SignIn
Kerala Kaumudi Online
Friday, 28 August 2026 5.37 AM IST

വീട്ടിൽ ട്യൂഷനെടുത്ത് തുടക്കം; ഇന്ന് ലോകമറിയുന്ന എഡ്യൂക്കേഷൻ  പ്ലാറ്റ്‌ഫോമിന്റെ  ഉടമകളായി മലയാളി യുവതികൾ

najeeba-maria
നജീബ, മരിയ

തൊഴിൽരഹിതരായ ധാരാളം യുവാക്കളുള്ള നാടാണ് നമ്മുടെ കേരളം. വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമായിട്ടും പഠനം പൂർത്തിയാക്കി തൊഴിൽരംഗത്തേക്ക് കടക്കുമ്പോൾ പലർക്കും പ്രതിസന്ധികൾ നേരിടേണ്ടിവരുന്നു. ആഗ്രഹിച്ച ജോലി ലഭിക്കാത്തതും, ലഭിച്ച ജോലിയിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള സാഹചര്യമില്ലാത്തതുമാണ് പല യുവാക്കളെയും പുതിയ വഴികൾ തേടാൻ പ്രേരിപ്പിക്കുന്നത്.

എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മുടെ നാട്ടിൽ യുവസംരംഭകരുടെ എണ്ണവും വർധിച്ചുവരികയാണ്. വെല്ലുവിളികളെ മറികടന്ന് സ്വന്തം സ്വപ്നങ്ങൾക്കായി പരിശ്രമിക്കുന്ന യുവതലമുറയുടെ മികച്ച ഉദാഹരണങ്ങളാണ് മലപ്പുറം അരീക്കോട് സ്വദേശിയായ നജീബയും കോഴിക്കോട് താമരശ്ശേരി സ്വദേശിയായ മരിയയും. ഇന്ന് വിദേശരാജ്യങ്ങളിൽ നിന്നുപോലും വിദ്യാർത്ഥികളുള്ള അലാം ലേണിംഗ് (Alarm Learning) എന്ന ഓൺലൈൻ എഡ്യൂക്കേഷൻ പ്ലാറ്റ്ഫോമിന്റെ പിന്നിൽ ഈ രണ്ട് യുവസംരംഭകരാണ്.

തുടക്കം

ഡിഗ്രി പഠനകാലത്ത് ചെറിയൊരു വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് നജീബയും മരിയയും ട്യൂഷൻ രംഗത്തേക്ക് കടന്നുവരുന്നത്. ഇരുവരും സ്വന്തം വീടുകളിൽ വച്ചാണ് ട്യൂഷൻ ക്ലാസുകൾ ആരംഭിച്ചത്. അദ്ധ്യാപകരാകണമെന്ന ആഗ്രഹത്തോടെയാണ് ഇരുവരും പഠനം പൂർത്തിയാക്കിയത്.

പഠനശേഷം മരിയയും നജീബയും ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പ്രവേശിച്ചു. എന്നാൽ അവിടത്തെ പ്രവർത്തനരീതികളോടും പഠനസമ്പ്രദായങ്ങളോടും ഒത്തുപോകാൻ സാധിക്കാതെ വന്നതോടെ, തന്റെ സ്വപ്‌നങ്ങൾക്കനുസരിച്ചുള്ള ഒരു സംരംഭം സ്വന്തമായി ആരംഭിക്കണമെന്ന ചിന്ത ശക്തമായി. അങ്ങനെയാണ് ഇരുവരും വീണ്ടും ട്യൂഷൻ രംഗത്തേക്ക് തിരിഞ്ഞത്.

ഇരുവരുടെയും ഭർത്താക്കന്മാർ സുഹൃത്തുക്കളായിരുന്നതിനാലാണ് നജീബയും മരിയയും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തങ്ങളുടെ വീടുകളിൽ ട്യൂഷൻ ക്ലാസുകൾ നടത്തിവരികയാണെന്ന് മനസിലായി. കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ഒരുമിച്ച് പ്രവർത്തിക്കാമെന്ന ആശയം തോന്നി. അങ്ങനെ ഇരുവരും ചേർന്ന് ട്യൂഷൻ രംഗത്ത് പുതിയൊരു യാത്ര ആരംഭിച്ചു.

കടുത്ത മത്സരത്തിനിടയിൽ വ്യത്യസ്‌തമായ വഴി

ട്യൂഷൻ സെന്ററുകൾ ധാരാളമുള്ള പ്രദേശമാണ് മലപ്പുറം ജില്ലയിലെ അരീക്കോട്. കടുത്ത മത്സരമുള്ള ഈ മേഖലയിലേക്ക് കടന്നുവരുമ്പോൾ, 'ഇവിടെ നിങ്ങൾക്ക് പിടിച്ചുനിൽക്കാൻ സാധിക്കുമോ?' എന്ന് ചോദിച്ചവരും നിരവധിയായിരുന്നു.

എന്നാൽ മറ്റുള്ളവരെപ്പോലെ വലിയ ഗ്രൂപ്പ് ട്യൂഷൻ ക്ലാസുകൾ ആരംഭിക്കാനായിരുന്നില്ല നജീബയുടെയും മരിയയുടെയും തീരുമാനം. അരീക്കോട്ടെ ഭൂരിഭാഗം ട്യൂഷൻ സെന്ററുകളും നിരവധി കുട്ടികളെ ഒരുമിച്ചിരുത്തി ഗ്രൂപ്പ് രീതിയിലാണ് പഠിപ്പിച്ചിരുന്നത്. അതിൽ നിന്ന് വ്യത്യസ്‌തമായി ഓരോ കുട്ടിയുടെയും പഠനനിലവാരവും കഴിവും മനസിലാക്കി വ്യക്തിഗത ശ്രദ്ധ നൽകുന്ന ഓൺലൈൻ ഇൻഡിവിജ്വൽ ട്യൂഷൻ രീതിയാണ് അവർ തിരഞ്ഞെടുത്തത്.

തുടർന്ന് ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോം ഉപയോഗിച്ച് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ഓരോ കുട്ടിക്കും പ്രത്യേകം അദ്ധ്യാപകരെ നൽകുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഓരോ വിദ്യാർത്ഥിയുടെയും പഠനശേഷി, കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ്, പഠനവേഗം എന്നിവ വ്യത്യസ്‌തമാണെന്ന തിരിച്ചറിവാണ് ഈ രീതിയിലേക്ക് അവരെ നയിച്ചത്.

വ്യത്യസ്‌തമായ പഠനരീതി

ഒരുപാട് കുട്ടികളെ ഒരുമിച്ചിരുത്തി ഒരേ രീതിയിൽ പഠിപ്പിക്കുന്ന സമ്പ്രദായത്തോട് ഇരുവർക്കും താൽപ്പര്യമുണ്ടായിരുന്നില്ല. ആദ്യം വിദ്യാർത്ഥികൾക്ക് ഫ്രീ ഡെമോ ക്ലാസുകൾ നൽകും. ഒരു ദിവസം ഒരു മണിക്കൂറാണ് ക്ലാസ്. സിലബസ് പഠനത്തിലേക്ക് കടക്കുന്നതിന് മുൻപ് കുട്ടിയുടെ അടിസ്ഥാന അറിവും പഠനനിലവാരവും മനസിലാക്കുന്നതിന് പ്രാധാന്യം നൽകുന്നു. ആവശ്യമെങ്കിൽ ആദ്യം ഫൗണ്ടേഷൻ ക്ലാസ് നൽകി അടിസ്ഥാന പഠനം ശക്തമാക്കിയ ശേഷമാണ് സിലബസിലേക്ക് കടക്കുന്നത്.

എൽകെജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് ട്യൂഷൻ നൽകുന്നത്. രാവിലെ മുതൽ രാത്രി പത്ത് മണി വരെ ക്ലാസുകൾ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാനും സാധിക്കും.

സാധാരണ പഠനരീതിയിൽ നിന്ന് വ്യത്യസ്തമായി എന്റർടെയ്ൻമെന്റും എഡ്യൂക്കേഷനും സംയോജിപ്പിച്ച എഡ്യൂടെയ്‌ൻമെന്റ് (Edutainment) രീതിയാണ് അലാം ലോണിംഗ് പിന്തുടരുന്നത്. ഇതിലൂടെ യാതൊരു മടിയുമില്ലാതെ കുട്ടികൾക്ക് ആസ്വദിച്ച് പഠിക്കാൻ സാധിക്കുന്നു.

പഠനത്തിനപ്പുറം

പാഠപുസ്തകങ്ങളിലെ അറിവ് മാത്രം നൽകുക എന്നതല്ല അലാം ലേണിംഗിന്റെ ലക്ഷ്യം. ഓരോ കുട്ടിയിലുമുള്ള കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുകയും അവരുടെ സ്വപ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുക എന്നതും പ്രധാന ലക്ഷ്യമാണ്. നല്ല സ്വഭാവഗുണങ്ങളുള്ള, ആത്മവിശ്വാസമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന ചിന്തയും ഈ സംരംഭത്തിന് പിന്നിലുണ്ട്.

ചെറിയ രീതിയിൽ ആരംഭിച്ച ഈ യാത്ര ഇന്ന് കേരളത്തിന് പുറത്തേക്കും വളർന്നുകഴിഞ്ഞു. കോഴിക്കോട്ടെ ഒരു ചെറിയ പ്രദേശത്ത് നിന്ന് ആരംഭിച്ച ട്യൂഷൻ ക്ലാസിൽ ഇന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്.

സംരംഭത്തിലേക്കുള്ള ചുവടുവയ്പ്പ്

ഒറ്റനിമിഷം കൊണ്ടല്ല നജീബയും മരിയയും അലാം ലേണിംഗ് എന്ന സംരംഭത്തിലേക്ക് എത്തിയത്. ചെറിയ രീതിയിൽ ആരംഭിച്ച യാത്രയിൽ ഓരോ ഘട്ടത്തിലും നിരവധി വെല്ലുവിളികൾ നേരിടേണ്ടിവന്നു. മറ്റുള്ളവരെ അനുകരിക്കുന്നതിന് പകരം തങ്ങളുടേതായ ഒരു പഠനരീതി സൃഷ്ടിക്കാനാണ് അവർ ശ്രമിച്ചത്.

പണത്തിനായി കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതിലുപരി, ഒരു കുട്ടിയാണെങ്കിലും ശരിയായ രീതിയിൽ പഠിപ്പിക്കുകയും ആ കുട്ടിയുടെ പുരോഗതിക്ക് പ്രാധാന്യം നൽകുകയും ചെയ്യുക എന്നതാണ് അലാം ലേണിംഗിന്റെ നിലപാട്. അതുകൊണ്ടുതന്നെ ഓരോ വിദ്യാർത്ഥിക്കും കൃത്യമായ ശ്രദ്ധയും പിന്തുണയും നൽകാൻ ഇവർ ശ്രമിക്കുന്നു.

സോഷ്യൽ മീഡിയയിലും സജീവം

Alarm with Najeeba, Alarm with Maria എന്ന പേരുകളിൽ ഇരുവർക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകളുണ്ട്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവരങ്ങളും പഠനസഹായങ്ങളും അലാം ലേണിംഗിന്റെ പ്രവർത്തനങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഇവർ സജീവമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു.

രണ്ടുപേരിൽ ആരംഭിച്ച യാത്ര ഇന്ന് നിരവധി അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പിന്തുണയോടെ മുന്നോട്ടുപോകുകയാണ്. ഈ വളർച്ചയ്ക്ക് പിന്നിൽ കുടുംബത്തിൽ നിന്ന് ലഭിച്ച പിന്തുണയും പ്രോത്സാഹനവും ഇരുവരും എടുത്തുപറയുന്നു. ശക്തമായ ആഗ്രഹവും കഠിനാധ്വാനവും വ്യത്യസ്തമായി ചിന്തിക്കാനുള്ള മനസും ഉണ്ടെങ്കിൽ വെല്ലുവിളികൾ എത്ര വലിയതായാലും സ്വന്തം സ്വപ്‌നത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് നജീബയും മരിയയും.

ഇൻസ്റ്റഗ്രാം: alarmlearning

ഫോൺ : +91 8891618623, 8086086231

English Summary

Najeeba from Areekode and Maria from Thamarassery turned their home tuition initiative into Alam Learning, an online education platform with students from Gulf countries. Starting with Google Meet classes, they now have 45 employees. Their personalised teaching approach focuses on individual attention, edutainment, and nurturing students’ talents.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONLINE EDUCATION KERALA, ALAM LEARNING, NAJEEBA AND MARIA, KERALA WOMEN ENTREPRENEURS, ONLINE TUITION KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA