
വികസനത്തിന്റെ അതിവേഗ പാതയിലൂടെ മുന്നേറുന്ന ഇന്ത്യൻ റെയിൽവെ, മാറിയ കാലത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി പുതിയ ഉയരങ്ങൾ കീഴടക്കാനുളള ശ്രമങ്ങളിലാണ്. ഹൈഡ്രജൻ ട്രെയിനുകൾ വിജയകരമായി പരീക്ഷിച്ച്, അവ നടപ്പാക്കാനുള്ള തയ്യാറെടുപ്പ് നമ്മുടെ ട്രെയിൻ യാത്ര കൂടുതൽ സുഖപ്രദവും പരിസ്ഥിതി സൗഹൃദവും ആക്കി മാറ്റും. ഇത് അത്യന്തികമായി രാജ്യത്തെ ട്രെയിൻ ഗതാഗതത്തിൽ ഒരു മാതൃകാവ്യതിയാനം തന്നെ സൃഷ്ടിക്കും.
19-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ(1825) ഇംഗ്ലണ്ടിൽ ആരംഭിച്ച ട്രെയിൻ ഗതാഗതം ഏറെ താമസിയാതെ ഇന്ത്യയിൽ നടപ്പായതാണ് ചരിത്രം. 1853 ൽ ബോംബെ മുതൽ താനെ വരെ കേവലം 34 കി.മി ദൂരമുള്ള പാതയിൽ 14 കോച്ചുകളിലായി 400 യാത്രക്കാരെയും വഹിച്ച് യാത്ര ആരംഭിച്ച ഇന്ത്യൻ ട്രെയിൻ ഗതാഗതം ഇന്ന് വേഗതയേറിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വരെ എത്തി നിൽക്കുകയാണ്.
2027 ആഗസ്ത് ആകുമ്പോൾ ബുള്ളറ്റ് ട്രെയിൻ ഓടിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ് രാജ്യം. സ്വാതന്ത്ര്യപ്രാപ്തിയുടെ കാലത്ത് 65,000 ത്തിൽപ്പരം കിലോമീറ്റർ ദൈർഘ്യമാണ് ഇന്ത്യൻ റെയിൽവേ ട്രാക്കുകൾക്കുണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ അത് 1,37,000 കിലോമീറ്ററിലധികമായി. ഇതിൽത്തന്നെ പകുതിയോളവും വൈദ്യുതീകരിക്കുകയും ചെയ്തിട്ടുണ്ട്.
1984 ൽ കൊൽക്കത്തയിൽ തുടക്കം കുറിച്ച മെട്രോ സർവീസും ഇന്ന് നമ്മുടെ കൊച്ചിയിലടക്കം വിവിധ നഗരങ്ങളിൽ യാഥാർത്ഥ്യമായി. 1986 ൽ ആരംഭിച്ച കമ്പ്യൂട്ടർവൽകൃത ടിക്കറ്റിംഗ് സംവിധാനം 2002 ആയപ്പോൾ ഐ.ആർ.സി.ടി.സി ഓൺലൈൻ ബുക്കിംഗിലെത്തി. ഇങ്ങനെ, മാറുന്ന കാലത്തിന്റെ ആവശ്യങ്ങളും സാദ്ധ്യതകളും പരമാവധി പ്രയോജനപ്പെടുത്തിയാണ് ഇന്ത്യൻ റെയിൽവെ വികസനത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ സ്വന്തമാക്കുന്നത്. ഈ ദിശയിലെ മറ്റൊരു സുപ്രധാന ചുവടുവയ്പായി വേണം ഹൈഡ്രജൻ ട്രെയിനുകൾ സർവീസ് നടത്താനുള്ള നീക്കങ്ങളെ കാണേണ്ടത്.
പല നിലകളിൽ ഹൈഡ്രജൻ ട്രെയിനുകൾ യാത്രാസൗകര്യം ഒരുക്കും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പെട്രോളിലും ഡീസലിലും ഓടുന്ന വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങളായി വന്നത് എല്ലാ തരത്തിലും സ്വാഗതം ചെയ്യപ്പെട്ടിട്ടുള്ളതാണല്ലോ. ഇന്ധന വിലവർദ്ധനവിൽ നിന്നുള്ള ആശ്വാസം, പരിസ്ഥിതി സൗഹൃദം,ശബ്ദ മലിനീകരണം ഇല്ലായ്മ തുടങ്ങിയ ഘടകങ്ങളാണ് ഇലക്ട്രിക് വാഹനങ്ങളെ പ്രിയകരമാക്കുന്നത്. സമാനമായ സൗകര്യങ്ങളും പ്രയോജനങ്ങളും നൽകാൻ ഹൈഡ്രജൻ ട്രെയിനുകൾക്കു കഴിയും എന്നത് ഈ ട്രെയിനുകളെ കൂടുതൽ ആകർഷകമാക്കുന്നു.
ഹൈഡ്രജൻ ട്രെയിനുകൾക്ക് ആവശ്യമായ വൈദ്യുതോർജം ഹൈഡ്രജൻ ഫ്യുവൽ സെല്ലിൽ നിന്നു തന്നെ എടുക്കുന്നതു കൊണ്ട് ട്രെയിനുകൾക്കു മുകളിൽ വയറുകളൊന്നും ആവശ്യമില്ല. നീരാവി മാത്രമാണ് ഇവ പുറത്തേക്കു വിടുന്നത്. ശബ്ദ മലിനീകരണവും ഉണ്ടാവില്ല.ഒറ്റച്ചാർജിൽ 15 - 20 മിനിറ്റു കൊണ്ട് 1000 കിലോമീറ്റർ ഓടാനുള്ള ഊർജം ലഭിക്കും. ഇന്ധന ക്ഷമതയും കൂടുതലാണ്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഹരിയാനയിലെ ജിന്ദ് - സോണി പഥ് റൂട്ടിൽ വിജയകരമായി നടത്തിയതായാണ് റിപ്പോർട്ട്. കേവലം എട്ടു കൊല്ലം മുമ്പ് ജർമനിയിൽ തുടങ്ങിയ റെയിൽ ഗതാഗതത്തിലെ ഈ വിപ്ലവം ബ്രിട്ടനും , അമേരിക്കയും,ചൈനയും,ജപ്പാനും,തായ് വാനും ശേഷം ഇന്ത്യക്കും സ്വന്തമാകുന്നു എന്നതും അഭിമാനകരമായ കാര്യമാണ്.ശബ്ദ മലിനീകരണം ഇല്ലാത്തതും,പരിസ്ഥിതി സൗഹൃദവുമായ ഹൈഡ്രജൻ ട്രെയിനുകൾ ഏറെ ജനസാന്ദ്രതയുള്ള കേരളത്തിനും കൂടുതൽ അഭികാമ്യമായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |