീണ്ടും 'പുലി'യാവേശത്തിൽ മുങ്ങും. ഒമ്പത് പുലിക്കളി സംഘങ്ങളാണ് ഇത്തവണ അണിനിരക്കുന്നത്. പെൺപുലികളും കുട്ടിപുലികളുമെല്ലാം ഉൾപ്പെടെ ഓരോ സംഘത്തിലും 35ഓളം പുലികളുണ്ടാകും. അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ, ചക്കാമുക്ക്, നായ്ക്കനാൽ, യുവജനസംഘം വിയ്യൂർ, ശങ്കരംകുളങ്ങര, പാട്ടുരായ്ക്കൽ, ഒളരിക്കര ദേശങ്ങളാണ് കളത്തിൽ ഇറങ്ങുന്നത്. പുലികളിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മേയർ ഡോ.നിജി ജസ്റ്റിനും ഡെപ്യൂട്ടി മേയർ എ.പ്രസാദും വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുൻ വർഷത്തേക്കാൾ ഉയർന്ന തുകയാണ് സംഘങ്ങൾക്ക് നൽകുന്നതെന്ന് മേയർ അറിയിച്ചു. മൂന്നര ലക്ഷം രൂപ വീതം ഓരോ സംഘങ്ങൾക്കും നൽകും. തുകയുടെ ആദ്യഗഡു നൽകി. ഒരോ സംഘങ്ങൾക്കും 250 ലിറ്റർ വീതം കുടിവെള്ളവും 120 ലിറ്റർ മണ്ണെണയും നൽകും. വാർത്താസമ്മേളനത്തിൽ ടി.ആർ.സന്തോഷ്, മേഫി ഡെൽസൺ എന്നിവരും പങ്കെടുത്തു. നടുവിലാൽ, ബിനി, പാറമേക്കാവ് എന്നിവിങ്ങളിലാണ് വിധി കർത്താക്കൾ. വിദേശികളടക്കമുള്ളവർക്ക് പ്രത്യേക പവലിയനും ഒരുക്കിയിട്ടുണ്ട്.
പുലിക്ക് ചമയമൊരുക്കി നഗരം
ഇന്നലെ നടന്ന പുലിചമയ പ്രദർശനവും വൻ ജനശ്രദ്ധ നേടി. ഒമ്പത് ദേശങ്ങളിലായി വൈകിട്ട് അഞ്ചുമുതൽ രാത്രി എട്ടുവരെയായിരുന്നു ചമയപ്രദർശനം. ഇത്തവണ മികച്ച ചമയത്തിന് 10,000 രൂപയും രണ്ടാം സ്ഥാനത്തിന് 7,500 രൂപയും മൂന്നാം സ്ഥാനത്തിന് 5,000 രൂപയും സമ്മാനമുണ്ട്. മികച്ച പുലികളി സംഘത്തിന് 70,000 രൂപയും രണ്ടാം സ്ഥാനത്തിന് 60,000 രൂപയും മൂന്നാം സ്ഥാനത്തിന് 50,000 രൂപയുമാണ് സമ്മാനം. കൂടാതെ ഏഴ് ഇനങ്ങളിലും സമ്മാനം നൽകും.
പുരസ്‌കാരങ്ങൾ
പുലികളി സംഘം, നിശ്ചല ദൃശ്യം (പുരാണം,സമകാലികം), പുലിക്കൊട്ട്,പുലിവേഷം,പുലിവണ്ടി, അച്ചടക്കം,പുലിവര, പുലിചമയം
നാലിന് പുലിയിറങ്ങും
കുട്ടൻകുളങ്ങര ദേശമാണ് ആദ്യം തേക്കിൻക്കാട്ടേക്ക് പ്രവേശിക്കുക. ബിനിയുടെ മുന്നിൽ വൈകിട്ട് നാലിന് ഫ്‌ളാഗ് ഓഫ് നടക്കും. എം.ജി. റോഡ് വഴി ആറു സംഘങ്ങളും ഷൊർണൂർ റോഡ് വഴി ഒരു സംഘവും വടക്കേ സ്റ്റാൻഡ് വഴി രണ്ട് സംഘങ്ങളും തേക്കിൻക്കാട്ടേക്ക് എത്തും.
പുലിക്കൊപ്പം സന്ദേശവും
ഇത്തവണ പുരാണകഥകൾക്കൊപ്പം സമകാലിക വിഷയങ്ങളും നിശ്ചലദൃശ്യങ്ങളിലൂടെ അവതരിപ്പിക്കും. 'ഓപ്പറേഷൻ തൂഫാൻ' ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോർപ്പറേഷന്റെ ബോധവത്കരണ നിശ്ചലദൃശ്യവും മുന്നിലുണ്ടാകും.
അവധി
തൃശൂർ: പുലികളിയോടനുബന്ധിച്ച് ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് അനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |