SignIn
Kerala Kaumudi Online
Tuesday, 01 September 2026 12.00 PM IST

മരണം ഹൃദയാഘാതംമൂലം, കൊലപാതകവുമല്ല സമാധിയുമല്ല; നെയ്യാറ്റിൻകര ഗോപന്റെ കേസ് അവസാനിപ്പിച്ചു

neyyattinkara-gopan
നെയ്യാറ്റിൻകര ഗോപൻ

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് സ്ഥിരീകരിച്ച് കേസവസാനിപ്പിച്ച് പൊലീസ്. മരണം കൊലപാതകവുമല്ല സമാധിയുമല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഗോപന്റേത് ഹൃദയാഘാതം മൂലമുള്ള മരണമാണെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയതിനുശേഷമാണ് കേസ് അവസാനിപ്പിച്ചത്.

മരിച്ച ശേഷമാണ് ഗോപന്റെ മൃതദേഹമെടുത്ത് മക്കൾ സമാധിയിരുത്തിയതെന്ന് അന്തിമ റിപ്പോർട്ടിൽ പറയുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം മാസങ്ങൾക്കുശേഷം ലഭിച്ചതോടെയാണ് ദുരൂഹതകൾ നീങ്ങിയത്. ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളിൽ ചതവുകളുണ്ടായിരുന്നെങ്കിലും അവയൊന്നും മരണകാരണമല്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.

ഹൃദയധമനികളിൽ ബ്ളോക്കുണ്ടായിരുന്നു. ലിവർ സിറോസിസുണ്ടായിരുന്നു. മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോയില്ലായിരുന്നു. വിഷാംശം ഉള്ളിൽ ചെന്നതിന്റെ ലക്ഷണങ്ങളോ ആന്തരികാവയവങ്ങൾക്ക് സാരമായ തകരാറോ സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. ഇതോടെ കൊലപാതക സാദ്ധ്യതയും പൊലീസ് പൂർണമായും തള്ളി.

ഗോപന്റെ കുടുംബം അവകാശപ്പെടുന്നതുപോലെ നടന്ന് പോയതിനുശേഷം ഇരുന്ന് സമാധിയാകാനുള്ള സാദ്ധ്യതയും അന്തിമറിപ്പോർട്ടിൽ തള്ളുന്നു. എന്നിരുന്നാലും ഗോപന് ക്ഷേത്രമുണ്ടാക്കാനുള്ള ശ്രമത്തിലാണ് കുടുംബം. മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് ഇപ്പോഴും മകന്റെ നേതൃത്വത്തിൽ പൂജകൾ നടക്കുന്നുണ്ട്.

കേരളത്തിൽ അടുത്തിടെയൊന്നും കേട്ടുകേൾവിയില്ലാത്ത സമാധി വിവാദത്തിന് കേരള പൊലീസും ജില്ലാ ഭരണകൂടവും ഇടപെട്ടാണ് അവസാനം കുറിച്ചത്. കൊലപാതക സാദ്ധ്യതയും ദുരൂഹതകളും നാട്ടുകാർ ചൂണ്ടിക്കാട്ടിയതോടെ മക്കൾ ഒരുക്കിയ 'സമാധി പീഠം' പൊളിച്ച് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുകയായിരുന്നു. പിന്നീട് ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ മക്കൾ വീണ്ടും സമാധിയിരുത്തി. നെയ്യാറ്റിൻകര കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിന് സമീപത്താണ് ഗോപനെ സമാധിയിരുത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ പൂജാരികൂടിയായ മകൻ രാജസേനനാണ് പൂജാ കർമ്മങ്ങൾ ചെയ്യുന്നത്. തന്റെ അച്ഛൻ ഗോപൻ സ്വാമിയല്ലെന്നും ദൈവമാണെന്നും മകൻ രാജസേനൻ പറയുന്നു. ദൈവത്തെ കാണാൻ ഒരുപാട് തീർത്ഥാടകർ അവിടെ എത്തുന്നുണ്ടെന്നും മകൻ പറയുന്നു.

English Summary

Police have closed the case into Neyyattinkara Gopan’s death, confirming there was no suspicious circumstance. Authorities ruled out both murder and “samadhi,” stating that Gopan died of a heart attack. The case was closed after police submitted a report to the court confirming the cause of death.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEYYATTINKARA GOPAN, NEYYATTINKARA GOPAN CASE, NEYYATTINKARA GOPAN SAMADHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA