SignIn
Kerala Kaumudi Online
Saturday, 27 June 2026 10.53 AM IST

കാടുകയറി ദേശീയപാത; കാഴ്ചമറഞ്ഞ് കൊടുംവളവുകൾ

phot
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ പ്ലാച്ചേരിയിൽ റോഡിൻെറ രണ്ട് വശങ്ങളിലും കാട് വളർന്ന് ഉയർന്ന നിലയിൽ

തെന്മല: കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് കാട് വളർന്നു പന്തലിച്ചതും റോഡിലെ വലിയ കുഴികളും കാൽനട-വാഹന യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള പാതയോരങ്ങളിലാണ് വലിയ രീതിയിൽ കാട് വളർന്ന് റോഡിലേക്ക് ഇറങ്ങിയിരിക്കുന്നത്. കാലവർഷം കൂടി ശക്തമായതോടെ പാതയോരങ്ങളിലെ കാടുകൾ പെട്ടെന്ന് വളരുകയായിരുന്നു.മുൻവർഷങ്ങളിൽ ശബരിമല സീസണിൽ പാതയോരങ്ങളിലെ കാടുകൾ കൃത്യമായി നീക്കം ചെയ്യാറുണ്ടായിരുന്നെങ്കിലും ഇത്തവണ അതുണ്ടാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കൊടുംവളവുകളിൽ കാട് റോഡിലേക്ക് ഇറങ്ങിക്കിടക്കുന്നത് കാരണം എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ ഡ്രൈവർമാർക്ക് കാണാൻ കഴിയുന്നില്ല. ഇത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ഇതിനൊപ്പം കാൽനടയാത്രക്കാരും പാതയോരത്തുകൂടി നടക്കാൻ കഴിയാതെ തീരാദുരിതത്തിലാണ്.

 തകർന്ന് തരിപ്പണമായി കോടികളുടെ പാത

  • 8 വർഷം മുമ്പ് 34 കോടിയോളം രൂപ ചെലവഴിച്ച് ആധുനിക രീതിയിൽ നവീകരിച്ച പാതയാണ് ഇപ്പോൾ കുണ്ടും കുഴിയുമായി മാറിയിരിക്കുന്നത്.
  • മുൻപ് റോഡിൽ കുഴികൾ രൂപപ്പെടുമ്പോൾ തന്നെ യഥാസമയം അടയ്ക്കാറുണ്ടായിരുന്നു.
  • എന്നാൽ ഇപ്പോൾ മാസങ്ങളായി റോഡ് തകർന്നു കിടന്നിട്ടും നാഷണൽ ഹൈവേ അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
  • തമിഴ്നാട്, കർണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് അന്തർസംസ്ഥാന വാഹനങ്ങളും ദിവസേന ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്.

 ചുവപ്പുനാടയിൽ കുടുങ്ങി ഗ്രീൻഫീൽഡ് ഹൈവേ

സ്ഥാനത്തെ മറ്റ് ദേശീയപാതകളെല്ലാം നാലുവരിപ്പാതയാക്കിയെങ്കിലും കൊല്ലം-തിരുമംഗലം പാത പഴയപടി തുടരുന്നതിനാൽ പലയിടങ്ങളിലും വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും കഴിയുന്നില്ല. തെന്മല മുതൽ കോട്ടവാസൽ വരെ വനത്തിലൂടെ കടന്നുപോകുന്ന പാതയുടെ ഒരു വശത്ത് റെയിൽവേ ട്രാക്കും മറുഭാഗത്ത് കഴുതുരുട്ടിയാറുമാണ്. നിലവിലെ റോഡ് വികസിപ്പിക്കാൻ വനമേഖലയിൽ മാർഗ്ഗമില്ലാത്തതിനാലാണ് ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ ആരംഭിച്ചെങ്കിലും പദ്ധതിയിപ്പോൾ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്.

തകർന്ന റോഡ് അടിയന്തരമായി നവീകരിക്കാനും കാടുകൾ വെട്ടിമാറ്റി യാത്രാസൗകര്യം ഉറപ്പാക്കാനും ദേശീയപാത അധികൃതർ തയ്യാറാകണം.

യാത്രക്കാർ‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL