കോഴിക്കോട്: എച്ച്.ഐ.വി/ എയ്ഡ്സ് രോഗികൾക്ക് ചികിത്സാ ധനസഹായം മുടങ്ങിയിട്ട് 21 മാസം. ദുരിതത്തിലായ ഇവർക്ക് കനത്ത നിരാശയാണ് ബഡ്ജറ്റും സമ്മാനിച്ചത്. പദ്ധതി പുനഃസ്ഥാപിക്കാനോ കുടിശ്ശിക വിതരണം ചെയ്യാനോ പ്രഖ്യാപനങ്ങളില്ലാത്തത് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇവർ. ആന്റി റിട്രോവൈറൽ സെന്ററുകളിൽ (എ.ആർ.ടി) രജിസ്റ്റർ ചെയ്ത് ചികിത്സയെടുക്കുന്നവർക്കും എച്ച്.ഐ.വി. അണുബാധിതർക്കും പ്രതിമാസം സർക്കാർ നൽകിയിരുന്ന ആയിരം രൂപ പെൻഷൻ കഴിഞ്ഞ 21 മാസമായി മുടങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ സർക്കാർ അവസാന നിമിഷം 1000 ത്തിൽ നിന്നും 2000 രൂപയാക്കി വർദ്ധിപ്പിച്ചെങ്കിലും രോഗികളുടെ കെെകളിലെത്തിയിട്ടില്ല. ജില്ലയിലെ 2500ഓളം പേർ രോഗികളായുണ്ട്. ഇവരിൽ പലരും ചികിത്സാധനത്തിന് അപക്ഷിച്ചിട്ടുണ്ട്. 2024 ജനുവരി മുതൽ കഴിഞ്ഞ മാസം വരെയുള്ള പണമാണ് കുടിശ്ശികയായുള്ളത്. 2023 ഡിസംബറിലാണ് ഇവർക്ക്അവസാനം പെൻഷൻ ലഭിച്ചത്. സാമൂഹിക വിവേചനവും സ്വകാര്യതാ പ്രശ്നങ്ങളും കാരണം തങ്ങളുടെ ദുരിതം തുറന്നു പറയാൻ പോലും പല രോഗികൾക്കും കഴിയുന്നില്ല. ഇതിനിടെ ധനസഹായം മുടങ്ങിയതോടെ മരുന്ന്, പോഷകാഹാരം, യാത്രാചെലവ് എന്നിവ കണ്ടെത്താൻ പോലും ബുദ്ധിമുട്ടാണ്.
മറ്റ് ആനുകൂല്യങ്ങളുമില്ല
സർക്കാർ മെഡിക്കൽ കോളേജുകളിലും പ്രധാന ജില്ലാ ആശുപത്രികളിലുമുള്ള എ.ആർ.ടി കേന്ദ്രങ്ങൾ വഴി ജീവൻരക്ഷാ മരുന്നുകൾ സൗജന്യമായി ലഭിക്കുന്നുണ്ടെങ്കിലും അനുബന്ധ രോഗങ്ങൾക്കുള്ള മരുന്നുകൾ ലഭിക്കാറില്ല. ഇത് ഭീമമായ തുക നൽകി പുറമെനിന്ന് വാങ്ങണം. കൂടാതെ സർക്കാർ നടപ്പിലാക്കുന്ന പല സാമൂഹ്യ സുരക്ഷാ പദ്ധതികളും ഇവർക്ക് പലപ്പോളും ലഭിക്കാറില്ല. ജില്ല പഞ്ചായത്തുകളുടെ തനത് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയിരുന്ന പോഷകാഹാര വിതരണവും നിലച്ചു. അണുബാധിതരെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ പരിരക്ഷ പോലുള്ള ആനുകൂല്യങ്ങളും ലഭിക്കാറില്ല.
വിതരണം കൃതൃമല്ല
2012 മുതലാണ് എയ്ഡ്‌സ് രോഗികൾക്ക് പെൻഷൻ നൽകിത്തുടങ്ങിയത്. തുടക്കത്തിൽ യാത്രാബത്തയായി 120 രൂപയും ധനസഹായമായി 400 രൂപയും ഉൾപ്പെടെ 520 രൂപയായിരുന്നു. പിന്നീട് ആയിരം രൂപയാക്കിയെങ്കിലും വിതരണം പലപ്പോഴും കൃത്യമല്ലെന്ന് രോഗികൾ പറയുന്നു. ഓരോ സാമ്പത്തിക വർഷവും സർക്കാർ അനുവദിക്കുന്ന ഫണ്ടിൽ നിന്നാണ് തുക വിതരണം ചെയ്തിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |