SignIn
Kerala Kaumudi Online
Monday, 25 May 2026 7.36 AM IST

വൃത്തം

ss

ആരായിരുന്നു ഞാൻ എന്ന ചോദ്യത്തിന്

ആരോ വരച്ചൊരു രൂപം എന്നുത്തരം.

ബിന്ദുക്കൾ കൈകോർത്തു കുശലം പറഞ്ഞപ്പോൾ

'വൃത്തം" എന്നാരോ വിളിച്ചുവത്രേ.

വ്യാസമായ്, ആരമായ്, കേന്ദ്രമായ്,

പിന്നെ ആ ചുറ്റളവിൻ ഗണിത വാക്യത്തിലേക്ക്

ആരോ തളച്ചിട്ട് അളന്ന കാലം.

അഴിയാക്കുരുക്കിലെ സൂത്രവാക്യങ്ങളാൽ

പലവട്ടം എന്നെ തടഞ്ഞുനിർത്തി...

നെറുകെയും കുറുകയും വെട്ടിമാറ്റിക്കൊണ്ട്

'അർദ്ധവൃത്തം" എന്ന പേരു നൽകി.

ശൂന്യമായൊന്നിന്റെ ബിംബമായ് മാറിടാൻ

ആരോ ഒരിക്കൽ കടമെടുത്തു,​

എന്റെ രൂപവും ഭാവവും കവർന്നെടുത്തു.

ഒന്നിൽ തുടങ്ങി അതിലൊടുങ്ങുമ്പോഴും

ഒന്നുമില്ലായ്മയിൽ വിങ്ങിനിൽക്കുമ്പോഴും

ആരോ വരച്ചിട്ട രൂപം വെടിഞ്ഞിട്ട്

മായയായ് മാറാൻ വെമ്പിടുന്നു,​

എന്റെ മാനസം എന്നെ ക്ഷണിച്ചിടുന്നു.

നാളെയെൻ രൂപത്തെ മറ്റൊരു ഭാവത്തിൽ

വേറൊരാൾ വീണ്ടും വരച്ചുചേർക്കാം

സൃഷ്ടികളെല്ലാം ചരാചരഭാവങ്ങൾ,​

ആകൃതി വേറെ, പ്രകൃതി വേറെ.

വൃത്തങ്ങളാകട്ടെ, ചതുരങ്ങളാകട്ടെ

ഒന്നു മറ്റൊന്നായി മാറിടുന്നു.

ആരായിരുന്നു ഞാൻ എന്ന ചോദ്യത്തിന്,

ആരോ വരച്ചൊരു രൂപം എന്നുത്തരം!

ബിന്ദുക്കൾ കൈകോർത്തു കുശലം പറഞ്ഞപ്പോൾ,

'വൃത്തം" എന്നാരോ വിളിച്ചുവത്രേ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POEM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY