
'വീട്ടിൽ കഴിയവെ ആര് നിന്നെയീ മണൽക്കാട്ടിൽ തള്ളി പൂച്ചേ, നീ കടിച്ചുവോ മാന്തിക്കീറിയോ പാത്രം തച്ചുടച്ചോ,സേവനം സേവനം തന്നെ നിനക്കിത് ആകാശ സുന്ദരി കോമളാംഗി'. പൂച്ചയുടെ ദുരവസ്ഥയെക്കുറിച്ചാണ് വിലാപകാവ്യം. രചന മുൻ സി.പി.എം മന്ത്രിയും നിലവിൽ യു.ഡി.എഫ് സ്പോൺസേഡ് എം.എൽ.എയും വിശിഷ്യാ കവി തിലകവുമായ ജി.സുധാകരൻ. സ്ഥലം:ആലപ്പുഴ അരൂരിലെ മാക്കേക്കടവ്- മേലേക്കടവ് പാലം.സന്ദർഭം: പാലത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണക്കത്ത് പോലും ലഭിക്കാതിരുന്ന ജി.സുധാകരൻ പ്രതിഷേധസൂചകമായി പിറ്റേദിവസം നടത്തിയ പാലം സന്ദർശനം. ശരിക്കും ആ പൂച്ചയുടെ അവസ്ഥയിലാണ് ഇപ്പോൾ കവിയും.
പാലം നിർമ്മാണത്തിന് രണ്ടുകോടി അനുവദിച്ചതും, പാലത്തിന്റെ ഡിസൈൻ തയ്യാറാക്കിയതും ഒന്നാം പിണറായി സർക്കാരിലെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ.
പാലത്തിന്റെ നിർമ്മാണം 90 ശതമാനവും പൂർത്തിയായത് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത്.പക്ഷേ, നിർമ്മാണം പൂർത്തിയായപ്പോൾ, മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയ അവസ്ഥയായി. കഴിഞ്ഞയാഴ്ച പാലം ഉദ്ഘാടനം ചെയ്തത് പുതിയ പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീർ. ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ കൂടിയായ അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാൻ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനും, മന്ത്രി രമേശ് ചെന്നിത്തലയ്ക്കും മുതൽ അഞ്ചുമാസം മുമ്പ് ആലപ്പുഴ എം.എൽ.എയായ എ.ഡി.തോമസിനും കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനും വരെ സ്വാഗതം ആശംസിച്ചു. പാലത്തിന് അനുമതി നൽകിയതിന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും നന്ദി പറഞ്ഞു.
പക്ഷേ, പാലം യാഥാർത്ഥ്യമാക്കിയ ജി.സുധാകരനെ പാടെ മറന്നു.അദ്ദേഹത്തിന്റെ പേര് ഉദ്ഘാടനച്ചടങ്ങിൽ ഉൾപ്പെടുത്തിയില്ല.അന്തരിച്ച ലീഡർ കെ.കരുണാകരന്റെ പടവും വച്ചു. പക്ഷേ, ജി.സുധാകരന്റെ പടമില്ല. തനിക്കൊരു ക്ഷണക്കത്ത് പോലും ലഭിക്കാത്തതിലാണ് അദ്ദേഹത്തിന് പരിഭവം.ജി.സുധാകരൻ ഇപ്പോൾ യു.ഡി.എഫ് പിന്തുണയിൽ ജയിച്ച എം.എൽ.എയാണ്. എന്നിട്ടും ഇതാണ് സ്ഥിതി.ഇക്കാര്യത്തിൽ എൽ.ഡി.എഫിന്റെ സമീപനം തന്നെയാണ് യു.ഡി.എഫും സ്വീകരിച്ചതെന്ന് അദ്ദേഹം പറയുന്നു. യഥാർത്ഥത്തിൽ, സ്വാഗത പ്രാസംഗിക ഷാനിമോൾ ഉസ്മാനുപോലും പാലം നിർമ്മിച്ചതിൽ ഒരു പങ്കുമില്ലായിരുന്നുവെന്നാണ് ജി.സുധാകരന്റെ വാദം.പാലം നിർമ്മാണവുമായി സഹകരിച്ച വൈക്കം മുൻ എം.എൽ.എ സി.കെ.ആശയെ ക്ഷണിച്ചു വരുത്തിയശേഷം പ്രസംഗിക്കാൻ ക്ഷണിക്കാതെ അപമാനിച്ചതും മര്യാദകേടായി.
'താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ'. അടുത്തകാലം വരെ കണ്ണൂരിൽ സി.പി.എമ്മിന്റെ യുവ സിംഹിണിയും,ഭാവി വാഗ്ദാനവുമായി കരുതപ്പെട്ടിരുന്ന പി.പി.ദിവ്യ കഴിഞ്ഞ ദിവസം ജനറൽ സെക്രട്ടറി എം.എ.ബേബി സഖാവിന് കത്തെഴുതി.രണ്ട് വർഷം മുമ്പ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടി പിൻവലിക്കണം. നഷ്ടപ്പെട്ട ജനാധിപത്യ മഹിളാ അസോസിയേഷൻ
സംസ്ഥാന ഭാരവാഹിത്വം തിരിച്ചു കിട്ടണം. കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ടതിനെ തുടർന്നായിരുന്നു പാർട്ടി നടപടി.ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന നവീൻ ബാബുവിന്റെ യാത്രഅയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെ എത്തിയ അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ നടത്തിയ പരസ്യ അപമാനത്തിന് പിന്നാലെയായിരുന്നു അന്ന് രാത്രി ദുരൂഹ സാഹചര്യത്തിലുള്ള നവീൻ ബാബുവിന്റെ മരണം.
രണ്ടുവർഷത്തെ ഔദ്യോഗിക സർവീസ് ബാക്കിയുണ്ടായിരുന്ന അദ്ദേഹം നാടായ പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റത്തെ തുടർന്ന് മടങ്ങാനിരിക്കുകയായിരുന്നു.സി.പി.എം അനുഭാവികളായിരുന്നു നവീൻ ബാബുവും കുടുംബവും.പാർട്ടി ആ കുടുംബത്തിനൊപ്പമെന്ന് പുറമെ പറഞ്ഞ കണ്ണൂരിലെ നേതൃത്വം, ദിവ്യയെ സഹായിക്കുന്ന നിലപാട് തുടക്കത്തിൽ സ്വീകരിച്ചത് കടുത്ത പ്രതിഷേധത്തിനിടയാക്കി. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഉറച്ച നിലപാടും ജനകീയ രോഷവുമാണ് പുനർചിന്തനത്തിന് പാർട്ടിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞയാഴ്ച ചേർന്ന കണ്ണൂർ വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ ദിവ്യയെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കുമെന്ന്
കേട്ടെങ്കിലും അക്കാര്യത്തിൽ ചർച്ചപോലും നടന്നില്ല. തുടർന്നായിരുന്നു,പാർട്ടിക്കെതിരെ മുന വച്ചുള്ള ദിവ്യയുടെ സാമൂഹ്യ മാദ്ധ്യമ പോസ്റ്റ്.
'ഒരിക്കൽ നമുക്ക് ശരിയെന്ന് തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ല. ചിലതിനോട് നമ്മൾ നന്ദിയുള്ളവരായിരിക്കണം.ചിലതിനെ സ്നേഹത്തോടെ യാത്രയാക്കണം. നമ്മെ ഒരു കരയിൽ നിന്ന് മറുകരയിലേക്ക് എത്തിക്കാൻ സഹായിച്ച ചങ്ങാടത്തെ ജീവിത കാലം മുഴുവൻ ചുമന്നു നടക്കേണ്ടതില്ല.അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല'.ഇതോടെ,ദിവ്യ പാർട്ടി വിടുകയാണെന്ന ശ്രുതി പരന്നു.ദിവ്യ ബി.ജെ.പിയിൽ ചേരുമെന്ന് കേട്ടെങ്കിലും അവിടെ പച്ചക്കൊടി കണ്ടില്ല.'അറയ്ക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരല്ലോ' എന്നായിരുന്നു ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസിന്റെ പ്രതികരണം.ഒടുവിൽ,ഗതികെട്ടായിരുന്നു എം.എ.ബേബിക്കുള്ള കത്തെഴുത്ത്. പാർട്ടി സ്ഥാനങ്ങളിലേക്ക് നാളെ തിരിച്ചെത്തിയാലും, സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ശാപം പി.പി.ദിവ്യയെ വേട്ടയാടിക്കൊണ്ടിരിക്കും.
മഴ പെയ്ത് തീർന്നാലും മരം കുറച്ചു നേരം കൂടി പെയ്തുകൊണ്ടിരിക്കും പക്ഷേ,മരം ഉടനെങ്ങും പെയ്തു തീരുന്ന ലക്ഷണം കോൺഗ്രസിൽ കാണുന്നില്ല.മാത്രമല്ല,തുലാവർഷപ്പെയ്ത്തിനിടയിലും ചേരിതിരിഞ്ഞുളള പോരിന്റെ കാർമേഘങ്ങൾ പാർട്ടിയിൽ ഉരുണ്ടു കൂടുന്നു.കോൺഗ്രസിന് ഭരണം കിട്ടുമ്പോഴൊക്കെ ഗ്രൂപ്പിസവും തമ്മിൽത്തല്ലും കൂടെപ്പിറപ്പാണ്. യു.ഡി.എഫ് കൺവീനറായ തന്നെ ഭരണകാര്യങ്ങളിൽ ഇരുട്ടിൽ നിറുത്തുന്നതിന് മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ആദ്യ വെടി പൊട്ടിച്ചത് അടൂർ പ്രകാശ് എം.പി.പിന്നാലെ, ആണുങ്ങളുടെ സർക്കാരാണെങ്കിൽ മാസപ്പടിക്കേസിൽ പിണറായി വിജയനെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന കെ.സുധാകരന്റെ കുത്തുവാക്ക്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കാൻ കൂട്ടുനിന്നവർക്കെതിരെ ഒളിയമ്പും.
കെ.സുധാകരനെപ്പോലെ തന്നെയും പുകച്ചു പുറത്ത് ചാടിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്ന് അടൂർ പ്രകാശ്. അദ്ദേഹത്തെ അനുകൂലിച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. കെ.സുധാകരനും ജെബി മേത്തർക്കുമെതിരെ വാളോങ്ങി രാജ്മോഹൻ ഉണ്ണിത്താൻ. മുഖ്യമന്ത്രി സതീശനെതിരെ നിരന്തരം ചില നേതാക്കൾ ആരോപണമുന്നയിക്കുമ്പോൾ, 'കർട്ടന് പിന്നിൽ ആരോ ഉണ്ടെ'ന്നാണ് മന്ത്രി കെ.മുരളീധരന്റെ കണ്ടുപിടിത്തം. കോൺഗ്രസിലെ പ്രമുഖ നേതാക്കളുമായി കൂടിയാലോചിച്ചാണ് താൻ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെന്നാണ് വി.ഡി.സതീശന്റെ വാദം.പക്ഷേ,അദ്ദേഹം
ചൂണ്ടിക്കാട്ടുന്ന നേതാക്കളെല്ലാം സ്വന്തം മന്ത്രിസഭയിലുള്ളവർ.
കെ.പി.സി.സി നേതൃത്വം നാഥനില്ലാ കളരിയായിട്ട് മാസങ്ങളായി. സ്വന്തം പാർട്ടി നേതാവായ യു.ഡി.എഫ് കൺവീനറെയും എഴുതിത്തള്ളുന്നത് ഗുണകരമാവുമോ?. ഭരണത്തിലേറി അഞ്ച് മാസമായപ്പോൾ കോൺഗ്രസിൽ കലാപക്കൊടി!.
നുറുങ്ങ്
വിജിലൻസിലെ രണ്ട് സെക്ഷനുകൾ വിവരാവാകാശ നിയമത്തിൽ നിന്നൊഴിവാക്കി. ഉന്നതർക്കെതിരായ അഴിമതിക്കേസ് വിവരങ്ങൾ ഇനി പുറത്തുവരില്ല
♦ആദർശ പ്രസംഗം ഒന്ന്.പ്രവൃത്തി മറ്റൊന്ന്!
(വിദുരരുടെ ഫോൺ: 9946108221)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |