SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.07 PM IST

മൂന്നാം ഘട്ട ഡി.പി.ആർ സ‌ർക്കാരിന് സമർപ്പിച്ചു; അങ്കമാലിയിലേക്ക് കുതിക്കും മെട്രോ

metro

കൊച്ചി: ആലുവയിൽനിന്ന് അങ്കമാലിയിലേക്ക് നീളുന്ന കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തിൽ 15 സ്റ്റേഷനുകൾ. സ‌ർക്കാ‌രിലേക്ക് കെ.എം.ആ‌‌ർ.എൽ. സമ‌ർപ്പിച്ച ഡി.പി.ആ‌റിലാണ് വി​വരങ്ങൾ. വിമാനത്താവളത്തെ നേരിട്ട് ബന്ധിപ്പിക്കുന്ന പാതയ്ക്ക് 17.5 കിലോമീറ്ററാണ് നീളം. വിമാനത്താവള മേഖലയിലെ മൂന്ന് കിലോമീറ്റർ പാത ഭൂമി​ക്കടി​യി​ലാണ്. ആലുവയിൽ നിന്ന് എൻ.എച്ച് 44ന് സമാന്തരമായി കരിയാട് വരെയാണ് തൂണുകൾ. ഇവി​ടെ നി​ന്ന് ഭൂഗർഭ പാത തുടങ്ങും. വിമാനത്താവളത്തിൽ ഭൂഗർഭ മെട്രോ സ്റ്റേഷനാണ്. വിമാനത്താവള റെയിൽവേ സ്റ്റേഷന് സമീപവും മെട്രോ സ്റ്റേഷൻ നിർദ്ദേശിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് ശേഷം നായത്തോട്, കവരപ്പറമ്പ്, അരീക്കൽ ജംഗ്ഷൻ തുടങ്ങിയ മേഖലകളിലൂടെ വീണ്ടും മേൽപ്പാലമായി അങ്കമാലിയിലേക്ക് പാത നീളും.

ഡി.പി.ആർ തയ്യാറാക്കൽ 2026 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ഹരിയാനയി​ലെ സിസ്ട്ര എം.വി.എ കൺസൾട്ടിംഗ് ഇന്ത്യയ്ക്കായി​രുന്നു കരാർ. സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിന് ശേഷം പദ്ധതി അന്തിമ അനുമതിക്കായി കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് സമർപ്പിക്കും.

 റോഡ്–റെയിൽ–വ്യോമ ഗതാഗത സംഗമം

മൂന്നാംഘട്ടത്തിന്റെ പ്രധാന സവിശേഷത വിമാനത്താവളത്തിലേക്കുള്ള നേരിട്ടുള്ള മെട്രോ കണക്റ്റിവിറ്റിയാണ്. എൻ.എച്ച് 44, വിമാനത്താവള റെയിൽവേ സ്റ്റേഷൻ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയെ ബന്ധിപ്പിക്കുന്നതിലൂടെ റോഡ്, റെയിൽ, വ്യോമ ഗതാഗത സംവിധാനങ്ങൾ തമ്മിലുള്ള ബഹുമുഖ കണക്റ്റിവിറ്റിയാണ് ലക്ഷ്യമിടുന്നത്. അങ്കമാലി മേഖലയിലെ റോഡ് ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിനും മൂന്നാംഘട്ടം സഹായിക്കുമെന്നാണ് പ്രതീക്ഷ.

അങ്കമാലി റെയിൽവേ സ്റ്റേഷനുമായി മെട്രോ ബന്ധിപ്പിക്കണമെന്ന ആവശ്യം ഡി.പി.ആറിൽ ഉൾപ്പെടുത്തിയിട്ടില്ല. സാങ്കേതിക തടസങ്ങളാണ് കാരണം. റെയിൽവേ സ്റ്റേഷനിലേക്ക് മെട്രോ എത്തിക്കണമെങ്കിൽ വിമാനത്താവളത്തിന് സമീപത്തുനിന്ന് പാത വീണ്ടും എൻ.എച്ച് 544 ഭാഗത്തേക്ക് തിരിച്ചുകൊണ്ടുവരേണ്ടിവരും. ഭൂമി ഏറ്റെടുക്കൽ ചെലവ് ഗണ്യമായി വർദ്ധിക്കും.

 17.5 കിലോമീറ്റർ പാത

ആലുവ–അങ്കമാലി 17.5 കിലോമീറ്റർ

 സ്റ്റേഷനുകൾ

തോട്ടക്കാട്ടുകര, കുന്നംപുറം, പറമ്പയം, നെടുമ്പാശ്ശേരി, അത്താണി, കരിയാട്, എയർപോർട്ട് റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, നായത്തോട്, കവരപ്പറമ്പ്, അരീക്കൽ ജങ്ഷൻ, എൽ.എഫ്. ആശുപത്രി, അങ്കമാലി ടൗൺ, കൊതകുളങ്ങര, കരയാംപറമ്പ്

ഒന്നാം ഘട്ടം: ആലുവ - തൃപ്പൂണിത്തുറ : 28.1 കി. മീ. : 25 സ്റ്റേഷൻ

രണ്ടാം ഘട്ടം: കലൂർ–ഇൻഫോപാർക്ക് : 11.2 കി​.മീ : 11 സ്റ്റേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL