SignIn
Kerala Kaumudi Online
Monday, 25 May 2026 12.49 PM IST

ഇടത് നയവ്യതിയാനങ്ങൾക്ക് എതിരായ വിധിയെഴുത്ത്: ഷിബു ബേബിജോൺ

shibu

കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന്റെ മാത്രമല്ല, കഴിഞ്ഞ പത്ത് വർഷമായി നിയമസഭയിൽ പ്രാതിനിദ്ധ്യമില്ലാതിരുന്ന ആർ.എസ്.പിയുടെ കൂടി തിരിച്ചുവരവാണ്. അഞ്ച് സീറ്റുകളാണ് ആർ.എസ്.പിക്ക് യു.ഡി.എഫ് നൽകിയത്. അതിൽ പയ്യന്നൂർ സീറ്റ് സി.പി.എം വിട്ടുവന്ന വി.കുഞ്ഞിക്കൃഷ്ണനെ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിപ്പിക്കാൻ നൽകി. മത്സരിച്ച നാല് സീറ്റുകളിൽ മൂന്നിലും (ചവറ, ഇരവിപുരം, കുന്നത്തൂർ ) ആർ.എസ്.പി വിജയിച്ചു. യു.ഡി.എഫിന്റെ തിരിച്ചുവരവിനൊപ്പം പാർട്ടിയേയും ഉയർത്തേഴുന്നേൽപ്പിച്ച ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ കേരളകൗമുദിയുമായി സംസാരിക്കുന്നു.

 എൽ.ഡി.എഫിന്റെ തകർച്ച ?

ഇടതുപക്ഷത്തിന്റെ തീവ്രമായ നയവ്യതിയാനമാണ് തകർച്ചയുടെ പ്രധാനകാരണം.. അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ ഗുരുതരമായ വഴിതെറ്റലുണ്ടായി.ജനസേവനത്തിന് പകരം ധാർഷ്ട്യവും അഹങ്കാരവും മേൽത്തട്ട് മുതൽ താഴെത്തട്ട് വരെയുള്ള സി.പി.എം നേതാക്കളുടെ സംസ്കാരമായി മാറി. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളും ആ ശൈലിയാണ് അനുവർത്തിച്ചത്.

 യു.ഡി.എഫ് ഭരണം ?

ലോകം മാറുന്നതനുസരിച്ച് കാഴ്ചപ്പാടുകൾ മാറണം. ഭരണത്തിലും മാറ്റമുണ്ടാകണം. കേരളത്തിന്റെ പ്രശ്നങ്ങൾ ശാസ്ത്രീയമായി പഠിച്ച് പരിഹരിക്കാനുള്ള മാർഗനിർദ്ദേശങ്ങളടങ്ങിയതാണ് യു.ഡി.എഫിന്റെ പ്രകടന പത്രിക. അത് ഭംഗിയായി നടപ്പാക്കിയാൽ തന്നെ മികച്ച ഭരണം കാഴ്ചവയ്ക്കാൻ സാധിക്കും. ജനകീയ പ്രശ്നങ്ങളോടെല്ലാം ക്രിയാത്മക സമീപനം സ്വീകരിക്കും.

 ആർ.എസ്.പിയുടെ തിരിച്ചുവരവാണല്ലോ ?

കൃഷി ഓഫീസിലെ ഉപദേശക സമിതിയിൽ പോലും ആർ.എസ്.പിക്ക് പ്രാതിനിദ്ധ്യമില്ലാത്ത അവസ്ഥയായിരുന്നു. എന്നിട്ടും കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ആരും പാർട്ടി വിട്ടുപോയില്ല. തിരിച്ചുവരവിന് വേണ്ടി പ്രവർത്തിച്ചു. പാർട്ടിയുടെ നിലനിൽപ്പിന്റെ പോരാട്ടമായിരുന്നു.

 ചവറ തിരിച്ചുപിടിച്ചല്ലോ ?

ചെറിയ വീഴ്ചകളിൽ ചവറക്കാർ ശിക്ഷിക്കും. പക്ഷെ അവരെന്നെ കൈവിടില്ലെന്ന് ഉറപ്പുണ്ടായിരുന്നു. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ചവറയിൽ പോവുക, അവിടെ ചടങ്ങുകളിൽ പങ്കെടുക്കുകയെന്നത് എന്റെ ദിനചര്യയുടെ ഭാഗമാണ്. . കഴിഞ്ഞ തോൽവിയിൽ ചവറയിലെ യു.ഡി.എഫ് പ്രവർത്തകരെല്ലാം നിരാശയിലായിരുന്നു

 മന്ത്രിയായാൽ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമോ?

മുൻ കാലങ്ങളിൽ ആർ.എസ്.പിയിൽ അങ്ങനെയൊരു കീഴ്വഴക്കമില്ല. മന്ത്രി സ്ഥാനവും പാർട്ടി സെക്രട്ടറി സ്ഥാനവും ഒരുമിച്ച് കൊണ്ടുപോയിട്ടുണ്ട്. ഇപ്പോഴത്തെ കാര്യം പാർട്ടി ആലോചിച്ച് തീരുമാനിക്കും. ഒരു മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് പാർട്ടി തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SHIBU BABY JOHN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA