SignIn
Kerala Kaumudi Online
Friday, 28 August 2026 5.00 AM IST

ഗുരുസ്‌മരണകൾ നിറഞ്ഞ് വാരണപ്പള്ളിയും ചേവണ്ണൂരും

ph

കായംകുളം: ശ്രീനാരായണഗുരുദേവന് വിദ്യ പകർന്നു നൽകിയ കായംകുളം പുതുപ്പള്ളിയിലെ വാരണപ്പള്ളി തറവാടും ചേവണ്ണൂർ കളരിയും ഗുരുസ്മരണകളിൽ തിളങ്ങുന്നു. ജാതിക്കോമരങ്ങൾ അവർണ്ണരുടെ ചെവിയിൽ ഈയം ഉരുക്കിയൊഴിച്ച ഇരുണ്ട കാലഘട്ടത്തിലാണ്, കുമ്മമ്പള്ളി രാമൻപിള്ള ആശാൻ എന്ന ധീരനായ ആചാര്യൻ ചേവണ്ണൂർ കളരിയിൽ വിദ്യാദാനത്തിന്റെ വെളിച്ചം പകർന്നത്.

​കൊല്ലവർഷം 1053-ൽ തന്റെ 21-ാം വയസ്സിൽ ഗുരുദേവൻ സംസ്കൃതപഠനത്തിനായി വാരണപ്പള്ളിയിൽ എത്തി. അക്കാലത്ത് കീഴ്ജാതിക്കാർക്ക് വിദ്യാഭ്യാസവും താമസവും നൽകുന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. എന്നാൽ വാരണപ്പള്ളി തറവാട്ടുകാരണവരായ കറുത്ത കൊച്ചുകൃഷ്ണപ്പണിക്കർ ആ വെല്ലുവിളി ഏറ്റെടുത്ത് ഗുരുദേവനും മറ്റ് വിദ്യാർത്ഥികൾക്കും അവിടെ താമസവും ഭക്ഷണവും ഒരുക്കി.

​ തുടർന്ന് അൽപം അകലെയുള്ള ചേവണ്ണൂർ കളരിയിലെത്തി കുമ്മമ്പള്ളി രാമൻപിള്ള ആശാനിൽ നിന്ന് ഗുരു സംസ്കൃതം അഭ്യസിച്ചു. തർക്കം, വ്യാകരണം, കാവ്യനാടകങ്ങൾ, അലങ്കാരങ്ങൾ, മേഘസന്ദേശം തുടങ്ങിയപഠിച്ചു. പെരുന്നെല്ലി കൃഷ്ണൻ, വെളുത്തേരി, മൂലൂർ തുടങ്ങിയ പ്രമുഖരായിരുന്നു അന്ന് ഗുരുവിന്റെ സഹപാഠികൾ.

ബ്രഹ്മവിദ്യാലയത്തിന്റെ പ്രധാന ശാഖയാക്കും

നാശത്തിന്റെ വക്കിലായ കളരിയുടെയും തറവാടിന്റെയും ചരിത്രപ്രാധാന്യം 2019 ഒക്ടോബർ 4ന് 'കേരളകൗമുദി' നൽകിയ വാർത്തയിലൂടെയാണ് വീണ്ടും പൊതുശ്രദ്ധയിലെത്തിയത്. പുതുപ്പള്ളി എസ്.ആർ.വി.എൽ.പി സ്കൂളിലെ റിട്ട.ഹെഡ്മിസ്ട്രസ് ചെല്ലമ്മ ടീച്ചറുടെ മകൾ ഇന്ദിരാദേവിയുടെ ഉടമസ്ഥതയിലായിരുന്നു കളരി ഉൾപ്പെടുന്ന 1.77ഏക്കർ ഭൂമി. റിയൽ എസ്റ്റേറ്റ് മാഫിയകൾ കണ്ണുവെച്ചെങ്കിലും, ഗുരുദേവൻ വിദ്യ അഭ്യസിച്ച മണ്ണ് വരുംതലമുറയ്ക്കായി ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് തന്നെ കൈമാറണം എന്ന ഈ നായർ കുടുംബത്തിന്റെ ഉറച്ച തീരുമാനം നിർണ്ണായകമായി. ​ പ്രവാസി വ്യവസായി കെ.മുരളീധരൻ ഇന്ദിരാദേവിയിൽ നിന്ന് ഈ ഭൂമി വിലകൊടുത്തു വാങ്ങി ശിവഗിരി മഠത്തിന് കാണിക്കയായി സമർപ്പിച്ചു. തുടർന്ന്, കോടിക്കണക്കിന് രൂപ ചെലവഴിച്ച് തറവാടും കളരിയും പുനരുദ്ധരിക്കുകയും പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ശിവഗിരി മഠത്തിന്റെ അധീനതയിലുള്ള ചേവണ്ണൂർ കളരി, മുൻ ശിവഗിരി മഠാധിപതി സ്വാമി വിശുദ്ധാനന്ദയുടെ കാര്യദർശിത്വത്തിൽ അറിവിന്റെ തീർത്ഥാടന കേന്ദ്രമായി വളരുകയാണ് ഇപ്പോൾ. ഗുരുകുല സമ്പ്രദായത്തിൽ സർവ്വമത പാഠശാല ഉൾപ്പെടെയുള്ള പഠനരീതികൾ ആവിഷ്കരിച്ച്, കളരിയെ ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ പ്രധാന ശാഖയാക്കി മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL