മലപ്പുറം: മഴ ശക്തമായതോടെ ഷിഗെല്ല ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയാൻ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച 'ക്ലീൻ കേരള മൺസൂൺ സ്‌ക്വാഡ്' പരിശോധനയിൽ ശനിയാഴ്ച വരെ 316 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഗുരുതരമായ വീഴ്ചകൾ വരുത്തിയ 28 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാനുള്ള നോട്ടീസും ചെറിയ പോരായ്മകൾ കണ്ടെത്തിയ 44 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. പരിശോധനയുടെ ഭാഗമായി 84 സർവൈലൻസ് സാമ്പിളുകളും 37 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും ശേഖരിച്ചു. വൃത്തിഹീനമായും നിയമാനുസൃതമല്ലാതെയും പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങളോട് പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ അടച്ചിടാൻ നിർദ്ദേശിച്ചു. കൂടാതെ, മലപ്പുറം കോട്ടപ്പടിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് ഏകദേശം ഒന്നര ക്വിന്റലോളം കാലാവധി കഴിഞ്ഞ മില്ലെറ്റ് പിടിച്ചെടുത്തതിനെ തുടർന്ന് സ്ഥാപനത്തിന്റെ പ്രവർത്തനം നിറുത്തിവയ്പ്പിക്കുകയും 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
കഴിഞ്ഞ മാസം 28ന് ആരംഭിച്ച് ഈ മാസം മൂന്നിന് അവസാനിച്ച ക്ലീൻ കേരള സ്‌പെഷ്യൽ സ്‌ക്വാഡ് ഒന്നാംഘട്ട പരിശോധനയിൽ അഞ്ച് സ്‌ക്വാഡുകൾ ചേർന്ന് 528 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ 38 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതിനായി നോട്ടീസ് നൽകി. ലൈസൻസില്ലാതെ പ്രവർത്തിച്ച ഒരു സ്ഥാപനത്തിനെതിരെ കേസ് ഫയൽ ചെയ്യാനും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾ അടിയന്തരമായി അടച്ചുപൂട്ടാനും നിർദ്ദേശം നൽകിയിരുന്നു. ഈ സ്ഥാപനങ്ങൾക്ക് പോരായ്മകൾ പൂർണ്ണമായി പരിഹരിച്ചതിന് ശേഷം മാത്രമേ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളൂ. ഗൗരവകരമല്ലാത്ത ന്യൂനതകൾ കണ്ടെത്തിയ 63 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം കുറവുകൾ പരിഹരിച്ച് ബന്ധപ്പെട്ട സർക്കിൾ ഓഫീസിൽ രേഖാമൂലം അറിയിക്കണം.
ഒന്നാം ഘട്ടത്തിൽ ആകെ 78 സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്.
ജൂൺ ഏഴ് മുതൽ 14 വരെ ദിവസേന രണ്ട് സ്‌ക്വാഡുകളെ വീതം വിന്യസിച്ചായിരുന്നു രണ്ടാംഘട്ട ഊർജിത പരിശോധനകൾ നടത്തിയത്.
ഈ ഘട്ടത്തിൽ 150 സ്ഥാപനങ്ങൾ പരിശോധിക്കുകയും വൃത്തിഹീനമായ അന്തരീക്ഷത്തിലും നിയമാനുസൃത രേഖകൾ ഇല്ലാതെയും പ്രവർത്തിച്ച 15 സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുന്നതിന് നോട്ടീസ് നൽകുകയും ചെയ്തു
. ചെറിയ കുറ്റകൃത്യങ്ങൾ കണ്ടെത്തിയ 24 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസുകൾ നൽകി.
സംശയം തോന്നിയ കുടിവെള്ളം ഉൾപ്പെടെയുള്ള 47 ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് കൂടുതൽ പരിശോധനകൾക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഈ മാസം 15ഓടെ രണ്ടാംഘട്ട പരിശോധനകൾ പൂർത്തിയായി. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമായി തുടരും.
സി.എസ്.രാജേഷ്, ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ
മൂന്നാംഘട്ടം
ആകെ പരിശോധന - 316
പിഴ ചുമത്തിയ സ്ഥാപനങ്ങൾ- 28
റെക്ടിഫിക്കേഷൻ നോട്ടീസ് നൽകിയ സ്ഥാപനങ്ങൾ- 44
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |