
ആലപ്പുഴ : ഇന്ത്യൻ ഫിസിക്കൽ കൾച്ചറിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വേണ്ടി നടത്തിയ കിഡ്സ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ കായംകുളം വിദ്യാധിരാജ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആദിത് മിസ്റ്റർ കേരള കിഡ് ചാമ്പ്യനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പത്തിയൂർ ശ്രീനിലയം വീട്ടിൽ മനു - സജിഷ ദമ്പതികളുടെ മകനാണ്. മുൻ മിസ്റ്റർ കേരളയാണ് മനു.
ഈ മാസം 20ന് കൊടുങ്ങല്ലൂരിൽ നടന്ന മത്സരത്തിലാണ് പതിനഞ്ചോളം മത്സരാർത്ഥികളെ പിന്നിലാക്കി ആറു വയസുകാരൻ അദിതിന്റെ വിജയം. രണ്ട് വർഷം മുമ്പ് നാലാം വയസ്സിലും ആദിത് മിസ്റ്റർ കേരള (കിഡ്സ്) പട്ടം നേടിയിരുന്നു. സ്പോർട്സ് ആൻഡ് ഫിറ്റ്നസിൽ ഡോക്ടറേറ്റുള്ള പിതാവ് മനു പത്തിയൂർ മന്ദഹാസ് ട്രാൻസ്‌ഫർമേഷൻ ജിം ഉടമയും അമ്മ സജിഷ ഇതേ ജിമ്മിൽ ട്രെയിനറുമാണ്. അച്ഛനമ്മമാർ നൽകിയ നിരന്തര പരിശീലനവും പ്രോത്സാഹനവുമാണ് അദിത്തിന്റെ വിജയ രഹസ്യം. മുതിർന്നവരെ പോലെ ബോഡി ബിൽഡിംഗ് പരിശീലനം കുട്ടികൾക്ക് നടത്താനാവില്ല. അതിന് സമാനമായ പോസിംഗാണ് കുട്ടികൾക്കുള്ള ബോഡി ഷോയിൽ നടത്തുന്നത്. നിശ്ചിത സമയത്തിനകം ശാരീരികക്ഷമത തെളിയിക്കുന്ന ചെറിയ ഇനങ്ങൾ മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നു. അച്ഛന്റെ ഡംബൽസടക്കമുള്ള ഉപകരണങ്ങളായിരുന്നു ഒരു വയസുമുതൽ ആദിത് കണ്ടു വളർന്നത്. പിന്നീട് ബോഡി ബിൽഡിംഗ് പഠിക്കണമെന്ന വാശിയായി. ബോഡി ഷോയിലേക്കും ശാരീരികക്ഷമതയുടെ അളവുകോലായ ക്രോസ് ഫിറ്റിലേക്കും മാതാപിതാക്കൾ ആദിത്തിനെ നയിച്ചു. നാലാം വയസിൽ തന്നെ ഡംബൽസും ബാറും പഞ്ചിംഗ് ബാഗും ആദിത്തിന് കളിപ്പാട്ടങ്ങളായി മാറിയിരുന്നു. അമ്മ സജിഷയാണ് വിവിധ പോസിംഗുകൾ അദിത്തിനെ പരിശീലിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |