പാലക്കാട്: ഗവ. മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകിയ സമയപരിധി കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ശുദ്ധജല ലഭ്യത ഉറപ്പാക്കാനായില്ല. സെപ്റ്റംബർ 24നകം പണി പൂർത്തിയാക്കുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. എന്നാൽ 90 ശതമാനം പണി പൂർത്തിയായെങ്കിലും പ്രശ്നം പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. മഴയാണ് നിർമ്മാണം വൈകാൻ കാരണമെന്നാണ് അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടിയെന്ന് വിദ്യാർത്ഥികൾ പറയുന്നു.
കുഴൽക്കിണർ ഉപയോഗശൂന്യം
ജൂലായിലാണ് ഹോസ്റ്റലുകളിലെ കുടിവെള്ള വിതരണം തടസപ്പെട്ടത്. കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കുഴൽക്കിണറിലെ വെള്ളത്തിൽ മഴവെള്ളവും അഴുക്കുചാലിലെ വെള്ളവും കലർന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. വെള്ളം പരിശോധിച്ചപ്പോൾ ഇക്കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതായും തുടർന്ന് വിദ്യാർത്ഥികൾക്ക് വയറിളക്കം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായും റിപ്പോർട്ട് ചെയ്തിരുന്നു.
ആദ്യം ആൺകുട്ടികളുടെ ഹോസ്റ്റലിലാണ് മലിനജല പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് പെൺകുട്ടികളുടെ ഹോസ്റ്റലിലും സമാന സാഹചര്യമുണ്ടായി. ഇതോടെ കുഴൽക്കിണറിലെ വെള്ളത്തെ ആശ്രയിക്കുന്നത് സുരക്ഷിതമല്ലാതായി. തുടർന്ന് ഹോസ്റ്റലുകളിലേക്ക് പുറത്തുനിന്ന് വെള്ളം എത്തിച്ചാണ് താത്കാലികമായി പ്രതിസന്ധി മറികടന്നത്.
മഴ വീണ്ടും ആശങ്കയാകുന്നു
തുലാമഴ ശക്തമായി തുടരുന്നതിനിടെ നിർമ്മാണം വൈകുന്നത് വിദ്യാർത്ഥികളുടെ ആശങ്ക വർദ്ധിപ്പിക്കുകയാണ്. മഴവെള്ളം മലിനജലവുമായി കലർന്ന് കുഴൽ കിണറിലേക്ക് എത്തിയതിനെ തുടർന്നുണ്ടായ പ്രശ്നം ആവർത്തിക്കാതിരിക്കാൻ ശുദ്ധജലവിതരണ സംവിധാനം പൂർണമായി സജ്ജമാക്കേണ്ടതുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ നിർമ്മാണം ഇനിയും നീണ്ടാൽ പഴയ സാഹചര്യം ആവർത്തിക്കുമോയെന്ന ആശങ്കയും വിദ്യാർത്ഥികൾ പങ്കുവയ്ക്കുന്നു. അടുത്ത മാസം ഇന്റർസോൺ കലോത്സവം നടക്കാനിരിക്കെ അതിന് മുമ്പെങ്കിലും കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ആവശ്യം. ശേഷിക്കുന്ന നിർമ്മാണപ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കി വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടതുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |