SignIn
Kerala Kaumudi Online
Friday, 28 August 2026 4.58 AM IST

റിസോർട്ട് കെട്ടിട ഉടമയുടെ അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

roger

കൊല്ലം: റിസോർട്ട് കെട്ടിട ഉടമയുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. റിസോർട്ടിന്റെ മേൽനോട്ടക്കാരനായ പുല്ലിച്ചിറ അനീഷ സദനത്തിൽ റോജർ ആഗ്‌നസ് നെപ്പോളിയനാണ് (42) മരിച്ചത്. ഈ മാസം 7ന് രാത്രിയിൽ കൊല്ലം താന്നിയിലുള്ള സ്വകാര്യ റിസോർട്ടിലായിരുന്നു സംഭവം.

ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്: 7ന് രാത്രി റിസോർട്ടിൽ പാർട്ടി നടന്നിരുന്നു. അതിൽ പങ്കെടുത്ത റിസോർട്ട് കെട്ടിട ഉടമ പാർട്ടിക്ക് ശേഷം റോജർ ആഗ്നസിനെ റിസോർട്ടിന് പുറത്ത് റോഡിന് സമീപത്തേക്ക് വിളിച്ചുകൊണ്ടുപോയി മതിലിനോട് ചേർന്ന് കരിയിലകൾ കൂട്ടിയിട്ടിരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു. പിന്നീട് മുഖത്തും തലയ്ക്കും അടിക്കുകയായിരുന്നു. എതിർത്തപ്പോൾ വീണ്ടും അടിച്ചു. തലയ്ക്ക് വേദന അനുഭവപ്പെട്ട റോജർ ആഗ്നസ് തൊട്ടടുത്ത ദിവസം രാവിലെ മയ്യനാട്ടെ ഒരു സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. റിസോർട്ടിൽ നിന്ന് മൂന്ന് ദിവസത്തെ അവധിയെടുത്ത ശേഷം വീണ്ടും ജോലിക്ക് പോയി.

14ന് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കാനിംഗിന് ശേഷം തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 21ന് ഡിസ്ചാർജായി വീട്ടിലെത്തി. 24ന് വീണ്ടും അവശനിലയിലായ റോജർ ആഗ്നസിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു.

തലയ്ക്കുള്ളിലുണ്ടായ ആന്തരിക രക്തസ്രാവമാകാം മരണകാരണമെന്നാണ് കരുതുന്നത്. മൃതദേഹം കൊട്ടിയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂ. മൂന്നുമാസമായി റിസോർട്ടിന്റെ മേൽനോട്ടം വഹിച്ചുവരികയായിരുന്നു റോജർ ആഗ്നസ്. ശനിയാഴ്ച രാവിലെ കൊട്ടിയം നിത്യസഹായ മാതാ ചർച്ച് സെമിത്തേരിയിൽ സംസ്കാരം നടക്കും. ഭാര്യ: ജോസിൻ. മക്കൾ: ഡ്രയാൻ, ഹെവൻ. ഇരവിപുരം പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL