
കൊല്ലം: കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ ചെറുകിട സംരംഭകർക്ക് ഒന്ന് മുതൽ 10 ലക്ഷം രൂപ വരെ കാലതാമസമില്ലാതെ വായ്പ ലഭിക്കാൻ സംവിധാനമൊരുക്കി കുടുംബശ്രീ. 'ഇൻഡിവിജ്വൽ എന്റർപ്രൈസ് ലോൺ ആപ്ലിക്കേഷൻ' എന്ന മൊബൈൽ ആപ്പ് വഴി ദേശീയ ഗ്രാമീണ ഉപജീവന മിഷനാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിലെ പരിശീലനം ഈ മാസം ആരംഭിക്കുമെന്ന് കുടുംബശ്രീ ജില്ലാ അധികൃതർ വ്യക്തമാക്കി. വായ്പയ്ക്ക് അപേക്ഷിക്കുന്നവർ കുടുംബശ്രീയിൽ അംഗത്വമെടുത്ത് കുറഞ്ഞത് രണ്ടുവർഷം പിന്നിട്ടവരായിരിക്കണം. സ്വന്തമായി സംരംഭം ചെയ്യുന്നവരും സംരംഭം ആരംഭിച്ച് കുറഞ്ഞത് ഒരുവർഷമെങ്കിലും പൂർത്തിയായവരുമായിരിക്കണം അപേക്ഷകർ. പുതിയ സംരംഭകരെ പരിഗണിക്കില്ല. മുമ്പ് അയൽക്കൂട്ടത്തിൽ നിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ച ചരിത്രമുള്ളവരായിരിക്കണം.
നിലവിൽ കുടുംബശ്രീ അംഗങ്ങളുടെ വിവരങ്ങളും സാമ്പത്തിക പ്രവർത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ 'ലോകോസ്' ആപ്പുമായി പുതിയ ആപ്ലിക്കേഷൻ സംയോജിപ്പിച്ചിട്ടുണ്ട്. ഈ ആപ്പിൽ പ്രൊഫൈൽ, ലോൺ ട്രാക്കിംഗ് വിവരങ്ങൾ കൃത്യമായി ഉള്ളവർക്ക് മാത്രമേ പുതിയ സംവിധാനം വഴി വായ്പയ്ക്ക് അർഹതയുള്ളൂ.
മൊബൈൽ ആപ്പിലുണ്ട് ബാങ്ക്
രാജ്യത്തെ 13 മുൻനിര ബാങ്കുകൾ മൊബൈൽ ആപ്ലിക്കേഷൻ ശൃംഖലയുമായി സഹകരിക്കുന്നു
ആപ്പിൽ ലോഗിൻ ചെയ്യുമ്പോൾ വിവിധ ബാങ്കുകളുടെ വായ്പാ ഓഫറുകൾ, പലിശ നിരക്കുകൾ, തിരിച്ചടവ് കാലാവധി എന്നിവ കാണാം
അനുയോജ്യമായ ബാങ്ക് തിരഞ്ഞെടുക്കാൻ അംഗങ്ങൾക്ക് സ്വാതന്ത്ര്യം
പി.എം മുദ്ര ലോൺ ഉൾപ്പടെയുള്ള കേന്ദ്ര സർക്കാർ വായ്പകളും ആപ്പ് വഴി ലഭിക്കും
കൃത്യമായി തിരിച്ചടവ് നടത്തുന്ന സംരംഭകർക്ക് എൻ.ആർ.എൽ.എമ്മിന്റെ പലിശ സബ്‌സിഡിക്കും അർഹത
വായ്പ
₹ 1 - 10 ലക്ഷം
സഹകരിച്ച്
13 ബാങ്കുകൾ
ജില്ലയിൽ പരിശീലനം
ഈ മാസം: ജില്ലയിൽ ഈ മാസം തന്നെ 33 ബ്ലോക്ക് കോ ഓർഡിനേറ്റർമാർക്കും 74 കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാർക്കും പരിശീലനം
അപേക്ഷ: എം.ഇ.സിമാരുടെ സഹായത്തോടെ പ്രോജക്ട് റിപ്പോർട്ടും വരുമാന സാദ്ധ്യതയും നോക്കി ആപ്പ് വഴി അപേക്ഷിക്കാം
ഗുണം: വലിയ രേഖകൾ വേണ്ട, ബാങ്കിൽ നേരിട്ട് പോകുന്ന താമസവും ഒഴിവാകും
പുതിയ ഡിജിറ്റൽ സംവിധാനം വായ്പ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കും. ബാങ്കുകൾ കയറിയിറങ്ങിയുള്ള കാലതാമസം ഒഴിവാകും.
കുടുംബശ്രീ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |