
ബോളിവുഡും അധോലോകവും തമ്മിലുള്ള അവിശുദ്ധ ബന്ധം 1960-80കളിൽ ഹാജി മസ്‌താൻ മുംബയ് അധോലോകം അടക്കി വാഴുമ്പോൾ മുതലുള്ള പരസ്യമായ രഹസ്യമാണ്. 'ജെന്റിൽമാൻ ഡോൺ' ആയിരുന്നു ഹാജി മസ്‌താൻ. അന്നു പക്ഷേ, ഒരു താരത്തിനു നേരെ പോലും വെടിയുണ്ടകൾ പറന്നിരുന്നില്ല. എന്നാൽ, ദാവൂദ് ഇബ്രാഹിം, അബു സലേം, ഛോട്ടാ രാജൻ എന്നിവർ കളത്തിലെത്തിയപ്പോൾ ചോരക്കളിയായി. ഇപ്പോൾ നടൻ ടൈഗർ ഷ്‌റോഫിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് ലോറൻസ് ബിഷ്‌ണോയ് സംഘമാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ന്യൂ ജനറേഷൻ കുറ്റവാളികൾ എപ്പോൾ, എവിടെ പ്രത്യക്ഷപ്പെടുമെന്ന അതീവ ഭീതിയിൽ ബോളിവുഡ് താരങ്ങളും.
1960ൽ പുറത്തിറങ്ങിയ മുഗൾ-ഇ-അസം എന്ന ഇതിഹാസ സിനിമയിൽ അനാർക്കലിയായി പകർന്നാടിയ മധുബാലയുടെ തീവ്ര ആരാധകനായിരുന്നു ഹാജി മസ്‌താൻ. മധുബാലയുടെ മുഖസാദൃശ്യമുള്ള സോന എന്ന ഷാജഹാൻ ബീഗം 1970കളിൽ ബോളിവുഡിന്റെ രോമാഞ്ചമായി മാറിയിരുന്നു. ഈ സമയത്താണ് മുംബയ് അധോലോകത്തിലെ ആദ്യ മാഫിയ ഗ്യാംഗ്സ്റ്റർ എന്നറിയപ്പെടുന്ന ഹാജി മസ്‌താന്റെ നോട്ടം സോനയിലുടക്കുന്നതും ഇരുവരും അഗാധ പ്രണയത്തിലാകുന്നതും. അന്നത്തെ സൂപ്പർ താരം ദേവ് ആനന്ദിന്റെ ജൂഹുവിലെ വീടിന് സമീപം ആഡംബര ബംഗ്ലാവ് സമ്മാനമായി സോനത്തിന് മസ്താൻ വാങ്ങിനൽകി.
സോനയെ നായികയാക്കി മസ്‌താൻ സിനിമകളെടുത്തതാണ് മുംബയ് അധോലോകത്തിന്റെ ബോളിവുഡ് സിനിമാ മേഖലയിലേക്കുള്ള ആദ്യ രംഗപ്രവേശം. ബോളിവുഡ് താരങ്ങൾക്കൊപ്പം മസ്‌താൻ സ്റ്റൈലിഷായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടു. പ്രീമിയം വെള്ള വസ്ത്രങ്ങൾ, വെള്ള ഷൂസ്, വെള്ള മെഴ്സിഡസ് കാറുകൾ, സ്വർണ വാച്ചുകൾ എന്നിവ ആഡംബര ജീവിത ശൈലിയുടെ അടയാളങ്ങളായി. മസ്‌താന്റെ ജീവിതം പശ്ചാത്തലമാക്കി 1975ൽ ദീവാർ എന്ന സിനിമയിറങ്ങിയിട്ടുണ്ട്. 2010ലെ 'വൺസ് അപ്പോൺ എ ടൈം ഇൻ മുംബയ്' എന്ന സിനിമയിലെ 'സുൽത്താൻ മിർസ' എന്ന കഥാപാത്രം മസ്‌താന്റെ ജീവിതം പറയുന്നതാണ്. സഫ്ര ബായിയാണ് മസ്താന്റെ ആദ്യഭാര്യ. രണ്ടാമത് സോനയെ വിവാഹം കഴിച്ചു ഒപ്പം കൂട്ടി.
ആക്രമണമേൽക്കാത്ത ഡോൺ;
സ്വന്തമായി രാഷ്ട്രീയ പാർട്ടിയും
ഒരു തവണ പോലും ആക്രമണമേൽക്കാത്ത ഒരേയൊരു അധോലോക നേതാവാണ് ഹാജി മസ്‌താൻ. 1960-80 കാലഘട്ടത്തിൽ തമിഴനാട് സ്വദേശികളായ ഹാജി മസ്‌താൻ,വരദരാജ മുദലിയാർ എന്നിവരും, പത്താൻ വിഭാഗത്തിലെ കരീം ലാലയുടേയും നിയന്ത്രണത്തിലായിരുന്നു മുംബയ്. (മുദലിയാരുടെ കഥയായിരുന്നു മണിരത്നം സംവിധാനം ചെയ്ത് കമലഹാസൻ പ്രധാന വേഷത്തിൽ അഭിനയിച്ച 'നായകൻ'.) കൃത്യമായി അതിർത്തികൾ നിർണയിച്ചും ധാരണകളുണ്ടാക്കിയും മൂവരും തങ്ങളുടെ സാമ്രാജ്യം അടക്കിവാണു. മസ്‌താൻ ഒരുതവണ പോലും ആർക്കു നേരെയും വെടിയുതിർത്തിയിട്ടില്ല. ഒരാളുടെ പോലും ജീവനെടുത്തിട്ടില്ല.
സർക്കാരിലെയും പൊലീസിലെയും അടക്കം ഉന്നതരുമായി ആഴത്തിൽ സൗഹൃദം. ശിവസേന നേതാവ് ബാൽ താക്കറെയുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് മാദ്ധ്യമങ്ങൾ പലതവണ റിപ്പോർട്ട് ചെയ്‌തു. അധോലോക ഏറ്റുമുട്ടലുകളുണ്ടായാൽ പരിഹാരമുണ്ടാക്കുന്നതിൽ അവസാന വാക്കായിരുന്നു മസ്‌താൻ. 1926 മാർച്ച് ഒന്നിന് തമിഴ്നാട്ടിലെ രാമനാഥപുരത്താണ് മസ്താൻ ഹൈദർ മിശ്ര എന്ന മസ്‌താന്റെ ജനനം. 8ാം വയസിൽ കുടുംബം മുംബയിലേക്ക് കുടിയേറി. അന്ന് സ്വർണത്തിന് വൻ ഇറക്കുമതി ഡ്യൂട്ടി ഏർപ്പെടുത്തിയിരുന്നു. അതിനാൽ വിദേശത്തു നിന്ന് സ്വർണം കടത്തുന്ന സംഘങ്ങൾ മുംബയിൽ സജീവമായിരുന്നു. കള്ളക്കടത്തിന് മസ്‌താനുമിറങ്ങി.
വിദേശത്തു നിന്ന് സ്വർണത്തിനു പുറമെ ഇലക്ട്രോണിക്‌സ്, ടെക്‌സ്റ്റയിൽസ് ഉത്പന്നങ്ങളുമിറക്കാൻ മുംബയ്, ഗുജറാത്ത് തീരം എന്നിവ കേന്ദ്രീകരിച്ച് സിൻഡിക്കേറ്റ് സ്ഥാപിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങി ഭാരതീയ ന്യൂനപക്ഷ സുരക്ഷാ മഹാസംഘ് എന്ന പേരിൽ സ്വന്തമായി രാഷ്ട്രീയ പാർട്ടിയും രൂപീകരിച്ചിരുന്നു. മുംബയിൽ ഹൃദയാഘാതത്തെ തുടർന്ന് 1994 ജൂൺ 25ന് 68ാം വയസിലായിരുന്നു മസ്താന്റെ മരണം.
അധോലോകത്തിന്റെ വരവ്
2001 മേയ് 14ന് മുൻപു വരെ സിനിമാ നിർമ്മാണത്തിന് ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വായ്‌പകൾ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യമാണ് അധോലോകം ദുരുപയോഗിച്ചത്. അധോലോക സംഘങ്ങൾ സിനിമയ്ക്കായി പണമിറക്കി. 1998ൽ സിനിമയ്‌ക്ക് കേന്ദ്രസർക്കാർ വ്യവസായ പദവി നൽകി. 2001 മേയിൽ വായ്‌പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് മാർഗരേഖ പുറത്തിറക്കി. എന്നിട്ടും അധോലോകം പിന്മാറാൻ തയ്യാറായില്ല. സാമ്പത്തികം സ്വീകരിക്കാൻ നിർമ്മാതാക്കളെ ഭീഷണിപ്പെടുത്തി. ബോളിവുഡിലെ പ്രമുഖരെ വകവരുത്തി. വധശ്രമങ്ങളുമുണ്ടായി.
(തുടരും.)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |