
പൂവാർ: ശക്തമായ കടലാക്രമണവും മഴയും കാരണം കടലിൽ പോകാൻ കഴിയാതായതോടെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. അടിയന്തര സഹായം വേണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. കടലിൽ പോകരുതെന്ന ദുരന്തനിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പുകൾ വന്നുതുടങ്ങിയതുമുതൽ മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലകളിൽ പണിയെടുക്കുന്നവരും പ്രതിസന്ധിയിലാണ്.
അനുബന്ധ മേഖലയിൽ പണിയെടുത്തിരുന്ന സ്ത്രീ തൊഴിലാളികൾക്കും ജോലി നഷ്ടപ്പെട്ടതോടെ നിത്യ ചെലവുകൾക്കും വഴിയില്ലാതായി. ഇതോടെ പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്.
അടിയന്തര സഹായം വേണം
കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് പണിയില്ലാതാവുന്ന തൊഴിലാളികൾക്ക് അടിയന്തര സഹായം നൽകണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ നാളിതുവരെ ഇതിന് പരിഹാരം കണ്ടെത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപമുണ്ട്. പ്രകൃതിക്ഷോഭം രൂക്ഷമാകുമ്പോൾ മത്സ്യബന്ധന ഉപകരണങ്ങൾ വേണ്ടുംവിധം സംരക്ഷിക്കാൻ തൊഴിലാളികൾക്ക് കഴിയാറില്ല. ഇത്തരം സന്ദർഭങ്ങളിൽ തീരത്ത് അടുക്കിവച്ചിട്ടുള്ള യാനങ്ങൾക്കും മറ്റും കേടുപാടുകൾ സംഭവിക്കുമ്പോൾ സർക്കാർ നൽകുന്നത് പരിമിതമായ നഷ്ടപരിഹാരമാണ്. അതു പോലും സമയബന്ധിതമായി ലഭിക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മത്സ്യങ്ങളുടെ ലഭ്യതക്കുറവും യന്ത്രോപകരണങ്ങളുടെയും ഇന്ധനത്തിന്റെയും അടിക്കടിയുള്ള വിലക്കയറ്റവും കാരണം പൊതുവെ കടൽപ്പണി നഷ്ടത്തിലാകുന്ന സാഹര്യമാണ് ഇപ്പോഴുള്ളത്.
ആവശ്യങ്ങൾ
കടൽക്ഷോഭം തകർത്തെറിയുന്ന മത്സ്യബന്ധന ഉപകരണങ്ങൾക്കും യാനങ്ങൾക്കും പകരം നൽകാൻ വകുപ്പുതല നടപടി സ്വീകരിക്കണം.
സൗജന്യ റേഷനും പ്രത്യേക സാമ്പത്തിക സഹായവും ഉറപ്പുവരുത്തണം.
യാനങ്ങളുടെ മെയിന്റനൻസിന് പലിശരഹിത വായ്പകൾ ഉറപ്പാക്കണം.
കടലിൽ അകപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനും അവർക്ക് അടിയന്തര സേവനം ഉറപ്പ് വരുത്താനും സുരക്ഷാ സേനയെ വിന്യസിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |