SignIn
Kerala Kaumudi Online
Wednesday, 21 October 2026 2.26 AM IST

അരവണ നിർമ്മാണം ഇന്നു തുടങ്ങും, ശബരിമല പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി

READ ENGLISH VERSION
aravana
f

പത്തനംതിട്ട: ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി. അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും. പ്ളാന്റിന്റെ ശേഷി വർദ്ധിപ്പിക്കാനുള്ള ജോലികൾ പിന്നീട് നടക്കും.

തുലാമാസ പൂജകൾക്കായി നടതുറന്നിരിക്കുന്ന ദിവസങ്ങളിലും മണ്ഡല തീർത്ഥാടന കാലത്തേക്കുമുള്ള കരുതൽ ശേഖരമാണ് നിർമ്മിക്കുന്നത്. അരവണ പ്ലാന്റ്, സ്‌റ്റോർ, ഗോഡൗൺ എന്നിവിടങ്ങൾ അണുവിമുക്തമാക്കി. ചിങ്ങമാസ പൂജകൾക്കുശേഷം അരവണ നിർമ്മാണത്തിന് 1026 കിലോ (27 ചാക്ക്) ഉണക്കലരിമാത്രമാണ് ഉണ്ടായിരുന്നത്. ഇത് പ്രതിസന്ധിയുണ്ടാക്കുമെന്ന കേരളകൗമുദി വാർത്തയെ തുടർന്ന് ബോർഡിന്റെ നിർദ്ദേശപ്രകാരം 15,​000കിലോ അരികൂടി പഴയ കരാറുകാരൻ ഇന്നലെ പമ്പയിലെത്തിച്ചു. ഇതുപയോഗിച്ച് 4.21ലക്ഷം ടിൻ അരവണ നിർമ്മിക്കാം. കഴിഞ്ഞ വർഷം ആറു ലക്ഷത്തിനടുത്ത് അരവണയാണ് തീർത്ഥാടനകാലത്ത് ചെലവായത്. ഇക്കുറി അതിൽ കൂടുതൽ വേണ്ടിവരും.

തീർത്ഥാടനത്തിനു മുമ്പ് 75 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി നിർമ്മിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും ഉറപ്പുനൽകിയിരുന്നു. ഇത്രയും അളവിൽ അരവണ നിർമ്മിക്കണമെങ്കിൽ പുതിയ കരാർ പ്രകാരം അരി എത്തിക്കണം. ഇതിനായി ടെൻഡർ നൽകിയിരുന്നെങ്കിലും ദേവസ്വം ബോർഡ് എഗ്രിമെന്റ് ഒപ്പിടാത്തതിനാൽ പുതിയ കരാറുകാരന് അരിയെത്തിക്കാൻ കഴിയുന്നില്ല. നടപടികൾ വേഗം പൂർത്തിയാക്കി അരിയെത്തിച്ചില്ലെങ്കിൽ അരവണ നിർമ്മാണം വീണ്ടും പ്രതിസന്ധിയിലാകും.

ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാറും ദേവസ്വം കമ്മിഷണർ ബി.സുനിൽ‌കുമാറും ഇന്ന് സന്നിധാനത്തെത്തി തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തും. അരവണ നിർമ്മാണത്തിനാവശ്യമായ സാധനങ്ങളുടെ ശേഖരം സംബന്ധിച്ച കണക്കെടുപ്പും നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARAVANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY