SignIn
Kerala Kaumudi Online
Sunday, 20 September 2026 6.59 PM IST

പാറമേൽപ്പടി – ഇലഞ്ഞിമേൽ റോഡിൽ ദുരിതയാത്ര കുത്തിപ്പൊളിച്ച് റോഡ്, പൊടി തിന്ന് നാട്ടുകാർ

44
പാറമേൽപ്പടി–ഇലഞ്ഞിമേൽ റോഡിലെ മെറ്റലും പാറപ്പൊടിയും ഇളകിയതിനെ തുടർന്ന് വാഹനങ്ങൾ കടന്നുപോകുമ്പോൾ പരിസരമാകെ പൊടി ഉയരുന്നു.

ചെറിയനാട് : പുനർനിർമ്മാണത്തിന്റെ ഭാഗമായി പാറമേൽപ്പടി - ഇലഞ്ഞിമേൽ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞ് എട്ടുമാസം പിന്നിട്ടിട്ടും ദുരിതയാത്രയിൽ വലഞ്ഞ് യാത്രക്കാർ. മെറ്റിലും പാറപ്പൊടിയും ഇട്ട റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടിപടലങ്ങൾ സമീപവാസികൾക്ക് ആരോഗ്യഭീഷണിയാകുന്നു. 15 വർഷത്തിലേറെയായി തകർന്നുകിടന്ന റോഡിന്റെ പുനർനിർമാണത്തിനായി 2.10 കോടി രൂപ അനുവദിച്ചതായി മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചിരുന്നു. 2026 ജനുവരി 11ന് നിർമാണ ഉദ്ഘാടനവും നടത്തി.എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം ആരംഭിക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നതോടെയാണ് ജെ.സി.ബി ഉപയോഗിച്ച് റോഡ് കുത്തിപ്പൊളിച്ചത്. റോഡ് പൊളിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം ആരംഭിക്കാത്തതിനെതിരെ വീണ്ടും പ്രതിഷേധം ഉയർന്നു. തുടർന്ന് റോഡിൽ മെറ്റിൽ വിരിച്ച് പാറപ്പൊടിയിട്ട് ഉറപ്പിച്ചു. എന്നാൽ മഴ പെയ്തതോടെ മെറ്റൽ ഇളകി റോഡിൽ നിരന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ പാറപ്പൊടി അന്തരീക്ഷമാകെ പടരുന്ന സ്ഥിതിയാണ്. റോഡിന് സമീപം താമസിക്കുന്നവർ ഇതുകാരണം ദുരിതത്തിലാണ്.

പ്രതിഷേധവുമായി നാട്ടുകാർ

പുലിയൂർ – ചെറിയനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് ഒന്നര പതിറ്റാണ്ടിലേറെയായി തകർന്നുകിടക്കുകയാണ്. സ്കൂൾ ബസുകൾ ഉൾപ്പെടെ ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. ടാറിംഗ് തകർന്ന് കുണ്ടും കുഴിയുമായി കിടന്ന റോഡിലൂടെയുള്ള യാത്ര ഏറെ ബുദ്ധിമുട്ടായിരുന്നു. ഇതോടെ ബി.ജെ.പി. ഉൾപ്പെടെ വിവിധ സംഘടനകൾ പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു. തുടർന്നാണ് റോഡ് നിർമ്മാണത്തിന് തുക അനുവദിച്ചുള്ള മന്ത്രി സജി ചെറിയാന്റെ പ്രഖ്യാപനം ഉണ്ടായത്. ചെറിയനാട്, പുലിയൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന രണ്ട് കിലോമീറ്റർ നീളമുള്ള റോഡിൽ 16വർഷം മുൻപ് നബാർഡ് ഏറ്റെടുത്താണ് ഒടുവിൽ ടാറിംഗ് നടത്തിയത്.

..................................................

"മെറ്റിലും പാറപ്പൊടിയും ഇളകിക്കിടക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ വീടുകളിലേക്ക് ഉൾപ്പെടെ പൊടി കയറുകയാണ്. കുട്ടികളും വൃദ്ധരും ഉൾപ്പെടെയുള്ളവർ ഏറെ ബുദ്ധിമുട്ടുന്നു. എത്രയും വേഗം റോഡ് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണം.

സോമൻ

(ഓട്ടോ ഡ്രൈവർ)

......................................................

നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞിട്ട് 8 മാസം

റോഡ് തകർന്നിട്ട് 15 വർഷം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL