
കൊച്ചി: പ്രളയശേഷം സംസ്ഥാനത്തെ അണക്കെട്ടുകളിൽ അടിഞ്ഞ മണ്ണും ചെളിയും നീക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ കഴിഞ്ഞവർഷങ്ങളിൽ ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് കമ്മിറ്റി രൂപീകരണങ്ങളിൽ ഒതുങ്ങി. ഇതുമായി ബന്ധപ്പെട്ട ഹർജി തീർപ്പാക്കവേ കോടതി നൽകിയ നിർദ്ദേശങ്ങൾ ഇനിയും കാര്യക്ഷമമായി നടപ്പാകാത്തതാണ് ഇത്തവണയും പലയിടത്തും പ്രളയ സമാന സാഹചര്യമുണ്ടാക്കിയതെന്ന് ആക്ഷേപമുയർന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് നിവേദനം നൽകാനും നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ് കേസിലെ ഹർജിക്കാരനായ ഇടുക്കി സ്വദേശി എസ്. പ്രസാദ്.
ഡാമുകളുടെ സംഭരണശേഷി കുറയ്ക്കുന്ന എക്കലും മണലും നീക്കാൻ സർക്കാർ സ്വീകരിച്ചിരുന്ന മുന്നൊരുക്കങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയാണ് 2025 ഫെബ്രുവരിയിൽ കേസ് തീർപ്പാക്കിയിരുന്നത്.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതിയും ഇറിഗേഷൻ ചീഫ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയും പൊതുനടപടിക്രമം തയാറാക്കി പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നത്.
ഡാമുകളുടെ സംഭരണശേഷി കുറയുന്നു
മംഗലം, ചുള്ളിയാർ ഡാമുകളിൽ പൈലറ്റ് പ്രോജക്റ്റുകൾക്ക് അനുമതി നൽകിയതും വിവിധ ഡാമുകളിൽ സെഡിമെന്റേഷൻ പഠനം പൂർത്തിയാക്കിയതും ചൂണ്ടിക്കാട്ടി. കെ.എസ്.ഇ.ബിയുടെ കീഴിലുള്ള പ്രധാന ഡാമുകളിലെ സംഭരണശേഷിയിൽ വലിയ കുറവുണ്ടായിട്ടില്ലെന്നും അറിയിച്ചു. ഡാമുകളിലെ മണ്ണുനീക്കൽ വിഷയത്തിൽ ഹർജിക്കാരന്റെ അഭിപ്രായങ്ങൾ കൂടി പരിഗണിക്കാൻ ജലവിഭവ വകുപ്പ് സെക്രട്ടറിക്ക് നൽകിയ കോടതി, ഹർജിയിലെ വിവരങ്ങൾ നിവേദനമായി പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഉത്തരവിട്ടിരുന്നു. എന്നാൽ കാര്യമായ നടപടികളുണ്ടായില്ലെന്ന് പ്രസാദ് ചൂണ്ടിക്കാട്ടി. എക്കലടിഞ്ഞ് മിക്ക ഡാമുകളുടേയും സംഭരണശേഷി വീണ്ടും കുറഞ്ഞുവരികയാണ്. നദികളുടെ സുഗമമായ നീരൊഴുക്ക് തടസപ്പെടുന്ന സ്ഥിതിയും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും നിയമനടപടിക്ക് ഒരുങ്ങുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |