
തമിഴ്‌നാട്ടിൽ ദീർഘദൂര ബസുകളെല്ലാം എ.സി ആക്കാൻ തീരുമാനിച്ചിട്ടുണ്ട്. പുതിയ കാലത്തിന്റേതിന് ചേർന്ന ഒരു നടപടിയാണത്. യാത്രയുടെ ചെലവിനേക്കാൾ സുഖപ്രദമായ യാത്രയ്ക്കാണ് ഇപ്പോൾ ജനങ്ങൾ മുൻഗണന നൽകുന്നത്. അതുപോലെതന്നെ ഇന്ധനക്ഷാമം ഇലക്ട്രിക് ബസുകളുടെ എണ്ണം കൂട്ടാനും ഇടയാക്കിയിട്ടുണ്ട്. അതാകട്ടെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും ഇടയാക്കും. സ്വകാര്യ കാറുകളെല്ലാം ഇപ്പോൾ കമ്പനികൾ ഇറക്കുന്നതു തന്നെ എ.സി ആയിട്ടാണ്. ഈ രീതിയിലുള്ള ഒരു മാറ്റം പൊതുഗതാഗതത്തിലും വരേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ ബസുകൾ വാങ്ങുക എന്നത് പ്രതിസന്ധിയിലാണെന്നാണ് വാർത്തകൾ വന്നിരിക്കുന്നത്. കാലാവധി തീരാറായ രണ്ടായിരത്തോളം ബസുകളാണ് കെ.എസ്.ആർ.ടി.സിക്ക് ഇപ്പോഴുള്ളത്.
ട്രാൻസ്‌പോർട്ട് ബസുകൾ 15 വർഷം കഴിഞ്ഞാൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് കേന്ദ്ര നിയമം. ഇത് പാലിക്കണമെങ്കിൽ 1200 ബസുകൾ സെപ്തംബറിൽ പിൻവലിക്കേണ്ടിവരും. ഈ നിയമത്തിൽ ഇളവ് ലഭിച്ചാൽപോലും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കെ.എസ്.ആർ.ടി.സിയുടെ ഭൂരിപക്ഷം ബസുകളും മാറ്റേണ്ടിവരും. 1900 ബസുകൾ അടിയന്തരമായി വേണമെന്നും അതിന് 1400 കോടിയുടെ വിദേശ ബാങ്ക് വായ്പയ്ക്ക് അനുമതി തേടിയും കെ.എസ്.ആർ.ടി.സി എം.ഡി പ്രമോജ് ശങ്കർ സർക്കാരിന് കത്തയച്ചിരിക്കുകയാണ്. ജർമ്മൻ വികസന ബാങ്കായ കെ.എഫ്.ഡബ്ളിയു, എ.ഐ.ഐ.ബി, എ.ഡി.ബി തുടങ്ങിയ ഏജൻസികളിൽ നിന്ന് വായ്‌പ ലഭിക്കുമെന്നാണ് കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. 1000 കോടിക്ക് 2300 ബി.എസ് -6 ബസുകളും 400 കോടിക്ക് ഇലക്ട്രിക് ബസുകളും വാങ്ങാമെന്ന് കത്തിൽ പറയുന്നു.
സാമ്പത്തിക പ്രതിസന്ധി കാരണം ഇത്രയും വലിയ തുക സർക്കാരിന് എന്തായാലും നൽകാനാവില്ല. അതിനാൽ ചെറിയ പലിശ നിരക്കിൽ ലഭിക്കുന്ന വിദേശ വായ്‌പയെ ആശ്രയിക്കുന്നതാവും പ്രായോഗികം. ഇങ്ങനെ ലഭിക്കുന്ന വായ്‌പയിൽ നിന്ന് പുതിയ കാലത്തിന് യോജിച്ച എ.സി ഇലക്ട്രിക് ബസുകൾ കൂടുതൽ വാങ്ങുന്നതാവും നല്ലത്. സർക്കാർ ഈ നിർദ്ദേശത്തിന്റെ എല്ലാ വശങ്ങളും വിലയിരുത്തി വേണം ഭാവിയിലെ പ്രതിസന്ധികളും മറ്റും മുൻകൂട്ടി കണ്ട് തീരുമാനമെടുക്കേണ്ടത്. പ്രിയദർശിനി ബസിൽ യാത്രചെയ്യുന്ന വനിതകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന വലിയ വർദ്ധന തന്നെ ഈ പദ്ധതിയെ ജനങ്ങൾ സന്തോഷപൂർവം ഏറ്റെടുത്തിരിക്കുന്നു എന്നതിന് തെളിവാണ്. ഈ പദ്ധതി അട്ടിമറിക്കാനും ചില നീക്കങ്ങൾ നടക്കുന്നു എന്നതിന്റെ തെളിവാണ് മിന്നൽ പരിശോധനയിൽ പുരുഷ യാത്രക്കാർക്ക് സീറോ വാല്യു ടിക്കറ്റ് നൽകി തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തിയത്. ഇതൊഴിവാക്കാൻ പ്രിയദർശിനി ബസിൽ യാത്രചെയ്യുന്ന വനിതകൾക്ക് യാത്രാകാർഡ് നൽകാൻ കെ.എസ്.ആർ.ടി.സി ആലോചിക്കുന്നത് വളരെ സ്വാഗതാർഹമാണ്.
ഇക്കാലത്ത് പഴുതുകൾ ഒഴിവാക്കിയുള്ള നടപടികളാണ് സർക്കാരിൽ നിന്ന് ജനങ്ങൾ, പ്രത്യേകിച്ചും പുതിയ തലമുറ പ്രതീക്ഷിക്കുന്നത്. വിമർശനങ്ങളും പരാതികളും ഉയരുന്നതിന് മുമ്പുതന്നെ അവ കണ്ടെത്തി പരിഹരിക്കാനുള്ള യത്‌നങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. പുതിയ ബസുകൾ വാങ്ങേണ്ടത് അടിയന്തരമായി ആവശ്യമുള്ള കാര്യമായതിനാൽ അതിന് അനുകൂലമായ തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് കരുതാം. ഇതിനിടയിൽ ബസുകളുടെ കുറവ് പരിഹരിക്കാൻ മൊത്ത വാടക വ്യവസ്ഥയിൽ 600 സ്വകാര്യ ബസുകൾ ലഭ്യമാക്കാനും നീക്കങ്ങൾ നടക്കുന്നുണ്ട്. സ്വകാര്യ ബസുടമകളുടെ സംഘടനയുമായി ഗതാഗതമന്ത്രി സി.പി.ജോൺ ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിവരികയാണ്. ഇതിനോടൊപ്പം കൂടുതൽ റൂട്ടുകൾ സ്വകാര്യവത്കരിക്കാനുള്ള സന്നദ്ധതയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. യാത്രാക്ളേശം കൂടുതൽ ബാദ്ധ്യതയില്ലാതെ പരിഹരിക്കാൻ അതിടയാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |