ഹൈദരാബാദ്: വിജയ് ദേവരകൊണ്ടയ്ക്കും രശ്മികമന്ദാനയ്ക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം ഉള്ളടക്കങ്ങൾ പ്രചരിച്ചവർക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകി ടീം വിരോഷ്. താരങ്ങളുടെ ഔദ്യോഗിക പിആർ ടീമിന്റെ ഭാഗമാണ് ടീം വിരോഷ്.
'കോഫി വിത്ത് കരൺ സീസൺ 9'ൽ ഇരുവരും നൽകിയ അഭിമുഖം പുറത്തുവന്നതോടെയാണ് മോശം പ്രചാരണങ്ങളും ട്രോളുകളും തുടങ്ങിയത്. അഭിമുഖത്തിലെ ചില ഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തിയാണ് ട്രോളുകൾ പ്രചരിക്കുന്നത്. വിരോഷ് ടീമിന്റെ പ്രതിനിധി നേരിട്ടെത്തിയാണ് പരാതി സമർപ്പിച്ചത്. വ്യാജമായ വിവരണങ്ങൾ, കൃത്രിമമായി നിർമ്മിച്ച ഉള്ളടക്കങ്ങൾ, എഡിറ്റ് ചെയ്ത സ്ക്രീൻ ഷോട്ടുകൾ, കരുതിക്കൂട്ടിയുള്ള അധിക്ഷേപം എന്നിവ തെളിയിക്കുന്ന ഡിജിറ്റൽ രേഖകൾ ഉൾപ്പെടുത്തിയാണ് പരാതി നൽകിയിരിക്കുന്നത്.
അഭിപ്രായ സ്വാതന്ത്ര്യത്തെയും വിമർശനങ്ങളെയും മാനിക്കുന്നുണ്ടെങ്കിലും വ്യാജമായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ കാര്യങ്ങൾ വസ്തുതകളെന്ന നിലയിൽ അവതരിപ്പിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് ടീം വിരോഷ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഈ ലോകംതന്നെ തങ്ങൾക്കെതിരായാലും തങ്ങളതിനെ ഒന്നിച്ചുനേരിടുമെന്നും വിമർശനങ്ങൾ തങ്ങളെ ബാധിക്കുന്നില്ലെന്നുമായിരുന്നു വിജയ് ദേവരകൊണ്ട പ്രതികരിച്ചത്.
തങ്ങൾ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും അഭിപ്രായങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് വഴിമാറിയെന്നും രശ്മിക ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. 'സാധാരണയായി ഇത്തരം കാര്യങ്ങളിൽ താൻ പ്രതികരിക്കാറില്ല. എല്ലാവർക്കും അവരവരുടെ അഭിപ്രായങ്ങളുണ്ടാകാം. എന്നാൽ തങ്ങളെക്കുറിച്ചുള്ള ഇപ്പോഴത്തെ ചർച്ച അഭിപ്രായ പ്രകടനങ്ങൾക്കപ്പുറം ആരെയെങ്കിലും കുറ്റപ്പെടുത്താൻ കാത്തിരിക്കുന്ന രോഷാകുലരായ ഒരു കൂട്ടത്തിന്റെ പ്രതികരണം പോലെയാണ് തോന്നുന്നത്'- രശ്മിക കുറിച്ചു.
Team Virosh has filed a cybercrime complaint over alleged online harassment and misleading content targeting Vijay Deverakonda and Rashmika Mandanna following their appearance on Koffee With Karan Season 9.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |