വൈക്കം: ബോട്ടുചാലിൽ ഡ്രെഡ്ജറിന്റെ പൈപ്പ് വിലങ്ങിയതോടെ വൈക്കം തവണകടവ് ബോട്ട് സർവീസ് ഒന്നേകാൽ മണിക്കൂർ മുടങ്ങി. അഞ്ച് സർവീസുകളാണ് മുടങ്ങിയത്. ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് സംഭവം. തവണക്കടവിൽ നിന്ന് യാത്രക്കാരുമായി വൈക്കത്തേക്ക് വന്ന ബോട്ടിന് ചാലിലൂടെ യാത്ര തുടരാനാകാതെ വന്നതോടെ തവണക്കടവിലേക്ക് തിരികെപോയി. എന്നാൽ പോളശല്യം മൂലം തവണക്കടവിലും ബോട്ട് അടുപ്പിക്കാനായില്ല. യാത്രക്കാരുടെ അനുവാദത്തോടെ പള്ളിപ്പുറം ജെട്ടിയിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് മണപ്പുറം ജെട്ടിയിലാണ് യാത്രക്കാരെ സാഹചര്യം പറഞ്ഞ് ബോദ്ധ്യപ്പെടുത്തി അവരുടെ അനുവാദത്തോടെ ഇറക്കിയത്.15 മീറ്ററോളം വീതിയുള്ള ബോട്ട് ചാലിന്റെ ഇരുവശവും മൺതിട്ടകളായതിനാൽ ഇതിലൂടെ മാത്രമേ ബോട്ട് സർവ്വീസ് നടത്താനാവൂ. ചാലിന്റെ ആഴം കൂട്ടാനെത്തിച്ച ഡ്രഡ്ജറിന്റെ പൈപ്പാണ് വേർപെട്ട് ബോട്ടുചാലിൽ വിലങ്ങനെ കിടന്നത്. ജലനിരപ്പ് ഉയർന്നാലെ ഈ പൈപ്പ് പൂർണമായി നീക്കാൻ സാധിക്കൂ. ബോട്ടിന് യാത്ര ചെയ്യാൻ കഴിയുന്ന രീതിയിൽ പൈപ്പ് നീക്കിയാണ് ബോട്ട് സർവീസ് 4.45 ഓടെ പുനസ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |