SignIn
Kerala Kaumudi Online
Tuesday, 01 September 2026 12.02 PM IST

'‌വിശ്വാസികളുടെ  ആഭ്യന്തരകാര്യത്തിൽ  ഇടപെടാൻ വരണ്ട': സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

READ ENGLISH VERSION

kanthapuram
കാന്തപുരം അബൂബക്കർ മുസ്ലിയാർ

മലപ്പുറം: കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരായ വിമർശനങ്ങളിൽ സിപിഎമ്മിനെതിരായ നിലപാടുകളുമായി കാന്തപുരം സമസ്ത സംഘടനകൾ. പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി ക്ലാസുകളിൽ മതിയെന്ന് സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ (എസ്എസ്എഫ്) പറഞ്ഞു. ലോകമെമ്പാടും പരാജയപ്പെട്ട് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേയ്ക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ ആഭ്യന്തരകാര്യത്തിൽ ഇടപെടാൻ വരേണ്ടതില്ലെന്ന് സുന്നി യുവജന സംഘം (എസ്‌വൈഎസ്) മുന്നറിയിപ്പ് നൽകി.

വിശ്വാസി സമൂഹത്തിന്റെ ആചാര മര്യാദകൾക്ക് നേരെ കപട പുരോഗമനത്തിന്റെ ക്ലാസ് എടുക്കാൻ വരുന്ന നേതാക്കളുടെ ഇരട്ടത്താപ്പ് ദാരിദ്ര്യവും പരിഹാസവും ആണെന്നുമാണ് എസ്‌വൈഎസിന്റെ രൂക്ഷവിമർശനം. നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകളെ പൊതുവേദികളിലും പൊതുനിരത്തുകളിലും അന്യപുരുഷന്മാർക്കാെപ്പം പ്രദർശിപ്പിക്കരുത് എന്ന് മഹല്ലുകൾക്കും മദ്രസകൾക്കും കാന്തപുരം വിഭാഗം സർക്കുലർ നൽകിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

തുടർന്ന് കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിച്ച പ്രവാചക പ്രകീർത്തന സമ്മേളനത്തിൽ സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും അതിനാൽ സ്ത്രീകൾ വീട്ടിൽ അടങ്ങി ജീവിക്കണമെന്നും കാന്തപുരം അബൂബക്കർ മുസ്ലിയാർ ആവർത്തിച്ചു. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരാണെന്നും ഇസ്ലാം മതത്തെക്കുറിച്ച് വിപുലമായും ആഴത്തിലും പഠിച്ച വ്യക്തിയെന്ന നിലയിൽ മുസ്ലീം സമുദായ കാര്യങ്ങളിൽ സംസാരിക്കാനും നിലപാടുകൾ വ്യക്തമാക്കാനും തനിയ്ക്ക് പൂർണ അധികാരമുണ്ടെന്നും കാന്തപുരം വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് കാന്തപുരത്തിനെ വിമർശിച്ച് സിപിഎം നേതാക്കളടക്കം രംഗത്തെത്തിയത്. കാന്തപുരം വീണ്ടും സ്ത്രീവിരോധം ഛർദ്ദിക്കുന്നുവെന്ന് സിപിഎം നേതാവ് പി കെ ശ്രീമതി വിമർശിച്ചിരുന്നു. ആർഎസ്എസ് എങ്ങനെയാണോ സ്ത്രീകളെ കാണുന്നത് അതിന് സമാനമാണ് കാന്തപുരത്തിന്റെ പരാമർശമെന്നും അവർ വിമർശിച്ചു. സ്കൂളുകളിലെ ഓണാഘോഷങ്ങളിൽ പെൺകുട്ടികൾ പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്തതാണ് കാന്തപുരത്തിനെ പ്രകോപിപ്പിച്ചതെന്നും വിദ്യാഭ്യാസം നേടി എംഎൽഎമാരും ജഡ്ജിമാരും ഡോക്ടർമാരുമായി സ്ത്രീകൾ സമൂഹത്തിന്റെ മുൻനിരയിൽ നിൽക്കുന്ന കേരളത്തിൽ ഇത്തരം നിലപാടുകൾ അങ്ങേയറ്റം സ്ത്രീവിരുദ്ധവും കാലഹരണപ്പെട്ടതുമാണെന്നും അവർ വിമർശിച്ചിരുന്നു.

പ്രവാചകൻ തന്നെവന്നു പറഞ്ഞ‍ാലും ഇത്തരം സത്രീവിരുദ്ധ നിലപാടുകളെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കില്ലെന്നായിരുന്നു എ കെ ബാലന്റെ പ്രതികരണം. കാന്തപുരത്തിന്റെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ,​ ഡിവൈെഫ്ഐ,​ മഹിളാ അസോസിയേഷൻ തുടങ്ങിയ സംഘടനകളും രംഗത്തെത്തിയിരുന്നു.

English Summary

Kanthapuram-affiliated Samastha organisations criticised the CPI(M) for opposing Kanthapuram Aboobacker Musliyar’s controversial remarks on women, saying the party should not interfere in believers’ internal religious matters.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANTHAPURAM REMARKS ON WOMEN, CPM, SAMASTHA KANTHAPURAM, KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA