
കാട്ടാക്കട: മുൻവൈരാഗ്യത്തിന്റെ പേരിൽ അർദ്ധരാത്രിയിൽ അയൽവാസിയുടെ വീടിന് നേരെ സ്ഫോടകവസ്തുക്കൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ നാല് പേർ പിടിയിൽ. പേരൂർക്കട ആർ.വി.പുരം സ്വദേശി നന്ദൻ (22),പേരൂർക്കട ഫസ്റ്റ് ലൈനിൽ ഷമീർ (18), പേരൂർക്കട അമ്പലമുക്ക് രവി നഗർ സ്വദേശി മാധവ് (19) എന്നിവരാണ് പിടിയിലായത്. ആര്യനാട് കൊക്കോട്ടേല ഈഞ്ചപ്പുരി തടത്തരികത്ത് വീട്ടിൽ അനുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
വ്യാഴാഴ്ച പുലർച്ചെ 1.30ഓടെയായിരുന്നു സംഭവം. രണ്ട് സ്കൂട്ടറുകളിലായെത്തിയ നാലംഗ സംഘം വീടിന് മുൻവശത്തെ റോഡിൽ വെച്ച് പടക്കം പൊട്ടിച്ചു. ശബ്ദം കേട്ട് ഉണർന്ന വീട്ടുടമസ്ഥൻ വീടിന്റെ മുകളിലെ നിലയിൽ കയറിയപ്പോൾ സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ വീടിന്റെ മുൻവാതിലിലേക്ക് എറിയുകയും കൂടെയുണ്ടായിരുന്നവർ കല്ലുകളും മരക്കഷ്ണങ്ങളും വീടിന് നേരെ എറിഞ്ഞ് ഭീതി പരത്തുകയുമായിരുന്നു. തടയാൻ ശ്രമിച്ച വീട്ടുകാരെ ഒന്നാം പ്രതി അസഭ്യം വിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. അനുവിന്റെ അയൽവാസിയുടെ മകൾ മറ്റൊരാളോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നത് കണ്ട് അനു ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ അക്രമണം നടത്തിയത്. പ്രതികളെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.
ഫോട്ടോ: പിടിയിലായ ഷമീർ,മാധവ്,നന്ദൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |