നടൻ ടൈഗർ ഷ്റോഫിന്റെ കാറിനുനേരെ വെടിവയ്പ്പ് ഉണ്ടായ സംഭവത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ബോളിവുഡ് താരം സൽമാൻ ഖാൻ. കനത്ത സുരക്ഷയിൽ മുംബയിൽ നടന്ന ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡിന്റെ (ഐഐഎഫ്എ) പരിപാടിയിലാണ് താരം പങ്കെടുത്തത്. പതിവ് തമാശകളുമായി സദസിനെ ചിരിപ്പിച്ചാണ് താരം മടങ്ങിയത്. ബോളിവുഡ് താരങ്ങളായ കരീന കപൂർ ഖാൻ, ഷാഹിദ് കപൂർ, വരുൺ ധവാൻ, രശ്മിക മന്ദാന, അലി ഫസൽ, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
ഐഐഎഫ്എയെ ആലസ്പദമാക്കി ഒരു സിനിമയെടുത്താൽ എന്ത് പേരിടുമെന്ന അവതാരകന്റെ ചോദ്യത്തിന് സൽമാൻ നൽകിയ മറുപടിയാണ് സദസിൽ ചിരി പടർത്തിയത്. മുമ്പ് ന്യൂയോർക്കിൽവച്ച് ഐഐഎഫ്എ ഒരു സിനിമ നിർമ്മിക്കാൻ ശ്രമിച്ചിരുന്നുവെന്നും അത് വൻ പരാജയമായി മാറിയെന്നും താരം പറഞ്ഞു. സിനിമയിൽ അഭിനയിക്കാൻ വേണ്ടി താരങ്ങളെ നിർബന്ധിച്ച രീതിയെക്കുറിച്ചും തമാശരൂപേണ അദ്ദേഹം വിവരിച്ചു.
'ഞങ്ങളെല്ലാവരും അതിന്റെ ഭാഗമായിരുന്നു. ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് ഞങ്ങളെ കൊണ്ടുപോയി. തോക്കുചൂണ്ടി നിർബന്ധിച്ചാണ് ഷൂട്ടിംഗ് നടത്തിയത്. അടുത്തതവണ ഐഐഎഫ്എ നൽകില്ലെന്നായിരുന്നു ഭീഷണി. ഇത് നടക്കില്ലെന്ന് ഞങ്ങൾ ആവർത്തിച്ച് പറഞ്ഞെങ്കിലും അവർ കേട്ടില്ല'- സൽമാൻ വ്യക്തമാക്കി. അതേസമയം 2027ൽ ഐഐഎഫ്എയുടെ അവതാരകനാകാൻ പോവുന്ന ബോളിവുഡ് നടൻ വരുൺ ധവാന് സൽമാൻ നൽകിയ ഉപദേശവും ശ്രദ്ധേയമായി. അവതരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഉപദേശം നൽകാനുണ്ടോയെന്ന ചോദ്യത്തിന്, 'അവതാരകനാകരുത്' എന്നായിരുന്നു സൽമാന്റെ മറുപടി. അവതാരകന്റെ ജോലി ഏകദേശം ആറു മണിക്കൂർ വരെ നീളാമെന്നായിരുന്നു താരത്തിന്റെ വിശദീകരണം.
ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പിനുപിന്നാലെ ബോളിവുഡ് താരങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് സൽമാന്റെ പൊതുപരിപാടിയിലെ സാന്നിദ്ധ്യം. താരത്തിന്റെ വസതിക്കു പുറത്തുള്ള സുരക്ഷ ശക്തമാക്കിയതായും ബുള്ളറ്റ് പ്രൂഫ് അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ നവീകരിച്ചതായാണ് റിപ്പോർട്ടുകൾ. സൽമാന്റെ വസതിക്കു സമീപം അക്രമികൾ മുൻകൂട്ടി നിരീക്ഷണം നടത്തിയിരുന്നുവെന്നും എന്നാൽ കനത്ത സുരക്ഷ കണ്ട് പദ്ധതി ഉപേക്ഷിച്ചുവെന്നും അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്.
Bollywood star Salman Khan made his first public appearance after the firing incident at Tiger Shroff's car, attending the IIFA event in Mumbai under heavy security.He entertained the crowd with his usual humour.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |