എഴുതിയത് വെറും ഇരുപതു വർഷങ്ങൾ! ആയിരത്തി മുന്നൂറോളം ഗാനങ്ങൾ.
നാൽപ്പത്തിയേഴാം വയസിൽ മരണം. ആ പൊൻതൂലിക ചലിക്കാത്ത അരനൂറ്റാണ്ടു കഴിഞ്ഞിട്ടും മലയാളക്കര ഇന്നും വയലാർ രാമവർമ്മയുടെ ഗാനങ്ങൾ പാടിക്കൊണ്ടിരിക്കുന്നു.
വയലാർ ഗാനങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ആയിരം പാദസരങ്ങൾ കിലുങ്ങി ധാരാളം പാട്ടുകൾ നമ്മുടെ സ്മൃതിപഥത്തിലെത്തും. അന്നത്തെ കഥയ്‌ക്കോ പശ്ചാത്തലത്തിനോ സന്ദർഭത്തിനോ യോജിക്കുന്ന തരത്തിൽ എഴുതിയ പാട്ടുകളാണവയെങ്കിലും കാലം ആ പാട്ടുകളെ ഓമനിച്ചോമനിച്ച് തലമുറകൾക്ക് കൈമാറിക്കൊണ്ടിരിക്കുന്നു.
വയലാർ ഗാനങ്ങൾ ഒട്ടുമിക്കവയും വരികളെഴുതി സംഗീതം ചെയ്തവയാണ്. ഇന്നത്തെ രീതിയിലുള്ള ആദ്യം ട്യൂൺ, പിന്നെ വരികൾ എഴുതുന്ന സമ്പ്രദായം അന്ന് വളരെ അപൂർവമായിരുന്നു. അന്ന് അപൂർവമായിരുന്ന ആ രീതിയിൽ എഴുതപ്പെട്ട വയലാർ ഗാനങ്ങളെ അധികമാരും വിലയിരുത്തിയിട്ടില്ല. പ്രതിഭയുള്ള സംഗീതസംവിധായകനും പ്രതിഭയുള്ള രചയിതാവും ചേർന്നാൽ പാട്ടെഴുതി ട്യൂണിട്ടാലും ട്യൂണിട്ടു പാട്ടെഴുതിയാലും അവ ഒരുപോലെ മികച്ചുനിൽക്കും.
വയലാർ- സലിൽ ചൗധരി കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ തന്നെ അതിന് ഉത്തമമായ ഉദാഹരണങ്ങളാണ്. ഒരു കടപ്പുറം ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന 'ചെമ്മീൻ' എന്ന റിയലിസ്റ്റിക് സിനിമയിൽ പ്രണയത്തിനും കടലോരനിവാസികളുടെ വിശ്വാസപ്രമാണങ്ങൾക്കും ഏറെ പ്രാധാന്യമുണ്ട്. ബംഗാളി നാടോടി സംഗീതവും പാശ്ചാത്യ പൗരസ്ത്യ ക്ലാസിക്കൽ സംഗീതവും സമഞ്ജസിപ്പിച്ച് പാട്ടുകൾ ചെയ്തുകൊണ്ടിരുന്ന സലിൽ ചൗധരി കടലിലെ വന്യതയ്ക്കും കരയിലെ ജീവിതത്തിന്റെ താളത്തിനും പ്രണയത്തിനും വിരഹത്തിനും ചേർന്ന സംഗീതമൊരുക്കിയത് സമാനതകളില്ലാത്ത ഒരു അത്ഭുതമാണ്.
തികച്ചും വ്യത്യസ്തമായ ആ സംഗീതത്തിനനുസരിച്ച് കഥാസന്ദർഭവും പശ്ചാത്തലവും വിടാതെ വരികളെഴുതുന്നത് അതിദുഷ്‌കരമായിരുന്നെങ്കിലും വയലാർ തന്മയത്വത്തോടെ പ്രതിഭാവിലാസത്തിന്റെ കൈയൊപ്പു ചാർത്തി ആ വരികൾ കുറിച്ചു. കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനേ അടങ്ങുകില്ല.. എന്ന് മന്നാഡേ ഹിന്ദി ഉച്ചാരണത്തിൽ പാടിയെങ്കിലും അതു നമ്മുടെ മനസിനെ ഇപ്പോഴും വല്ലാതെ നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
കടലിന്നക്കരെപ്പോണോരേ/കാണാപ്പൊന്നിനു പോണോരേ/ പോയ് വരുമ്പോഴെന്തുകൊണ്ടുവരും... തുടങ്ങിയ ചെമ്മീനിലെ എല്ലാ പാട്ടുകളുമുണ്ടായത് മാന്ത്രിക സംഗീതത്തിന് മാന്ത്രിക വരികൾ ചേർന്നപ്പോഴാണ്. ഇതേ സലിൽ ചൗധരി 'ഏഴു രാത്രികൾ' എന്ന സിനിമയിൽ ട്യൂണിട്ട് വയലാർ എഴുതിയ വരികൾ മറ്റൊരു വ്യത്യസ്തമായ വിസ്മയമാണ് നമുക്കു നൽകിയത്. വയനാടിന്റെ പശ്ചാത്തലത്തിൽ എടുത്ത 'നെല്ല്' എന്ന സിനിമയിലെ ഗാനങ്ങളും സലിൽദായുടെ തികച്ചും വ്യത്യസ്തമായ താളത്തിന് എഴുതിയ അർത്ഥവത്തായ വരികൾ എന്നും നമ്മുടെ മനസിൽ തങ്ങിനിൽക്കുന്നവയാണ്. ഹിന്ദി സിനിമാ സംഗീതത്തിലെ ഇതിഹാസങ്ങളായ ലക്ഷ്മീകാന്ത് പ്യാരേലാൽ സംഗീത സംവിധാനം നിർവഹിച്ച വിധി എന്ന ഡബ് ചെയ്ത ചിത്രത്തിൽ മനോഹരമായ വരികൾ എഴുതിയത് വയലാർ ആയിരുന്നു.
(ലേഖകന്റെ ഫോൺ: 9447055050)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |