
1980കളുടെ അവസാനത്തോടെ, ഒരു പുതിയ സാങ്കേതിക വിപ്ലവം ലോകത്തെ മാറ്റിമറിക്കാൻ തുടങ്ങിയിരുന്നു. വിവരസാങ്കേതിക വിദ്യയും സോഫ്റ്റ് വെയർ വികസനവും വളർന്നപ്പോൾ അതിന്റെ പ്രധാന 'ഡെസ്റ്റിനേഷനായി" ഇന്ത്യ മാറി. കേരളത്തിനും ഇതിൽ വലിയ പങ്കുവഹിക്കാനായി. ഉയർന്ന വിദ്യാഭ്യാസമുള്ള ജനത, എൻജിനീയറിംഗ് പ്രതിഭകളുടെ പങ്കാളിത്തം, അന്താരാഷ്ട്ര തലത്തിലടക്കമുള്ള സ്വീകാര്യത, സാങ്കേതിക സ്ഥാപനങ്ങളുടെ വളർച്ച എന്നിവയെല്ലാം അനുകൂലഘടകങ്ങളായി.
എന്നിട്ടും കമ്പനികളെ ആകർഷിക്കാനും സംസ്ഥാനത്തിനുള്ളിൽ തൊഴിലവസരം സൃഷ്ടിക്കാനും കഴിവുള്ള സംഘടിതസംവിധാനം അതിനില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ടെക്നോപാർക്ക് എന്ന ആശയം ഉയർന്നുവന്നത്. 1990-ൽ തിരുവനന്തപുരത്ത് ടെക്നോപാർക്ക് സ്ഥാപിതമായത് പരമ്പരാഗത വ്യാവസായിക വികസനത്തിൽ നിന്നുള്ള വ്യതിചലനമായി. ഐ.ടി കമ്പനികൾക്കടക്കം പ്രവർത്തിക്കാനും വളരാനും കഴിയുന്ന അടിസ്ഥാന സൗകര്യം, കണക്ടിവിറ്റി, മറ്റ് സൗകര്യങ്ങൾ തുടങ്ങിയവ ഉറപ്പാക്കുന്ന ആധുനിക ടെക്നോളജി പാർക്ക് വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം. അത് സാക്ഷാത്കരിക്കാനുള്ള തീവ്രയജ്ഞത്തിൽ സ്ഥാപക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന നിലയിൽ പ്രവർത്തിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു.
വെല്ലുവിളി നിറഞ്ഞ വർഷങ്ങൾ, ഒടുവിൽ ലക്ഷ്യത്തിൽ
വെല്ലുവിളി നിറഞ്ഞ വർഷങ്ങളായിരുന്നു മുന്നിലുണ്ടായിരുന്നത്. അത്തരമൊരു സ്ഥാപനം വികസിപ്പിക്കുന്നതിൽ കേരളത്തിന് കാര്യമായ പരിചയമില്ലായിരുന്നു. മാതൃകയാക്കാൻ ഇന്ത്യയിൽ സ്ഥാപിതമായ 'മോഡലുകൾ" കുറവുമായിരുന്നു. ഭൂമി ഏറ്റെടുക്കൽ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, ടെലികമ്മ്യൂണിക്കേഷൻ, ധനസഹായം, കമ്പനികൾക്ക് ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കൽ വരെയുള്ള പ്രശ്നങ്ങൾ പരിഹരിക്കൽ എളുപ്പമായിരുന്നില്ല. കേരളത്തിന് സ്വന്തമായി ടെക്നോളജി വ്യവസായം കെട്ടിപ്പടുക്കാൻ കഴിയുമെന്ന് വിശ്വസിച്ച രാഷ്ട്രീയ നേതാക്കൾ, ഭരണാധികാരികൾ, പ്രൊഫഷണലുകൾ, ചെറുതും എന്നാൽ പ്രതിബദ്ധതയുള്ളതുമായ ഒരു ടീം എന്നിവരുടെ പിന്തുണയാണ് ഈ സംരംഭം സാദ്ധ്യമാക്കിയത്. ടെക്നോപാർക്ക് ഒടുവിൽ കേരളത്തിന്റെ വിവരസാങ്കേതിക മേഖലയ്ക്ക് അടിത്തറയായി.
കൊച്ചിയിൽ ഇൻഫോപാർക്കും കോഴിക്കോട് സൈബർപാർക്കും സ്ഥാപിതമായതോടെ ഈ മാതൃക മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു. ഈ സ്ഥാപനങ്ങൾ ചേർന്ന് വലിയമാറ്റം സൃഷ്ടിക്കുകയും ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്തു. ടെക്നോപാർക്കിന്റെ പ്രാധാന്യം സോഫ്റ്റ്വെയർ കമ്പനികൾക്ക് ഓഫീസ് സ്ഥലം നൽകുന്നതിനപ്പുറമായിരുന്നു. കേരളത്തിന് ആധുനിക സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാനും സ്വകാര്യ നിക്ഷേപം ആകർഷിക്കാനും ആഗോള വ്യവസായത്തിൽ പങ്കെടുക്കാനും കഴിയുമെന്ന് അത് തെളിയിച്ചു. ടെക്നോളജി പാർക്കുകൾ മുതൽ സ്റ്റാർട്ടപ്പുകൾ വരെ വിവരസാങ്കേതിക വ്യവസായം വികസിച്ചതോടെ, കമ്പനികളെ ആകർഷിക്കുക മാത്രമല്ല, യുവാക്കളെ സ്വന്തമായി സംരംഭങ്ങൾ സൃഷ്ടിക്കാൻ പ്രോത്സാഹിപ്പിക്കേണ്ടതും ആവശ്യമാണെന്ന് വ്യക്തമായി. ഇത് ടെക്നോപാർക്കിനുള്ളിൽ സാങ്കേതിക ഇൻകുബേഷൻ സംരംഭങ്ങളുടെ ആവിർഭാവത്തിലേക്ക് നയിച്ചു.
2002-ൽ സ്ഥാപിതമായ ടെക്നോപാർക്ക് ബിസിനസ് ഇൻകുബേഷൻ സെന്റർ വലിയ മുന്നേറ്റമായിരുന്നു. ഇത് ടെക്നോളജി ബിസിനസ് ഇൻകുബേറ്ററായി പരിണമിച്ചു, അത് കേരള സ്റ്റാർട്ടപ്പ് മിഷന്റെ അടിത്തറയുമായി. ഈ സംരംഭം സംസ്ഥാന വ്യാപകമായ സ്റ്റാർട്ടപ്പ് പ്രോത്സാഹന ഏജൻസിയായി പരിവർത്തനം ചെയ്യപ്പെട്ടത് മറ്റൊരു പ്രധാന ചുവടുവയ്പ്പായിരുന്നു. ഐ.ടി കമ്പനികൾക്ക് അടിസ്ഥാന സൗകര്യം സൃഷ്ടിക്കുന്നതിൽ നിന്ന് നവീകരണം, സംരംഭകത്വം, സംരംഭക സൃഷ്ടി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലേക്കുള്ള മാറ്റംകൂടിയായിരുന്നു ഇത്.
നിഷിന്റെ പിറവി
ശാസ്ത്ര സാങ്കേതികവിദ്യകൾ വ്യവസായത്തിനും വാണിജ്യ സംരംഭങ്ങൾക്കും മാത്രം പ്രയോജനപ്പെടുത്തേണ്ടതല്ല. നിഷാണ് അതിന് ഉദാഹരണം. 1997-ൽ തിരുവനന്തപുരത്ത് സ്ഥാപിതമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്- കേരളത്തിലെ പ്രധാന സ്ഥാപനമായി അടയാളപ്പെടുത്തപ്പെട്ടു. കേൾവി, ആശയവിനിമയ വൈകല്യം എന്നിവയുള്ള കുട്ടികളുടെയും മുതിർന്നവരുടെയും ജീവിതം മാറ്റിമറിച്ച സ്ഥാപനമാണിത്. സ്ഥാപനം ആരംഭിക്കുമ്പോൾ ഇത്തരം സ്ഥാപനമാതൃകകൾ ഇന്ത്യയിൽ കുറവായിരുന്നു. നവജാത ശിശുക്കളുടെ കേൾവി സ്ക്രീനിംഗ്, നേരത്തെയുള്ള ഇടപെടൽ, രക്ഷാകർതൃ മാർഗനിർദ്ദേശ പരിപാടി എന്നിവയോടെ ആരംഭിച്ചു. പിന്നീട് ഉന്നത വിദ്യാഭ്യാസം, പ്രൊഫഷണൽ പരിശീലനം, ഗവേഷണം, വൈകല്യമുള്ളവർക്കുള്ള സേവനം എന്നിവയിലേക്ക് വ്യാപിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി അതിന്റെ സ്ഥാപനത്തിലും വികസനത്തിലും എന്റെ പങ്കാളിത്തം ജീവിതത്തിലെ ഏറ്റവും സംതൃപ്തികരമായ അനുഭവങ്ങളിലൊന്നാണ്. വ്യാവസായിക വളർച്ചയിലോ വാണിജ്യ വിജയത്തിലോ മാത്രമല്ല, മനുഷ്യജീവിതം മെച്ചപ്പെടുത്താനുള്ള അവയുടെ കഴിവിലുമാണ് ശാസ്ത്ര-സാങ്കേതികവിദ്യയുടെ യഥാർത്ഥമൂല്യം എന്ന് നിഷ് തെളിയിച്ചു. അതിനാൽ കേരളത്തിന്റെ ശാസ്ത്രയാത്രയെ ലബോറട്ടറികൾ, പേറ്റന്റുകൾ, സംരംഭങ്ങൾ, തൊഴിൽ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമല്ല അത് സമൂഹത്തിന് നൽകിയ എല്ലാ സംഭാവനകളുടെയും അടിസ്ഥാനത്തിൽകൂടി വിലയിരുത്തണം.
ശാസ്ത്ര- വിദ്യാഭ്യാസ വളർച്ചയുടെ പതിറ്റാണ്ടുകൾ
പുതിയ സ്ഥാപനങ്ങളിലൂടെയും നിലവിലുള്ളവയുടെ വിപുലീകരണത്തിലൂടെയും കേരളം അതിന്റെ ശാസ്ത്ര-സാങ്കേതിക ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുകയാണ്. തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി സ്ഥാപിച്ചത് ബഹിരാകാശ ശാസ്ത്ര- എൻജിനിയറിംഗിൽ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും നേട്ടമായി. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് അടിസ്ഥാന ശാസ്ത്ര വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പ്രധാനമാനം തുന്നിച്ചേർത്തു. കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജി ശാസ്ത്ര വിദ്യാഭ്യാസം, എൻജിനിയറിംഗ്, സമുദ്ര ശാസ്ത്രം, പ്രായോഗിക ഗവേഷണം എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്നത് തുടരുന്നു. കോഴിക്കോട്ടെ കേരള സ്കൂൾ ഒഫ് മാത്തമാറ്റിക്സ്, ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള എന്നിവ എടുത്തുപറയേണ്ടതാണ്.
കേരളത്തിന്റെ ശാസ്ത്ര വികസനം ഒരിക്കലും തിരുവനന്തപുരത്ത് മാത്രം ഒതുങ്ങിയിട്ടില്ല. മറൈൻ സയൻസ്, ഫിഷറീസ് ഗവേഷണം, ടെക്നോളജി ഡവലപ്മെന്റ്, ഉന്നത വിദ്യാഭ്യാസം എന്നിവയുടെ പ്രധാന കേന്ദ്രമായി കൊച്ചി ഉയർന്നു. ഗണിതം, ജലവിഭവ ഗവേഷണം, സാങ്കേതികവിദ്യ, മെഡിക്കൽ വിദ്യാഭ്യാസം എന്നിവയിൽ പ്രധാന കഴിവുകൾ കോഴിക്കോട് വികസിപ്പിച്ചെടുത്തു. തൃശൂരും മറ്റുപ്രദേശങ്ങളും കാർഷികഗവേഷണം, വനം, വെറ്ററിനറി സയൻസ്, എൻജിനിയറിംഗ്, സർവകലാശാല അധിഷ്ഠിത ഗവേഷണം എന്നിവയിൽ ഗണ്യമായ സംഭാവനകൾ നൽകി.
ഇനിയും മാറേണ്ടതുണ്ട്
ഇത്രയുമൊക്കെയായിട്ടും നമ്മുടെ ശാസ്ത്ര-സാങ്കേതിക കഴിവുകളെ വ്യാവസായിക വികസനം, വലിയ തോതിലുള്ള തൊഴിൽ മേഖല എന്നിവയാക്കി മാറ്റുന്നതിൽ നമ്മൾ വിജയിച്ചിട്ടുണ്ടോ? ഉത്തരം സങ്കീർണമാണ്. ഗവേഷണം, വിദ്യാഭ്യാസം, സാങ്കേതിക സേവനം എന്നിവയിൽ കേരളം ഗണ്യമായ കഴിവുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിവരസാങ്കേതിക വ്യവസായം ഗണ്യമായി വളർന്നു, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ സംരംഭകത്വത്തിന് പുതിയ അവസരം സൃഷ്ടിച്ചു. എന്നിരുന്നാലും, ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, വ്യവസായം എന്നിവ തമ്മിലുള്ള ബന്ധം ദുർബലമായി തുടരുന്നു. പല ഗവേഷണ സ്ഥാപനങ്ങളും അവരുടെ സ്വന്തം ഘടനകൾക്കുള്ളിൽ പ്രവർത്തിക്കുന്നു. സാങ്കേതികവിദ്യ കൈമാറ്റം, പുതിയ സംരംഭങ്ങളുടെ സൃഷ്ടി എന്നിവയ്ക്കുള്ള അവസരങ്ങൾ എല്ലായ്പ്പോഴും പൂർണമായി ഉപയോഗിക്കപ്പെടുന്നില്ല. ഉയർന്ന യോഗ്യതയുള്ള ശാസ്ത്രജ്ഞർ, എൻജിനിയർമാർ, സാങ്കേതിക വിദഗ്ദ്ധർ എന്നിവരെ നാം വാർത്തെടുത്തിട്ടുണ്ട്. പക്ഷേ പലർക്കും കേരളത്തിന് പുറത്ത് ജോലി ചെയ്യേണ്ടിവരുന്നു. ഇതുപോരാ, കേരളം ഒറ്റപ്പെട്ട വിജയകഥകൾക്കപ്പുറത്തേക്ക് നീങ്ങണം.
വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്ക്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, നൂതനവസ്തുക്കൾ, ബയോടെക്നോളജി, മെഡിക്കൽ ടെക്നോളജി, ബഹിരാകാശപ്രയോഗങ്ങൾ, സമുദ്രശാസ്ത്രം തുടങ്ങിയവ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. ഇവയിൽ പലമേഖലകളിലും കേരളത്തിന് ഇതിനകം പ്രധാന അടിത്തറയുണ്ട്. ഈ കഴിവുകളെ ബന്ധിപ്പിക്കുകയും ഗവേഷണം നവീകരണത്തിലേക്കും നവീകരണം സംരംഭങ്ങളിലേക്കും സംരംഭങ്ങൾ ഉത്പാദനക്ഷമമായ തൊഴിലിലേക്കും നയിക്കുന്ന അന്തരീക്ഷം കെട്ടിപ്പടുക്കണം. ഇതിന് സർവകലാശാലകൾ, ദേശീയ ഗവേഷണ ലബോറട്ടറികൾ, ടെക്നോളജി പാർക്കുകൾ, സ്റ്റാർട്ടപ്പുകൾ, സ്ഥാപിത വ്യവസായങ്ങൾ എന്നിവ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കണം. സാങ്കേതികവിദ്യ കൈമാറ്റം, ഗവേഷണ വികസനം, ബൗദ്ധിക സ്വത്തവകാശത്തെ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങളുടെ സൃഷ്ടി തുടങ്ങിയവയ്ക്ക് നമുക്ക് ശക്തമായ സംവിധാനം ആവശ്യമാണ്.
കേരളത്തിന്റെ ടെക്നോളജി പാർക്കുകൾ സാങ്കേതിക കമ്പനികൾക്കുള്ള സ്ഥലം മാത്രമല്ല, നവീകരണത്തിന്റെയും ഉത്പന്ന വികസനത്തിന്റെയും കേന്ദ്രങ്ങളായി കൂടുതൽ മാറണം. സർവകലാശാലകൾ ഗവേഷണ സഹകരണം, സംരംഭകത്വം, അറിവിന്റെ പ്രായോഗികപ്രയോഗം എന്നിവയ്ക്ക് ഊന്നൽ നൽകി ഗവേഷണാധിഷ്ഠിത സാമ്പത്തിക വികസനത്തിൽ സജീവപങ്കാളികളാകണം. ഏഴുപതിറ്റാണ്ടിനിടെ, നിരവധി ശാസ്ത്രസ്ഥാപനങ്ങൾ, ഗവേഷണ ലബോറട്ടറികൾ, സാങ്കേതിക സംരംഭങ്ങൾ, മികവിന്റെ കേന്ദ്രങ്ങൾ എന്നിവയുടെ സ്ഥാപനത്തിന് കേരളം സാക്ഷ്യം വഹിച്ചു. ഇവിടെ പരാമർശിക്കാത്ത പ്രധാനസ്ഥാപനങ്ങൾ, സംരംഭങ്ങൾ, വ്യക്തികൾ എന്നിവയുണ്ടാകാം. അവരുടെ സംഭാവനകൾ പ്രാധാന്യം കുറഞ്ഞതുകൊണ്ടല്ല, ചില പ്രധാന നാഴികക്കല്ലുകൾ ഓർമ്മിക്കുക, സാദ്ധ്യമാക്കിയവരെ അംഗീകരിക്കുക, ശാസ്ത്ര-സാങ്കേതിക പൈതൃകത്തെക്കുറിച്ച് പരിചയപ്പെടുത്തുക എന്നതാണ് എന്റെ ഉദ്ദേശം. ശാസ്ത്ര-സാങ്കേതിക അടിത്തറ കെട്ടിപ്പടുക്കാൻ കേരളം ഏഴുപതിറ്റാണ്ട് ചെലവഴിച്ചു. മുന്നോട്ടുള്ള വെല്ലുവിളി അടിത്തറയെ കൂടുതൽ നൂതനവും ഉത്പാദനക്ഷമവും സമൃദ്ധവുമായ സമ്പദ് വ്യവസ്ഥയാക്കി മാറ്റുകയാണ്.
(ടെക്നോപാർക്ക് സ്ഥാപക സി.ഇ.ഒയും സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമാണ് ലേഖകൻ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |