SignIn
Kerala Kaumudi Online
Monday, 25 May 2026 4.53 AM IST

തമിഴ്നാട് റേഷനരി വാളയാർ വഴി കേരള വിപണിയിലേക്ക്‌

rice
റേഷനരി

വാളയാർ: അഞ്ച് രൂപയുടെ അരി അതിർത്തി കടക്കുമ്പോൾ 25 രൂപ, പോളീഷ് ചെയ്താൽ 65 രൂപ. പാവപ്പെട്ടവർക്ക് തമിഴ്‌നാട് സർക്കാർ ചുരുങ്ങിയ വിലയ്ക്ക് നൽകുന്ന അരിയാണ് വാളയാർ വഴി കേരള വിപണിയിലേക്ക് ഒഴുകുന്നത്. തമിഴ്‌നാട്ടിൽ നിന്ന് കടത്തി കൊണ്ടുവരുന്ന വില കുറഞ്ഞ അരി അതിർത്തി കടക്കുമ്പോൾ വില കൂടിയ സ്‌പെഷൽ അരിയായി മാറുകയാണ്. അരിക്കടത്തിന് നേതൃത്വം നൽകുന്ന ഒരു ടീം തന്നെ വാളയാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്ന് കിലോയ്ക്ക് അഞ്ചു രൂപ നിരക്കിലാണ് ഇവർ അരി വാങ്ങുന്നത്. ഇത് വാളയാറിൽ എത്തിച്ചതിന് ശേഷം വൻകിട കച്ചവടക്കാർക്ക് കിലോയ്ക്ക് 25 രൂപ നിരക്കിൽ വിൽക്കുകയാണ് ചെയ്യുന്നത്. ഇവരിൽ നിന്നും അരി വാങ്ങുന്ന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വൻകിട ഏജന്റുമാർ കിലോക്ക് 25 രൂപക്ക് വാങ്ങുന്ന അരി പോളീഷ് ചെയ്ത് കിലോക്ക് 65 രൂപക്ക് മാർക്കറ്റിൽ എത്തിക്കുന്നു. ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്ക് പോലും ഈ അരി എത്തുന്നതായാണ് വിവരം. ടൺ കണക്കിന് അരി വാളയാർ വഴി എത്തുന്നത് മൂലം ലക്ഷങ്ങളാണ് കച്ചവടക്കാരുടെ പോക്കറ്റിൽ വീഴുന്നത്.

 ട്രെയിനിലും അരികടത്ത്
ജി.എസ്.ടി വന്നതിന് ശേഷം ചെക്‌പോസ്റ്റ് സംവിധാനം ഇല്ലാതായതും അരി കടത്തുകാർക്ക് ഗുണമായി. വാഹനമാർഗ്ഗം നേരിട്ട് അരി കൊണ്ടുവരുന്നുണ്ട്. ഇതിന് ജി.എസ്.ടി ബിൽ ശരിയാക്കി കൊടുക്കാൻ ചില ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. അരിക്ക് ജി.എസ്.ടി നിരക്ക് ഒരു ശതമാനമേ ഉള്ളു എന്നതിനാൽ ഏജൻസിക്കാരുടെ ഫീസ് ഉൾപ്പെടെ ചെറിയൊരു സംഖ്യ മാത്രമെ അരിക്കടത്തുകാർക്ക് ചെലവ് വരുന്നുള്ളു. ഇതിന് പുറമെ ട്രെയിൻ മാർഗ്ഗം അരികടത്തുന്നുണ്ട്. റെയിൽവെ സ്റ്റേഷനിൽ നിന്നും തല ചുമടായാണ് അരി രഹസ്യ ഗോഡൗണുകളിലേക്ക് കൊണ്ടുപോകുന്നത്. വാളയാർ മേഖലയിൽ തമിഴ്‌നാട് റേഷനരി സൂക്ഷിക്കുന്ന നിരവധി രഹസ്യ ഗോഡൗണുകൾ പ്രവർത്തിക്കുന്നുണ്ട്. തമിഴ്നാട് സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പാവപ്പെട്ടവർക്ക് ചുരുങ്ങിയ വിലക്ക് നൽകേണ്ട അരി മറിച്ച് വിൽക്കുന്നത്. അതിർത്തി കടക്കുമ്പോൾ തമിഴ്നാട് റേഷനരിയുടെ വില പന്ത്രണ്ട് ഇരട്ടിയായി ഉയരുന്ന പ്രതിഭാസം കേരളത്തിലെ ഉദ്യോഗസ്ഥരും കണ്ടില്ലെന്ന് നടിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, WALAYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL