SignIn
Kerala Kaumudi Online
Sunday, 26 July 2026 5.05 AM IST

തലവര മാറ്റി ഫെമിനിച്ചി

kumar-sanil

ഫാത്തിമാ ജ്ജ് ഫെമിനിച്ചിയാ ?

ഈ ചോദ്യം കേട്ട ഫാത്തിമ അദ്‌ഭുതപ്പെടുമ്പോൾ അഷ്‌റഫ് ഉസ്താദിന്റെ കണ്ണുകൾ വിടർന്ന നിമിഷം 'നിങ്ങള് ഒരു നല്ല നടനാണെന്ന് പ്രേക്ഷകർ വിധിയെഴുതി. നടൻ എന്ന വിലാസത്തിൽ അടുത്ത സിനിമകളിലേക്ക് കുമാർ സുനിൽ യാത്ര തുടരുമ്പോൾ മികച്ച മലയാള സിനിമക്കുള്ള ദേശീയ അംഗീകാരം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയെ തേടി എത്തി.ആദ്യമായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമ നേടുന്ന വലിയ നേട്ടത്തിൽ കുമാർ സുനിൽ വിശേഷങ്ങൾ പങ്കിടുന്നു.

കർട്ടൻ ഉയർന്നപ്പോൾ

എന്നെ പോലെ ഒരു ചെറിയ നാടക പ്രവർത്തകൻ അഭിനയിച്ച സിനിമ ദേശീയ - സംസ്ഥാന അംഗീകാരം നേടുകയും അതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിക്കുകയും ചെയ്തതിൽ ഒരുപാട് സന്തോഷമുണ്ട്. സംവിധായകരും തിരക്കഥാകൃത്തുക്കളും വിളിക്കുകയും പ്രേക്ഷകർ തിരിച്ചറിയുകയും ചെയ്യുന്നു.ഇരുപത്തിയെട്ടു വർഷമായി നാടക രംഗത്ത് സജീവമായുണ്ട്. ഏകാങ്ക നാടകങ്ങളാണ് ഏറെയും അവതരിപ്പിച്ചത്. നാടകം പഠിച്ചും പഠിപ്പിച്ചും മുന്നോട്ട് പോയി. ആ അനുഭവങ്ങൾ കഥാപാത്രമായി രംഗപ്രവേശം ചെയ്യാനും ശരീരഭാഷയിലേക്ക് ഇറങ്ങിച്ചെല്ലാനും വഴിയൊരുക്കി. ജയപ്രകാശ് കുളൂരിന്റെ ശിഷ്യനാണ്. മാഷ് പഠിപ്പിച്ച ബാലപാഠങ്ങൾ ആണ് കരുത്ത്. കാവാലം നാരായണപ്പണിക്കരുടെയും കെ.ടി. മുഹമ്മദിന്റെയും നാടകങ്ങളെക്കുറിച്ചും പഠിച്ചു. ഫെമിനിച്ചി ഫാത്തിമയിലെ അഷ്റഫ് ഉസ്താദിനെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ നാടകാനുഭവങ്ങൾ സഹായിച്ചിട്ടുണ്ട്.

വീട്ടിൽ ആർക്കും നാടക പാരമ്പര്യമൊന്നുമില്ല.നാടകം എവിടെ ഉണ്ടെങ്കിലും കാണാൻ പോകുമായിരുന്നു.

മലപ്പുറം വള്ളിക്കുന്ന് ആണ് നാട്.നാട്ടിൽ പരിചിതമായ ഉസ്താദുമാർ , അവരെ നന്നായി നിരീക്ഷിച്ചിട്ടുണ്ട്. തിരക്കഥ വായിച്ചപ്പോൾ കൂടുതൽ പഠിക്കാൻ സാധിച്ചു എന്നാണ് വിശ്വാസം. 'ഉടലാഴം" ആണ് ആദ്യ സിനിമ. ഒടിയൻ, വെള്ളരിപട്ടണം, കോലാഹലം, ഫ്രീഡം ഫൈറ്റ്, കാതൽ ദ കോർ, ആന്റണി തുടങ്ങി മുപ്പത്തിഅഞ്ചിലധികം സിനിമയിൽ അഭിനയിച്ചു.


തല തിരിഞ്ഞ പേര്
സുനിൽകുമാർ എന്നാണ് പേര്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു. അച്ഛനും അമ്മയ്ക്കും ഏഴുമക്കൾ. കുട്ടിക്കാലത്ത് ഉള്ളിൽ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നും പുറത്തു പറയാൻ കഴിയില്ലായിരുന്നു. അഞ്ചാം ക്ളാസിൽ പഠിക്കുമ്പോൾ നാടകം പഠിക്കാൻ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. ക്ളാസിൽ നാലു സുനിൽകുമാർ ഉണ്ടായിരുന്നു. തിരിച്ചറിയാൻ അദ്ധ്യാപകർ ബുദ്ധിമുട്ടി. നാടകത്തിൽ വന്നപ്പോൾ അവിടെയും സുനിൽകുമാർ. കൂട്ടുകാർ കുമാർ എന്നു ലോപിച്ചു വിളിച്ചു. മെഡിക്കൽ റെപ്രസെന്റീവായി ജീവിച്ച സമയത്ത് സാധാരണക്കാരനായ സുനിൽകുമാർ ആയിരുന്നു. അയാൾ തല തിരിഞ്ഞപ്പോൾ കുമാർ സുനിൽ ആയി. നാടകത്തിൽ നിന്നാണ് സിനിമയിലേക്ക് വരുന്നത്. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചതേയില്ല. ഒരിക്കലും എത്തിപ്പിടിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞു. ഫിലിം ഫെസ്റ്റിവലിലും നാടകോത്സവത്തിലും പങ്കെടുക്കാൻ എത്തുന്ന സംവിധായകരെയും എഴുത്തുകാരെയും കാണുകയും അവർ‌ അഭിനയത്തെപ്പറ്റി സംസാരിക്കുകയും ചെയ്തതോടെ അറിയാതെ മോഹം മുളച്ചു. പിന്നെ ചെറിയ ശ്രമങ്ങൾ നടത്തി.

സിനിമ വിളികൾക്ക് ഇവിടെ

ഫെമിനിച്ചി ഫാത്തിമയിലേക്ക് എന്തുകൊണ്ട് എന്നെ വിളിച്ചു എന്ന് അത്ഭുതപ്പെട്ടു.ശ്രീധന്യ കേറ്ററിംഗ് സർവീസും ഫ്രീഡം ഫൈറ്റും ഫാസിൽ മുഹമ്മദ് കണ്ടതാണ്. അങ്ങനെയാണ് വിളിക്കുന്നത്. തിരക്കഥ എഴുതുന്ന സമയത്ത് കഥാപാത്രം ആര് ചെയ്യണമെന്ന് ഫാസിൽ ഒരുപാട് ആലോചിച്ചതാണ്. ആ സമയത്ത് നിർമ്മാതാവ് താമർ എന്നെ ഉറപ്പിച്ചു. ഫാസിലിന്റെ മനസിലും ഇതേ ചിന്ത തന്നെയായിരുന്നു. സിനിമയിലെ യാത്രകൾ ആസ്വദിക്കുന്നു. എറണാകുളത്ത് ആണോ എന്ന് ചോദിച്ച് വൈകിട്ട് സിനിമ വിളികൾ വരാൻ തുടങ്ങി. നാട്ടിൽനിന്ന് രാവിലെ എത്താൻ ബുദ്ധിമുട്ട് ഉണ്ടാകുന്നതിനാൽ എട്ടുവർഷമായി എറണാകുളത്താണ് താമസം

കോളേജുകളിൽ അഭിനയ വർക്ക്‌ഷോപ്പുകൾ നടത്താറുണ്ട്. അടുത്ത സിനിമ വരുന്നതുവരെ ഇതാണ് ലോകം.

. കോലാഹലത്തിലെ കഥാപാത്രവും ശ്രദ്ധ നേടി തന്നു.ലർക്ക് ആണ് പുതിയ സിനിമ. അവറാച്ചൻ ആന്റ് സൺസ് റിലീസിന് ഒരുങ്ങുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA