SignIn
Kerala Kaumudi Online
Sunday, 26 July 2026 5.05 AM IST

പാട്ടു ജീവിതത്തിൽ വഴിത്തിരിവായത് ആ ഗാനം, ദേശീയ പുരസ്കാര ലബ്ധിയിൽ മനസ് തുറന്ന് വൈക്കം വിജയലക്ഷ്മി

vaikom-vijaya-
വൈക്കം വിജയലക്ഷ്മി

പുരസ്കാരങ്ങളുടെ പെരുമഴയിൽ വൈക്കം വിജയലക്ഷ്‌മി. ആദ്യം കർണാടക സർക്കാരിന്റെ മികച്ച ഗായിക പുരസ്കാരം. പിന്നാലെ തമിഴ്‌‌നാട്. തൊട്ടുപിറകെ ഇന്ത്യയിലെ മികച്ച ഗായിക എന്ന അംഗീകാരം . പാട്ടുജീവിതത്തിൽ വൻ നേട്ടങ്ങൾ സമ്മാനിച്ച വർഷം . പാടിയും പറഞ്ഞും മതിവരാതെ, മാതാപിതാക്കളായ വി. മുരളീധരന്റയും പി.കെ.വിമലയുടെയും കൈപിടിച്ച് അകക്കണ്ണിന്റെ വെളിച്ചത്തിലൂടെയുള്ള പാട്ട് ജീവിതത്തിൽ നേടിയതാണ് എല്ലാം തിളക്കവും. എആർഎം സിനിമയിൽ മനു മഞ്ജിത്തിന്റെ വരികൾക്ക് ദിബു നൈനാൻ തോമസ് ഈണം പകർന്ന 'അങ്ങു വാനക്കോണില്" എന്ന പാട്ട് ദേശീയ അംഗീകാരം നേടി തന്നതിന്റെ നിറഞ്ഞ ആഹ്ളാദത്തിൽ വൈക്കം വിജയലക്ഷ്‌മി സംസാരിച്ചു.

'സിന്ധു ഭൈരവി' സിനിമയിൽ കെ.എസ്. ചിത്ര ആലപിച്ച 'ഞാനൊരു സിന്ത്, കാവടി സിന്ത് എന്ന പാട്ട് കുട്ടിക്കാലത്ത് കാണാതെ പഠിച്ചു പാടിയ പെൺകുട്ടി ചിത്രയെ പോലെ രാജ്യത്തെ മികച്ച ഗായികയായി അംഗീകരിക്കപ്പെടുമ്പോൾ എന്തെല്ലാമായിരിക്കും സന്തോഷങ്ങൾ?

വളരെ, വളരെ സന്തോഷങ്ങൾ. എന്റെ കഠിനാദ്ധ്വാനത്തിന് വൈക്കത്തപ്പൻ ഫലം തന്നു. കുറച്ചു വൈകി ആണെങ്കിലും ഫലം ലഭിക്കും എന്നാണല്ലോ. നമ്മൾ കർമ്മങ്ങൾ ചെയ്തുകൊണ്ടേയിരിക്കുക. രാജ്യത്തെ മികച്ച ഗായികയായി അംഗീകാരം നേടുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. പിന്നെ ഭാഗ്യം കൂടി ഒത്തുവന്നു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം അനുഭവപ്പെടുന്നു.രണ്ടു വൈക്കത്തുകാർക്ക് ഒരുമിച്ച് അവാർഡ് ലഭിച്ചു . മമ്മൂക്കയ്ക്കും എനിക്കും.

എന്തൊരു ഭാഗ്യമാണത് അല്ലേ? അവാർഡ് ലഭിച്ചപ്പോൾ ആദ്യം വിളിച്ചത് എം. ജയചന്ദ്രൻ സാർ ആയിരുന്നു. മഞ്ജു വാര്യർ ചേച്ചി, ജയസൂര്യ ചേട്ടൻ, സുജാത ചേച്ചി, ശ്വേത, ശരത് സാർ, മധു അണ്ണൻ ( മധു ബാലകൃഷ്ണൻ) അങ്ങനെ ഒരുപാട് പേർ വിളിച്ചു.

ദിബു ഈണം ഒരുക്കിയ കനാ എന്ന തമിഴ് ചിത്രത്തിൽ പാടാൻ കഴിഞ്ഞത് എആർഎമ്മിലേക്ക് എത്താൻ എളുപ്പമാക്കി മാറ്റിയോ ?


വലിയ രീതിയിൽ സഹായിച്ചു. ട്രാക്ക് പാടിയത് അയച്ചു തന്നു. എറണാകുളത്താണ് റിക്കോർഡിംഗ് നടന്നത്. മുത്തശ്ശി ചെറുമകന് കഥ പറഞ്ഞുകൊടുക്കുന്നതുപോലെ പാടാൻ ദിബു അണ്ണൻ പറഞ്ഞു. ഓരോ വരിയും കൃത്യമായി എങ്ങനെ പാടണമെന്നും പറഞ്ഞുതന്നു. മലയാളിയായ ദിബു അണ്ണന്റെ ആദ്യ മലയാള സിനിമയാണ് എആർഎം. താരാട്ടും ശോകവും അതുകഴിഞ്ഞ് ഫോക്കും മോട്ടിവേഷനും എല്ലാം ചേരുന്ന പാട്ട്. പാട്ട് പാടിയപ്പോൾ തന്നെ അവാർഡ് ലഭിക്കും എന്നു ദിബു അണ്ണൻ പറഞ്ഞു.എന്റെ അച്ഛനും അമ്മയും എല്ലാം പറഞ്ഞു അവാർഡ് ലഭിക്കും എന്ന്.ആഗസ്റ്റ്, സെപ്തംബർ ആകും എന്നാണ് കരുതിയത്. നേരത്തേ ലഭിച്ചു.

മലയാള പിന്നണി ഗാനശാഖയിൽ നഷ്ടമായി എന്നു കരുതുന്ന ഈണവും താളവും സ്വരമാധുരിയും വിജയലക്ഷ്‌മിയിലൂടെ തിരികെ ലഭിച്ചു എന്ന വിലയിരുത്തലിനോട് യോജിക്കുന്നുണ്ടോ?

എന്റെ പാട്ട് കേൾക്കുന്നവർ അങ്ങനെ പറയുന്നതിൽ സന്തോഷമുണ്ട്. ദാസേട്ടൻ പറയുന്നതുപോലെ എല്ലാം സംഗീതം ആണ്. നമ്മുടെ നാട്ടുനടപ്പ് അനുസരിച്ച്, 'ചൂട്ടു കത്തിക്കുക" എന്നാണല്ലോ. കാലത്തിനനുസരിച്ച് നീങ്ങുക. ആളുകളുടെ വിലയിരുത്തൽ ഉൾപ്പെടെ എല്ലാം ഇഷ്ടം ആണ്. ഗുരുക്കന്മാരും മാതാപിതാക്കളും ശ്രോതാക്കളും നൽകിയ പ്രോത്സാഹനമാണ് മുന്നോട്ട് നയിക്കുന്നത്.

പാട്ടുജീവിതത്തിലെ വഴിത്തിരിവ് എന്തായിരിക്കും?

'സെല്ലുലോയ്‌ഡ് സിനിമയിലെ 'കാറ്റേ കാറ്റേ " എന്ന പാട്ടാണ് വഴിത്തിരിവ്. അതിന് മുൻപ് സംഗീത കച്ചേരികളിലൂടെ അറിയപ്പെട്ടു. എന്നാൽ സിനിമയിൽ ആദ്യമായി പാടിയപ്പോൾ സാധാരണക്കാരുടെ മനസിലേക്ക് ഒന്നുകൂടി വരാൻ സാധിച്ചു. മലയാള ചലച്ചിത്ര ഗാനശാഖയിലേക്ക് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ സാർ കൈപിടിച്ചുകയറ്റി. കമൽ സാർ, റഫീക്ക് അഹമ്മദ് സാർ, ഔസേപ്പച്ചൻ സാർ എല്ലാവരും കൈപിടിച്ചു നടത്തി. 'കാറ്റേ കാറ്റേ" എന്ന പാട്ടിനോട് ഇഷ്ടം കൂടുതൽ ആണ്. ആ ഇഷ്ടം എന്നും സൂക്ഷിക്കും. പാട്ടിൽ മുഴുകി പാടാൻ ശ്രമം നടത്തുന്നതാണ് രീതി.

പാട്ട് പഠിക്കാൻ ഒരു ദിവസം വേണ്ടിവരും. രാവിലെ പല്ലവി, വൈകുന്നേരം അനുപല്ലവി, രാത്രി ചരണം. മനഃപാഠം ആക്കി പാടുന്നതാണ് രീതി.

ഇമ്മൻ, കീരവാണി, യുവൻ ശങ്കർരാജ, ജസ്റ്റിൻ പ്രഭാകരൻ, രവി ബസ്രൂർ ഇവർ വീണ്ടും വിളിച്ചാൽ ആരുടെ പാട്ട് ആയിരിക്കും ആദ്യം പാടുക?

എല്ലാവരുടെയും പാടും. ആരെയും ഒഴിവാക്കില്ല. പിന്നെയും പിന്നെയും പാടാൻ തോന്നിപ്പിക്കുന്നതാണ് ഇവരുടെ എല്ലാം സംഗീതം. ഇളയരാജ സാർ, എ.ആർ. റഹ്‌മാൻ സാർ, ശരത് സാർ, വിദ്യാസാഗർ ജി എന്നിവരുടെ പാട്ടുകൾ പാടാൻ ആഗ്രഹിക്കുന്നു. എം. ജയചന്ദ്രൻസാർ, വിദ്യാധരൻ മാഷ്, ഔസേപ്പച്ചൻ സാർ തുടങ്ങിയവരുടെ പാട്ടുകൾ ഇനിയും, ഇനിയും പാടണം.

ഇക്കുറി വിജയദശമിക്ക് തിളക്കം കൂടുമോ?

തീർച്ചയായിട്ടും. ദേശീയ അവാർഡ് ലഭിച്ചശേഷം എത്തുന്ന പിറന്നാൾ ഇരട്ടി മധുരം തന്നെയാണ്. വിജയദശമി മാത്രമല്ല, ഓണവും എല്ലാം ഗംഭീരമായി ആഘോഷിക്കും. ആഗസ്റ്റ് 24ന് കുടുംബസംഗമം ഉണ്ട്. ഓണത്തിന് ഇത്തവണ തിരുവനന്തപുരത്താണ്. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് പങ്കെടുക്കുന്നുണ്ട്. പൂരാടം വീട്ടിൽ അങ്ങ് തകർക്കും.

പ്രതിസന്ധികളിൽനിന്ന് ജീവിതത്തിന്റെ താളം വീണ്ടെടുക്കുന്നതിന് സംഗീതം സഹായിച്ചിട്ടുണ്ടോ ?

സംഗീതം മാത്രം ആണ് സഹായിച്ചത്. എന്നെ മുന്നോട്ട് നയിക്കുന്നതും അത് ആണ്. സംഗീതമില്ലാത്ത ജീവിതം ചിന്തിക്കാൻ കഴിയില്ല. മലയാളം , തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി, സംസ്കൃതം ഭാഷകളിൽ ഇരുന്നൂറിലധികം പാട്ടുകൾ പാടി. ഈശ്വരൻ എന്നെ അയച്ചത് പാട്ടു പാടാനാണ്.

വൈക്കം വിജയലക്ഷ്‌മിയുടെ

ചില ശ്രദ്ധേയ ഗാനങ്ങൾ

1 കാറ്റേ കാറ്റേ (സെല്ലുലോയ്‌‌ഡ്)

2 ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ (നടൻ)

3 കൈക്കോട്ടും കണ്ടിട്ടില്ല (ഒരു വടക്കൻ സെൽഫി)

4 കിള്ളാതെ ചൊല്ലാമോ ( കനൽ)

5 എന്താണിത് എങ്ങോട്ടിത് ( ജയ ജയ ജയ ജയ ഹേ)

6 അങ്ങു വാനക്കോണില് ( എആർഎം)

7 ഏങ്ങക്കും തായോ (ഏഴു ദേശങ്ങൾക്കും അകലെ)

8 ആരിവൻ ആരിവൻ ( ബാഹുബലി : ദ ബിഗിനിംഗ്)​

9 മണ്ണിലെ ഈരമുണ്ട് ( ജയ് ഭീം)

10 ഉഗ്രരൂപിണി ( പ്രകമ്പനം)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA