SignIn
Kerala Kaumudi Online
Friday, 28 August 2026 4.57 AM IST

തിരുവോണത്തോണിയെത്തി, ആറന്മുളയിൽ വിഭവസമൃദ്ധം

aranmula

കോഴഞ്ചേരി : തിരുവാറന്മുളയപ്പന് തിരുവോണസദ്യ ഒരുക്കാനായി മങ്ങാട്ട് കുടുംബാംഗം അനൂപ് നാരായണൻ ഭട്ടതിരിയുടെ നേതൃത്വത്തിൽ കാട്ടൂരിൽ നിന്ന് തോണിയിൽ എത്തിച്ച വിഭവങ്ങൾ കൂട്ടി ഓണസദ്യ ഒരുക്കി. ഉത്രാടസന്ധ്യയ്ക്ക് കാട്ടൂരിൽ നിന്ന് പുറപ്പെട്ട തിരുവോണത്തോണി തിരുവോണ പുലർച്ചെ ആറന്മുള ക്ഷേത്രക്കടവിൽ എത്തിച്ചേർന്നപ്പോൾ വിവിധകരകളുടെ പളളിയോടങ്ങൾ വഞ്ചിപ്പാട്ട് പാടി തോണിക്ക് അകമ്പടി സേവിച്ചു. ഉത്രാടം നാളിൽ കാട്ടൂർ മഹാവിഷ്ണു ക്ഷേത്ര മേൽശാന്തി പകർന്ന് നൽകിയ ദീപവുമായി തിരുവോണത്തോണിയിൽ പുറപ്പെട്ട ഭട്ടതിരി അയിരൂർ മഠം , മേലുകര വെച്ചൂർ മന എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് തിരുവോണ പുലർച്ചെ ആറന്മുളയിലെത്തിയത്. പളളിയോട സേവാസംഘം, ക്ഷേത്ര ഉപദേശക സമിതി, ദേവസ്വം ഉദ്യോഗസ്ഥർ, കരനാഥൻമാർ തുടങ്ങിയവർ ചേർന്ന് ക്ഷേത്ര കടവിൽ ആചാരപരമായി സ്വീകരിച്ചു. ആറന്മുള ക്ഷേത്രത്തിലെ കെടാവിളക്കിൽ തെളിക്കാനുളള ദീപവുമായാണ് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് മങ്ങാട്ട് ഭട്ടതിരി യാത്രതിരിച്ചത്. ശ്രീകോവിലിലെ കെടാവിളക്കിലെ ദീപം കെടുത്തി കാത്ത് നിന്ന ആറന്മുള ക്ഷേത്ര മേൽശാന്തിക്ക് ഭട്ടതിരി ദീപം കൈമാറി. ഇതിന് ശേഷം ഊട്ടുപുരയിൽ തിരുവോണസദ്യയ്ക്ക് ഒരുക്കങ്ങൾ ആരംഭിച്ചു. ഉച്ചയോടെ തയ്യാറായ സദ്യ ആദ്യം ഭഗവാന് ആനക്കൊട്ടിലിൽ വിളമ്പി. തുടർന്ന് കരക്കാരും ഭട്ടതിരിയും ഭഗവാനൊപ്പം പ്രസാദമായി ഒരുക്കിയ തിരുവോണസദ്യ കഴിച്ചു. വൈകിട്ട് ദീപാരാധന തൊഴുത ഭട്ടതിരി ദേവസ്വം ബോർഡ് നൽകിയ കിഴിപ്പണം സ്വീകരിച്ച് അത് തിരികെ ഭഗവാന്റെ ഭണ്ഡാരത്തിൽ സമർപ്പിച്ച് അടുത്ത വർഷവും അവസരം തരണമെന്ന് ഭഗവാനോട് പ്രാർത്ഥിച്ച് കുമാരനല്ലൂരിന് മടങ്ങിയതോടെ തിരുവോണദിന ചടങ്ങുകൾ സമാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL