കണ്ണൂർ: കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ സർക്കാർ ഉദ്യോഗസ്ഥയ്ക്കെതിരെ വിജിലൻസ് കേസെടുത്തു. എടക്കാട് സോണൽ ഓഫിസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ ഡി.വി. വിജിനയ്ക്കെതിരെയാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്ത് കേസ് രജിസ്റ്റർ ചെയ്തത്.
2025ൽ അസിസ്റ്റന്റ് എൻജിനീയറുടെ അധിക ചുമതലയുണ്ടായിരുന്ന കാലത്ത് ഉദ്യോഗസ്ഥ കരാറുകാരിൽ നിന്നും ലൈസൻസ്ഡ് എൻജിനീയർമാരിൽ നിന്നും പണം കൈപ്പറ്റുന്നതായ രഹസ്യവിവരം വിജിലൻസിന് ലഭിച്ചു. തുടർന്ന് എടക്കാട് സോണൽ ഓഫിസിൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ നിജേഷ്, ജയശ്രീ, ഹൈറേഷ്, ഷിജിത്ത് എന്നിവർ പരിശോധന നടത്തി, ഫയലുകൾ പരിശോധിച്ച് കോൺട്രാക്റ്റർമാരുടെ വിവരങ്ങൾ ശേഖരിച്ചു. പ്രവൃത്തി ഏറ്റെടുത്ത് നടത്തിയ കോൺട്രാക്റ്റർമാരിൽ നിന്ന് ഉദ്യോഗസ്ഥ പണം സ്വീകരിച്ചതായി കണ്ടെത്തി.
കോൺട്രാക്റ്റർമാരുടെ ബില്ല് മാറുന്നതിനോടനുബന്ധിച്ച ദിവസങ്ങളിലായിരുന്നു പണം സ്വീകരിച്ചത്. ചുരുങ്ങിയ കാലയളവിൽത്തന്നെ വലിയ തുക ഉദ്യോഗസ്ഥ വാങ്ങിയതായി വിജിലൻസ് കണ്ടെത്തി. മാസങ്ങൾക്ക് മുമ്പ് വാങ്ങിയ പണം വിജിലൻസ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥ ഗൂഗിൾ പേ വഴി ചില കോൺട്രാക്റ്റർമാർക്ക് തിരിച്ചയച്ചതും വിജിലൻസിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.
തുടർന്നാണ് വിജിലൻസ് ഡയറക്ടറുടെ അനുമതി പ്രകാരം പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ ബിനുമോഹൻ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഡയറക്ടർ നിർദ്ദേശിച്ചതിനെ തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇൻസ്പെക്ടർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ കേസ് അന്വേഷിക്കും.
വേറെയും ക്രമക്കേടുകൾ
ഇതേ ഉദ്യോഗസ്ഥയ്ക്ക് എതിരെ വീണ്ടും ആരോപണങ്ങളുണ്ടായപ്പോൾ വിജിലൻസ് ഡിവൈ.എസ്.പി യുടെ നേതൃത്വത്തിൽ വീണ്ടും എടക്കാട് സോണൽ ഓഫിസിൽ പരിശോധന നടത്തിയപ്പോൾ ഇതിലും വലിയ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ടെൻഡർ ചെയ്യാത്ത പ്രവർത്തികളിൽ ഇ ടെൻഡർ ചെയ്തതായി സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തി കോർപ്പറേഷന് ലഭിക്കേണ്ട വരുമാനം നഷ്ടപ്പെടുത്തിയതായും ആദ്യ ടെൻഡറിൽ ആരും പങ്കെടുക്കാത്തതിനെത്തുടർന്ന് റീടെൻഡർ ചെയ്യുന്നതിന് പകരം രണ്ടാളുകൾ പങ്കെടുത്തതായി കാണിച്ച് സോഫ്റ്റവെയറിൽ രേഖപ്പെടുത്തലുകൾ വരുത്തിയതായും വിജിലൻസ് കണ്ടെത്തി. ടെൻഡർ ഫീസ് അനധികൃതമായി ഒഴിവാക്കിയതായും കണ്ടെത്തി. ഈ ക്രമക്കേടുകളിൽ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസ് അനുമതി തേടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |